2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘പുല്‍വാമയില്‍ ആദരമര്‍പ്പിക്കാന്‍ പോയ എന്നെ അവര്‍ റൂമില്‍ പൂട്ടിയിട്ടു’; ആരോപണവുമായി രാഹുല്‍ ഗാന്ധി

പുല്‍വാമയില്‍ ആദരമര്‍പ്പിക്കാന്‍ പോയ എന്നെ അവര്‍ റൂമില്‍ പൂട്ടിയിട്ടു

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാന്‍ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെയുണ്ടായിരുന്നു. അവിടെ നിന്ന് പുറത്തുകടക്കുവാന്‍ തനിക്ക് പ്രതിഷേധിക്കേണ്ടി വന്നുവെന്നും രാഹുല്‍ പറഞ്ഞു. ഈ സംഭവം തീര്‍ത്തും അരോചകമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും സംഭാഷണത്തിന്റെ വീഡിയോ പുറത്തുവന്നു.

രാഹുല്‍ ഗാന്ധി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. പുല്‍വാമ ആക്രമണം, ജമ്മു കശ്മീരിലെ സാഹചര്യം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് സത്യപാല്‍ മാലിക് കുറ്റപ്പെടുത്തി. ‘ഇത് ഞങ്ങളുടെ പിഴവാണെന്ന് ഞാന്‍ രണ്ട് ചാനലുകളോട് പറഞ്ഞു. എന്നാല്‍ ഇത് മറ്റെവിടെയും പറയരുതെന്ന് എന്നോട് ആവശ്യപ്പെട്ടു… എന്റെ മൊഴി അന്വേഷണത്തെ ബാധിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ അന്വേഷണം ഒന്നുമുണ്ടായില്ല. അത് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുകയാണുണ്ടായത്,’ സത്യപാല്‍ മാലിക് പറഞ്ഞു.

എന്തുകൊണ്ടാണ് പുല്‍വാമ സംഭവം നടന്നത്. സിആര്‍പിഎഫ് അഞ്ച് എയര്‍ക്രാഫ്റ്റാണ് ആവശ്യപ്പെട്ടത്. ആ വിവരം ആഭ്യന്തര മന്ത്രാലയത്തിലേക്കാണ് വന്നത്. തന്നോട് ചോദിച്ചിരുന്നുവെങ്കില്‍ അത് ഉടന്‍ നല്‍കുമായിരുന്നു. മുമ്പ് മഞ്ഞുമലയില്‍ കുടുങ്ങി കിടന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ എയര്‍ക്രാഫ്റ്റ് എത്തിച്ചുകൊടുത്ത സാഹചര്യമുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ എയര്‍ക്രാഫ്റ്റ് വാടകയ്ക്ക് എടുക്കുന്നത് എളുപ്പമാണ്. പക്ഷേ അവരുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയത്തില്‍ നാല് മാസത്തോളം കെട്ടി കിടക്കുന്ന അവസ്ഥയുണ്ടായി. അതിന് ശേഷം അത് നിരസിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷിതമല്ലാത്ത പാത സ്വീകരിക്കേണ്ടി വന്നതെന്ന് സത്യപാല്‍ മാലിക് പറഞ്ഞു.

   

സിആര്‍പിഎഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയ സ്‌ഫോടകവസ്തു നിറച്ച ട്രക്ക് 1012 ദിവസത്തോളം ആ പ്രദേശത്തുണ്ടായിരുന്നു. സ്‌ഫോടകവസ്തുക്കള്‍ പാകിസ്താനില്‍ നിന്നാണെത്തിയത്. വാഹനത്തിന്റെ ഡ്രൈവറും ഉടമയും മുമ്പ് പലതവണ തീവ്രവാദി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് വിട്ടയക്കപെട്ടവരാണ്. അവര്‍ എന്തുകൊണ്ട് ഇന്റലിജന്‍സിന്റെ റഡാറില്‍ ഉണ്ടായിരുന്നില്ലെന്ന് സത്യപാല്‍ മാലിക് ചോദിച്ചു.

മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മണിപ്പൂരില്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് സത്യപാല്‍ മാലിക് പറഞ്ഞു. എന്നാല്‍ അത് ആറ് മാസത്തേക്ക് മാത്രമാണ്. ഈ മുന്നണി വീണ്ടും അധികാരത്തില്‍ വരില്ലെന്ന് താന്‍ എഴുതിത്തരാമെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.