റിയാദ്: സഊദിയിൽ പുതിയ സെൻസസ് കണക്കുകൾ പുറത്ത് വിട്ടു. ഏറ്റവും പുതിയ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 3.21 കോടിയായി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. രാജ്യത്തെ 3,21,75,224 ആളുകളിൽ 58 ശതമാനം സഊദി പൗരന്മാരും ബാക്കി 42 ശതമാനം വിദേശികളുമാണ്. 1.88 കോടി പൗരന്മാരാണ് സഊദിയിലുള്ളത്. 1.33 കോടി ആളുകൾ വിദേശികളാണ്.
രാജ്യത്തെ 1.338 കോടി വിദേശികളില്‍ ബംഗ്ലാദേശ് പൗരന്മാരാണ് ഏറ്റവും കൂടുതൽ. രാജ്യത്തെ മൊത്തം വിദേശ ജനസംഖ്യയുടെ 15.8 ശതമാനമാണ് ബംഗ്ലാദേശികൾ. 21.2 ലക്ഷം ബംഗ്ലാദേശ് പൗരന്മാരാണ് സഊദിയില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്കുകൾ. തൊട്ടുപിന്നിൽ ഏറ്റവും കൂടുതലുള്ള വിദേശികൾ ഇന്ത്യക്കാരാണ്. 18.8 ലക്ഷമാണ് ഇന്ത്യക്കാരുള്ളത് വിദേശ ജനസംഖ്യയുടെ 14 ശതമാനം വരുമിത്. പാകിസ്ഥാന്‍, യെമന്‍, ഈജിപ്ത് പൗരന്മാരാണ് വിദേശ ജനസംഖ്യയില്‍ തൊട്ടുപിന്നാലെ. വിദേശികളിൽ പുരുഷന്മാർ 76 ശതമാനമാണ് രേഖപ്പെടുത്തിയത്.
പുതിയ സെൻസസ് പ്രകാരം 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ് രാജ്യത്തുള്ളത്. ജനസംഖ്യയുടെ കാര്യത്തിൽ തലസ്ഥാന നഗരിയായ റിയാദ് ആണ് മുന്നിൽ. ജിദ്ദ, മക്ക, മദീന, ദമാം എന്നിങ്ങനെയാണ് പിന്നീട് വരുന്നത്. ആകെ 4.2 ദശലക്ഷം സഊദി കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.8 ആണ്. സഊദിയിലുള്ള വിദേശികളുടെ കുടുംബാംഗങ്ങളുടെ ശരാശരി വലിപ്പം ഒരു കുടുംബത്തിന് 2.7 അംഗങ്ങളാണ്. ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സാണെങ്കിലും സഊദികളുടെ ശരാശരി പ്രായം 25 വയസ്സാണ്. 30 വയസ്സിന് താഴെയുള്ള സഊദികൾ സഊദികളുടെ മൊത്തം എണ്ണത്തിന്റെ 63 ശതമാനത്തിലെത്തി നിൽക്കുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാജാവിന്റെയും കിരീടാവകാശിയുടെയും പരിപൂർണ പിന്തുണയോടെയാണ് സെൻസസ് പൂർത്തിയാക്കിയതെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹീം വ്യക്തമാക്കി.
Comments are closed for this post.