ഒട്ടാവ: ഹിന്ദു വിഭാഗക്കാര്‍ രാജ്യം വിടണമെന്ന ഭീഷണി സന്ദേശം തള്ളി കാനഡ പൊതുസുരക്ഷാ മന്ത്രാലയം. വെറുപ്പിന് കാനഡയില്‍ സ്ഥാനമില്ലെന്നും എല്ലാവരും സുരക്ഷതരാണെന്നും പൊതുസുരക്ഷാ മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോം വഴി അറിയിച്ചു.
വെറുപ്പിന് കാനഡയില്‍ സ്ഥാനമില്ല. ഹിന്ദു കനേഡിയന്‍മാരോട് കാനഡ വിടാന്‍ ആവശ്യപ്പെടുന്ന ഒരു ഓണ്‍ലൈന്‍ വീഡിയോ പ്രചരിക്കുന്നുണ്ട്. അത് നിനിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണ്, മാത്രമല്ല അത് കനേഡിയന്‍മാരെ അപമാനിക്കുന്നതാണ്. ഞങ്ങള്‍ ആദരിക്കുന്ന മൂല്യങ്ങളെ അവഹേളിക്കുന്നതാണ്’- ഒരു ട്വീറ്റില്‍ പറയുന്നു.
ആക്രമണം, വിദ്വേഷം, ഭീഷണിപ്പെടുത്തല്‍ അല്ലെങ്കില്‍ ഭയം പ്രേരിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് ഈ രാജ്യത്ത് സ്ഥാനമില്ല, അത് നമ്മെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. പരസ്പരം ബഹുമാനിക്കാനും നിയമവാഴ്ച പിന്തുടരാനും ഞങ്ങള്‍ എല്ലാ കനേഡിയന്‍മാരോടും അഭ്യര്‍ത്ഥിക്കുന്നു. കനേഡിയന്‍മാര്‍ അവരുടെ കമ്മ്യൂണിറ്റികളില്‍ സുരക്ഷിതത്വം അനുഭവിക്കാന്‍ അര്‍ഹരാണ്- ഇങ്ങനെയാണ് മറ്റൊരു ട്വീറ്റ്.
ഹിന്ദു കനേഡിയന്‍സിന് നേരെ ആക്രമണമുണ്ടാവണമെന്നും കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജനായ എം.പി ചന്ദ്ര ആര്യയുടെ വീഡിയോ സന്ദേശം പുറത്തു വന്നിരുന്നു.
അതിനിടെ ഇന്ത്യ-കാനഡ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്ത്യക്ക് എതിരായ ആരോപണം ആവര്‍ത്തിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും രംഗത്ത് വന്നു. ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലയ്ക്കു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് ട്രൂഡോ ആരോപിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉത്തരവിലാണ് തന്റെ രാജ്യം നിലകൊള്ളുന്നതെന്നും ട്രൂഡോ വ്യക്തമാക്കി.
അതേസമയം കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബ് , ഡല്‍ഹി , ഹരിയാന എന്നിവിടങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി. സിഖ് ഫോര്‍ ജസ്റ്റിസ് അടക്കമുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ ഈ മാസം 25നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ വിസ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് കാനഡയിലെ വിസ അപേക്ഷ പോര്‍ട്ടലായ ബിഎല്‍എസ് ആണ് അറിയിച്ചത്. ഇതോടെ കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ തയ്യാറെടുത്തവരുടെ യാത്ര മുടങ്ങും. ഇന്ത്യന്‍ പൗരന്മാര്‍ വിസ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് കാനഡ പോകുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കാനഡക്കെതിരെ നടപടി കടുപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതിനിടെ, കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് സുഖ്ബൂല്‍ സിങ് വെടിയേറ്റ് കൊല്ലപ്പെട്ടു.ഹര്‍ദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെയാണ് സുഖ്ബൂല്‍ സിങ്ങിന്റെ കൊലപാതകം. ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Comments are closed for this post.