2018ല്‍ രൂപീകൃതമായ ഒരു ക്ലബ്ബ്, ഹോം സ്‌റ്റേഡിയത്തില്‍ ഉള്‍ക്കൊളളാന്‍ കഴിയുന്ന കാണികളുടെ എണ്ണം വെറും 18,000. തങ്ങള്‍ കളിക്കുന്ന ലീഗാകട്ടെ ലോകത്തിലെ തന്നെ പ്രമുഖ ലീഗുകളുമായി താരതമ്യം ചെയ്താല്‍ അപ്രസക്തവും. ഫുട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസിയുടെ പുതിയ ക്ലബ്ബായ ഇന്റര്‍ മിയാമിക്ക് നല്‍കാന്‍ കഴിയുന്ന വിശേഷണങ്ങളാണിവ.1996ല്‍ മാത്രം ആരംഭിച്ച മേജര്‍ സോക്കര്‍ ലീഗിലേക്ക് 2020ല്‍ കടന്നെത്തിയ ഈ പുത്തന്‍ ക്ലബ്ബിലേക്ക് ഫുട്‌ബോളിലെ ഈ തലമുറയിലെ മികച്ച താരങ്ങളിലൊരാളായ ലിയോ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും മെസിയുടെ അടുത്ത ചേക്കേറല്‍ അങ്ങോട്ടേക്കായിരിക്കുമെന്ന് കടുത്ത ആരാധകര്‍ പോയിട്ട് കടുത്ത വിമര്‍ശകര്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
ഡേവിഡ് ബെക്കാമെന്ന ഇംഗ്ലീഷ് ഫുട്‌ബോളിലെ മികച്ച താരവും, ഫാഷണ്‍ ഐക്കണുമായ പ്രതിഭയുടെ സഹ ഉടമസ്ഥതയിലുളള ക്ലബ്ബിലേക്ക് മെസി എത്തപ്പെട്ടതോടെ ഇന്റര്‍ മയാമിയെക്കുറിച്ചുളള ചര്‍ച്ചയിലാണ് ഫുട്‌ബോള്‍ ലോകം. 2018ല്‍ രൂപവത്ക്കരിക്കപ്പെട്ട് 2020ല്‍ എം.എല്‍.എസില്‍ എത്തിയ ഇന്റര്‍ മയാമിയുടെ ലീഗിലെ ആദ്യ മത്സരം 2020 മാര്‍ച്ച് ഒന്നിനായിരുന്നു. പ്രസ്തുത മത്സരത്തില്‍ ലോസ് ഏഞ്ചല്‍സ് എഫ്.സിയോട് അവരുടെ ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റുകൊണ്ട് തുടങ്ങിയ ക്ലബ്ബിന് പക്ഷേ ലീഗില്‍ ഇതുവരേക്കും ശ്രദ്ധേയമായ പ്രകടനമൊന്നും കാഴ്ച്ച വെക്കാന്‍ കഴിഞ്ഞിട്ടില്ല.
26 അമേരിക്കന്‍ ക്ലബ്ബുകളും 3 കനേഡിയന്‍ ക്ലബ്ബുകളും കളിക്കുന്ന പ്രസ്തുത ലീഗില്‍ നിലവില്‍ ഈസ്റ്റണ്‍ കോണ്‍ഫറന്‍സ് സ്റ്റേജില്‍ 16 മത്സരങ്ങളില്‍ നിന്നും വെറും അഞ്ച് മത്സരങ്ങള്‍ മാത്രം വിജയിച്ച് അവസാന സ്ഥാനത്താണ്. 2020ല്‍ 19-ാം സ്ഥാനത്തും 2021ല്‍ 20-ാം സ്ഥാനത്തും 2022ല്‍ 12-ാം സ്ഥാനത്തും മാത്രമാണ് ക്ലബ്ബിന് ലീഗില്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ആറാമത് ഫിനിഷ് ചെയ്ത് പ്ലേ ഓഫ് റൗണ്ടില്‍ പുറത്തായതാണ് ക്ലബ്ബിന്റെ ഇതുവരെയുളള മികച്ച നേട്ടം.
മികച്ച പ്രകടനങ്ങളൊന്നും ലീഗില്‍ കാഴ്ച്ച വെക്കാന്‍ സാധിച്ചില്ലെങ്കിലും അര്‍ജന്റിനയുടെ സൂപ്പര്‍ താരമായ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ മയാമിയില്‍ കളിക്കുകയും 2021,2022 സീസണില്‍ ക്ലബ്ബിന്റെ ടോപ്പ് സ്‌കോററാവുകയും ചെയ്തിരുന്നു.
മെസിയുടെ ഇന്റര്‍ മയാമി പ്രവേശനത്തിന് ശേഷം ലോക പ്രശസ്തമായ ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനുമായി മയാമിക്ക് ബന്ധമുണ്ടോ എന്ന ചര്‍ച്ചകള്‍ സമൂഹ മാധ്യമങ്ങളിലടക്കം സജീവമായിരുന്നു.
ഇന്റര്‍ എന്ന പേര് ഇരു ക്ലബ്ബുകള്‍ക്കുമിടയില്‍ തര്‍ക്കത്തിന് കാരണമാവുകയും കേസ് കോടതിയിലെത്തുകയും ചെയ്തിരുന്നു. അമേരിക്കയില്‍ ഇന്റര്‍ എന്ന നാമം കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ ചൊല്ലി ഉടലെടുത്ത ഈ തര്‍ക്കത്തില്‍ എന്നാല്‍ ഇരു ക്ലബ്ബുകളും വിജയിച്ചില്ല.
ബാഴ്‌സയിലും, പി.എസ്.ജിയിലും കളിച്ചതിന് ശേഷം മെസി യൂറോപ്പിന് വെളിയിലേക്ക് ആദ്യമായി പോരാട്ടത്തിനിറങ്ങുമ്പോള്‍ ക്ലബ്ബിനെ പ്രതിയെന്നവണ്ണം ലീഗിനെ സംബന്ധിച്ചും ആരാധകര്‍ ആശങ്കയിലാണ്. ലോക റാങ്കില്‍ വളരെ താഴെയുളള, ഇന്ത്യയില്‍ ആപ്പിള്‍ ടി.വിയില്‍ മാത്രം സംപ്രക്ഷണമുളള, ഫുട്‌ബോള്‍ ലീഗുകളുടെ ഏറ്റവും ആവേശകരമായ ഘടകമായ പ്രെമോഷനും, റെലിഗേഷനും ഇല്ലാത്ത ഫാന്‍സി ലീഗ് എന്ന് വിളിച്ച് വിമര്‍ശകര്‍ പരിഹസിക്കുന്ന ലീഗിലെ മെസിയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമാകെയുളള ഫുട്‌ബോള്‍ ആരാധകര്‍.
Comments are closed for this post.