2023 November 30 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചോരവീഴ്ത്തിയവര്‍ക്കുമുണ്ടാകും മറുവാദങ്ങള്‍, എങ്കിലും കൊലക്കത്തി രാഷ്ട്രീയം ഇനിയും വേണോ കാംപസുകളില്‍

   

അഭിമന്യു, അനീഷ് രാജന്‍, ധീരജ്. പേരുകളേ മാറുന്നുള്ളൂ. പലപ്പോഴും അവര്‍ പിടിക്കുന്ന കൊടിയുടെ നിറവും മാറുന്നു. പക്ഷേ അപ്പോഴും കഠാരമുനയില്‍ പിടഞ്ഞു വീഴുന്നവരുടെ ചോരയ്ക്ക് ഒരേ നിറമാണ്. അവരുടെ വീടുകളില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് ഒരേ സങ്കടങ്ങളാണ്. അവരുടെ നഷ്ടക്കണക്കിന് പരിഹാരമാകാന്‍ രക്തസാക്ഷിയുടെ ബഹുമതി മതിയാകില്ല. നാട്ടിലുയര്‍ത്തുന്ന സ്മാരകങ്ങള്‍ കൊണ്ട് കുടുംബങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പകരമാകുകയുമില്ല.

അരനൂറ്റാണ്ടിനിടെ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐക്ക് മാത്രം നഷ്ടമായത് 35 സഹപ്രവര്‍ത്തകരേയാണെന്നാണ് അവര്‍ തന്നെ അവകാശപ്പെടുന്നത്. 1971 ഒക്ടോബര്‍ എട്ടിന് തിരുവനന്തപുരം എം.ജി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ദേവപാലന്‍മുതല്‍ ഇന്നലെ പൈനാവ് എന്‍ജിനിയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജ് വരെയുണ്ട് അക്കൂട്ടത്തില്‍. എന്നാല്‍ അവര്‍ വകവരുത്തിയവരുടെ കണക്ക് മാത്രം അവര്‍ പറയില്ല. അത് എതിര്‍സംഘടന ഉയര്‍ത്തിക്കാട്ടുന്നു. സഹതാപവും സ്മാരകവും ഉയര്‍ത്താന്‍ ഉപയോഗിക്കുന്നുണ്ടാകും.

കാംപസുകളുടെ കളിക്കളങ്ങളിലും ക്ലാസ്മുറികളിലും ചോരവീഴ്ത്തിയവരുടെ പേരുവിവരങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടതില്ല. എല്ലാവര്‍ക്കുമുണ്ടാകും എല്ലാത്തിനും ഓരോരോ കാരണങ്ങള്‍, മറുവാദങ്ങള്‍, ന്യായീകരണങ്ങള്‍. അതമ്മയെ തല്ലിയാലുമുണ്ടാകുമല്ലോ. അതിന്റെ പേരിലെ പ്രതിഷേധങ്ങള്‍, പഠിപ്പു മുടക്കലുകള്‍, അക്രമ സമരങ്ങള്‍…എല്ലാം ചേര്‍ത്തു തൂക്കി നോക്കുക. ആര്‍ക്കാണ് ലാഭം. ?

രക്തസാക്ഷികളുടെ ചോരകൊണ്ട് ഇവിടെ വിദ്യാര്‍ഥിസംഘടനകള്‍ തടിച്ചു വീര്‍ക്കുന്നു. അവരുടെ കുടുംബത്തെ ദത്തെടുത്തും സ്മാകരങ്ങള്‍ നിര്‍മിച്ചും പാര്‍ട്ടികള്‍ക്ക് മുതല്‍കൂട്ടാവുന്നു. അതിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നു. ഇന്നലെ കൊല്ലപ്പെട്ട ധീരജിനെ അന്ത്യയാത്രയൊരുക്കാന്‍ ആറടിമണ്ണുകൂടി ഉണ്ടായിരുന്നില്ല. രായ്ക്കുരാമാനം അതിനുള്ള മണ്ണ് പാര്‍ട്ടി വാങ്ങി കഴിഞ്ഞു. അവിടെ അന്ത്യനിദ്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ധീരജ് സജീവ സംഘടനാ പ്രവര്‍ത്തകനായിരുന്നില്ല. അവന്റെ കുടുംബവും. എന്നിട്ടും കൊന്നത് കെ.എസ്.യുക്കാരായപ്പോള്‍ എത്രപെട്ടെന്നാണ് വര്‍ഗബോധം ഉണര്‍ന്നത്. ഇനി എല്ലാം പാര്‍ട്ടി തണലില്‍ മാത്രം. ജീവിച്ചിരിക്കുന്നവര്‍ക്ക് സഹായമാകൂ സഖാക്കളേ. മരിച്ചവരേ അടക്കാനല്ല ഭൂമിവാങ്ങി വൃഗ്രത കാണിക്കേണ്ടത്. ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയാണ്.
കേരളത്തിലെ ക്യാമ്പസുകളില്‍ 60 ശതമാനത്തിലേറെയും പെണ്‍കുട്ടികളാണ്. പലര്‍ക്കും ക്യാംപസ് രാഷ്ട്രീയത്തോട് ഒരു താത്പര്യവുമില്ല.
അതുകൊണ്ടുതന്നെ ഈ കൊലക്കത്തി രാഷ്ട്രീയത്തെ കാംപസുകളില്‍ നിന്നു പടികടത്തിയാല്‍ അതാകും കാംപസുകള്‍ക്ക് നല്ലത്. എന്നാല്‍ മക്കളെ പഠിക്കാനയക്കുന്ന ഒരച്ഛനും ഇതുപോലെ വേവലാതി പെടേണ്ടി വരില്ല. ഒരമ്മയ്ക്കും ഇത്രയേറെ കണ്ണീരു കുടിക്കേണ്ടിയും വരില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.