2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പെരുന്നാള്‍ അവധിയില്‍ സാമൂഹ്യനീതിയില്ലെന്ന ആക്ഷേപം ശക്തം

 

പാലക്കാട്: പെരുന്നാള്‍ അവധിയില്‍ വിവേചനം കാണിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. കാലാകാലങ്ങളില്‍ പൊതുഭരണവകുപ്പ് തയാറാക്കുന്ന വാര്‍ഷിക അവധി കലണ്ടറില്‍ സ്ഥിരമായി പെരുന്നാള്‍ അവധിയില്‍ വിവേചനം കാണിക്കുന്നുവെന്ന പരാതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. കേരളത്തിലെ പ്രധാന ആഘോഷങ്ങളായ ഓണം, ക്രിസ്തുമസ് സമയങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ പത്തു ദിവസം അവധി നല്‍കുമ്പോള്‍ ചെറിയ പെരുന്നാളിനും ബലി പെരുനാളിനും മൂന്നുദിവസം വീതമെങ്കിലും അവധി അനുവദിക്കണമെന്ന ആവശ്യമാണ് അവഗണിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റയുടനെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. പെരുന്നാള്‍ അവധിയുടെകാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രി നേതാക്കള്‍ക്ക് നല്‍കിയെങ്കിലും പൊതുഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ നീക്കം അട്ടിമറിക്കുകയായിരുന്നു.

ഇത്തവണ ബലിപെരുന്നാള്‍ ഞായറാഴ്ചയായതിനാല്‍ പ്രത്യേക അവധി ആവശ്യമായി വന്നില്ല. എന്നാല്‍, തിങ്കളാഴ്ച അവധി നല്‍കാതിരുന്നതിനാല്‍ വിദൂര സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും മറ്റും അസൗകര്യമായി. മാത്രമല്ല, ഞായറാഴ്ചകളില്‍ പെരുന്നാള്‍ വരുന്ന ഘട്ടങ്ങളില്‍ അടുത്തദിവസം അവധി അനുവദിക്കാറുണ്ടായിരുന്നു. ഇപ്രാവശ്യം അതും ഉണ്ടായില്ല.

   

പെരുന്നാളിന് തലേന്നും പിറ്റേന്നും അവധി അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി ആവശ്യമുന്നയിക്കണമെന്ന് എസ്.വൈ.എസ് വര്‍ക്ിംങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആവശ്യപ്പെട്ടു. കാലങ്ങളായി മുസ് ലിം സംഘടനകള്‍ ആവശ്യപ്പെടുന്നതാണ് പെരുന്നാളിന് മൂന്നുദിവസം അവധി എന്നത്. എന്നാല്‍, മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരമായ നടപടി ആണെന്നും ഒരാഴ്ച മുമ്പ് കത്തുനല്‍കിയതാണെന്നും ടി.വി ഇബ്‌റാഹീം എം.എല്‍.എ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.