2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ പദ്ധതിയുണ്ടോ? ഈ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളെ അവഗണിക്കരുത്

വിദേശ രാജ്യങ്ങളില്‍ തൊഴിലിലെന്നതിന് പോലെ തന്നെ പഠനത്തിനായും പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. പ്രേത്യേകിച്ചും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നുള്‍പ്പെടെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വിദ്യാഭ്യാസ ആവശ്യത്തിനായി കടല്‍ കടക്കുന്നത്. 2022 ല്‍ 7.70 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിദേശത്ത് പഠനത്തിനായി പോയത്. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഈ അളവില്‍ വലിയ തോതിലുളള വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ തന്നെ വിദേശത്തേക്ക് പഠനത്തിനായി പോകുന്നവര്‍ മികച്ച യൂണിവേഴ്‌സിറ്റിയും, മികച്ച രാജ്യങ്ങളുമാണ് പഠനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റികളെ പരിശോധിച്ചാല്‍ അതില്‍ ആദ്യ 100 സ്ഥാനങ്ങളില്‍ വരുന്ന സര്‍വ്വകലാശാലകളില്‍ 52 എണ്ണവും, നാല് രാജ്യങ്ങളില്‍ നിന്നുളളതാണെന്ന് കണ്ടെത്താന്‍ സാധിക്കും.അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ,യു.കെ മുതലായ രാജ്യങ്ങളില്‍ നിന്നുളള സര്‍വ്വകലാശാലകളാണ് ലോകത്തിലെ തന്നെ മികച്ച സര്‍വ്വകലാശാലകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മികച്ചതും ഗുണമേന്മയുളളതുമായ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍, ഈ രാജ്യങ്ങളില്‍ നിന്നുളള മുന്‍നിര സര്‍വ്വകലാശാലകള്‍ തന്നെ കഴിവതും പഠനത്തിനായി തെരെഞ്ഞെടുക്കോണ്ടത് അത്യന്താപേക്ഷിതമാണ്.

അമേരിക്ക

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സാധ്യതകളാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ദീര്‍ഘ പാരമ്പര്യമുള്ള വിവിധ സര്‍വകലാശാലകള്‍ അമേരിക്കയുടെ പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായിക ട്രെന്‍ഡുകള്‍ നിരീക്ഷിക്കാനും ലോകത്തെ മുന്‍നിര ആഗോള കമ്പനികളുമായി ഇന്റേണ്‍ഷിപ്പ് / തൊഴിലവസരങ്ങള്‍ കണ്ടെത്താനുമുള്ള അവസരങ്ങള്‍ ലഭിക്കും.

പ്രൊഫഷണലായി വളരാന്‍ സഹായിക്കുന്ന നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ കൂടുതലുള്ള ഇടങ്ങളിലൊന്നാണ് അമേരിക്ക എന്നതും ശ്രദ്ധിക്കേണ്ടതാണ്. വലിയ സമ്പദ്വ്യവസ്ഥയില്‍ മികച്ച കരിയര്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തെ പ്രമുഖ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അമേരിക്ക മികച്ച തിരഞ്ഞെടുപ്പാകുന്നത് ഇതിനാലൊക്കെയാണ്.

യു.കെ

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ളതും ലോകത്തിലെ പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിട്ടണിലാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസത്തെ മികച്ചതാക്കുന്നത് കര്‍ശനമായ മാനദണ്ഡങ്ങള്‍ തന്നെയാണ്. എല്ലാ കോളേജുകളിലെയും സര്‍വകലാശാലകളിലെയും പഠന നിലവാരം വിലയിരുത്താന്‍ ക്വാളിറ്റി അഷ്വറന്‍സ് ഏജന്‍സി എന്ന സ്വതന്ത്ര സ്ഥാപനം യുകെയിലുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളില്‍ മുന്‍?ഗണന നേടാനും യുകെ വിദ്യാഭ്യാസത്തിന് പരിഗണിക്കാം. ജേണലുകള്‍, ഫാക്കല്‍റ്റികള്‍, ലബോറട്ടറികള്‍, ഗവേഷണം ബന്ധപ്പെട്ട കാര്യങ്ങളിലെ മികച്ച നിലവാരമുള്ള സൗകര്യങ്ങളും ബ്രിട്ടണിലാണ്. ഗവേഷണം, വ്യത്യസ്ത തരം സംസ്‌കാരങ്ങള്‍ അനുഭവിക്കാനോ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുകെ മികച്ച തിരഞ്ഞെടുപ്പാണ്.

ഓസ്‌ട്രേലിയ

വിദേശത്ത് പഠനം ആ?ഗ്രഹിക്കുന്നവരുടെ മുന്‍നിരയിലുള്ള ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം വിദേശ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാറിന്റെ ശക്തമായ പിന്തുണയും ഓസ്‌ട്രേലിയയെ ഇഷ്ട ഇടമാക്കി മാറ്റുന്നു. അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 200 മില്ല്യണ്‍ യൂറോ ആണ് ചെലവഴിക്കുന്നത്.

മിക്ക സ്‌കോളര്‍ഷിപ്പുകളിലും ട്യൂഷന്‍ ഫീസ് ഉള്‍ക്കൊള്ളുന്നുണ്ട്. ഇതോടൊപ്പം ഗവേഷണ പദ്ധതികളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത ചെലവും സ്‌കോളര്‍ഷിപ്പ് വഴി ഉപയോ?ഗപ്പെടുത്താന്‍ സാധിച്ചേക്കാം. താങ്ങാനാവുന്ന വിദ്യാഭ്യാസവും ജീവിത ചെലവും ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ വര്‍ഷത്തില്‍ ഓസ്ട്രേലിയയിലെത്തിക്കുന്നുണ്ട്.

ഓസ്ട്രേലിയയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമുള്ള കാര്യമാണ്. വിദേശത്തേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഓസ്‌ട്രേലിയ ഇതിനാല്‍ തന്നെ മികച്ച തിരഞ്ഞെടുപ്പാണ്. സൗഹാര്‍ദ്ദപരമായ നഗരങ്ങള്‍, മികച്ച റാങ്കുള്ള സര്‍വ്വകലാശാലകള്‍, താരതമ്യേന കുറഞ്ഞ വിദ്യാഭ്യാസ ചെലവ് എന്നിവ ഓസ്‌ട്രേലിയന്‍ പഠനത്തിന് മുന്‍തൂക്കം നല്‍കുന്നു.

കാനഡ

വിദേശത്ത് പഠിക്കാനും സ്ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത് കാനഡയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ നിന്ന് നിന്ന് സ്ഥിരതാമസ നിലയിലേക്ക് മാറുമ്പോള്‍ കാനഡയില്‍ പഠിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കാനഡ എക്സ്പ്രസ് എന്‍ട്രിയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷന്‍ സംവിധാനത്തില്‍ അധിക പോയിന്റുകള്‍ ലഭിക്കും. ഇത് കോഴ്സിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും. കാനഡയിലെ ശക്തമായ ഇന്ത്യന്‍ സമൂഹം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. പുതിയ അന്തരീക്ഷവുമായി എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ സഹായിക്കുന്നൊരു ഘടകമാണിത്.

Content Highlights:these country’s have best universities to study abroad

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.