2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലോകം ചുറ്റിയ മൊയ്തു കിഴിശ്ശേരി ഇനി ഓര്‍മ്മ

എ.കെ ഫസലുറഹ്മാന്‍

 
 
10ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍, തനി മലപ്പുറത്തെ തനി നാട്ടിന്‍പുറത്തുകാരനായ മൊയ്തു കിഴിശ്ശേരി ഇനി ഓര്‍മ്മ. 
 
പത്തിദിവസം മുന്നെ വീട്ടില്‍ വെച്ച് സംഭവിച്ച അപകടത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടുന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് പോസ്റ്റീവാവുകയും ചെയ്തു. ഇന്നലെ രാത്രി ശ്വാസ തടസ്സം അനുഭവപ്പെടുകയും ഇന്നു പുലര്‍ച്ച മരണപ്പെടുകയുമായിരുന്നു. നേരത്തെ കിഡ്‌നി രോഗിയായിരുന്നു.
 
നാടുവിട്ട് വാഗ അതിര്‍ത്തിയില്‍ നിന്ന് പിടിക്കപ്പെട്ടിട്ടും പിന്തിരിയാതെ സേനയുടെ കണ്ണ് വെട്ടിച്ച് പാകിസ്ഥാനിലെത്തുന്നു. കുറെ കാലം അവിടെ കഴിഞ്ഞ ശേഷം ബലൂചിസ്ഥാന്‍ മരുഭൂമിയിലൂടെ അന്തമായ അലച്ചിലിനൊടുവില്‍ കാബൂളിലെത്തി. ദാരിദ്ര്യത്തോട് മല്ലടിച്ച് കഴിയുമ്പോഴും ലഹരിക്കയത്തില്‍ മുങ്ങിത്താഴുന്ന ഒരു കൂട്ടം പാവങ്ങളെ കണ്ടറിഞ്ഞ ശേഷം അവിടം വിടുന്നു. 
 
താജികിസ്ഥാനും ഉസ്‌ബെക്കിസ്ഥാനും കസാക്കിസ്ഥാനും കറങ്ങി വീണ്ടും കാബൂള്‍ വഴി കാണ്ടഹാറില്‍. പിന്നെ പാക്കിസ്ഥാനിലേക്ക് തന്നെ. 28 ദിവസത്തെ ജയില്‍വാസവും കഴിഞ്ഞ് ഇറാനിലെത്തുമ്പോള്‍ ആഭ്യന്തര കലാപത്തിന്റെയും ഇറാഖുമായുള്ള യുദ്ധത്തിന്റെയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു അവിടം. 
 
കുറെ കാലം അവിടെ കഴിഞ്ഞ് കൂടുന്നടിനിടയില്‍ ഒരു ഇറാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടരായി ജോലി തരപ്പെട്ടു. അതു കഴിഞ്ഞ് തുര്‍ക്കിയിലേക്ക്. യാത്രയില്‍ തന്നോട് ഏറ്റവും ഇഴുകിച്ചേര്‍ന്ന നാടായിരുന്നു മോയ്തുവിനു തുര്‍ക്കി.  അകാലത്തില്‍ മരണപ്പെട്ട മകനാണെന്ന് കരുതി തന്നെ കണ്ടു മോഹാലസ്യപ്പെടുന്ന ഒരുമ്മയും കുടുംബവും ആ മകന്റെ ഐ ഡി യും ഡ്രെസ്സും മറ്റും നല്‍കി ആ കുടുംബത്തിലെ ‘അവനാ’യി മാറാന്‍ നിര്‍ബന്ധിച്ചത്, തുര്‍ക്കി ഭാഷയും സംസ്‌കാരവും പഠിക്കാന്‍ കോളേജ് പഠനം, വഴിപോക്കനാണെന്നറിഞ്ഞിട്ടും സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ച് ജീവിതത്തിലേക്ക് ക്ഷണിക്കുന്ന പ്രണയിനി, ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയില്‍ വാസം. തുടങ്ങി കുറച്ചൊന്നുമല്ല അനുഭവങ്ങള്‍ കൊണ്ട് തുര്‍ക്കി മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗമാവുന്നത്. ഈ സഞ്ചാരത്തിനിടയില്‍ മൊയ്തു കൂടുതല്‍ തങ്ങിയതും തുര്‍ക്കിയില്‍ തന്നെ. 
 
പിന്നീട് റഷ്യ, ചെച്‌നിയ, ഉക്രൈന്‍, ലിബിയ, അള്‍ജീരിയ, ടുണീഷ്യ ഒക്കെ കഴിഞ്ഞ് സാംസ്‌കാരിക തനിമ കൊണ്ട് ചരിത്രത്തിലിടം കിട്ടിയ പിരമിഡുകളുടെ നാടായ ഈജിപ്തില്‍ . ശേഷം സിറിയ വഴി ഇറാഖില്‍ കടന്ന് ജോര്‍ദാന്‍ നദി നീന്തിക്കടന്ന് ഫലസ്തീനില്‍ വീണ്ടും ജോര്‍ദാനില്‍ വന്നത് അതിര്‍ത്തി കടന്ന് സൗദിയിലെ പുണ്യഭൂമിയിലെത്താനയിരുന്നു. പക്ഷെ ലക്ഷ്യം പിഴപ്പിച്ച സൈന്യം വെച്ച വെടി ഉന്നം പിഴച്ചെങ്കിലും അടുത്തത്  ഉന്നം പിഴക്കില്ലെന്നു പറഞ്ഞു ആട്ടിയപ്പോള്‍ തന്റെ രണ്ടാം പരാജയമെന്ന് മൊയ്തു അതിനെ വിലയിരുത്തി പിന്‍വാങ്ങി. മലപ്പുറത്ത് നിന്നും ലോകം ചുറ്റിയ വലിയ മനുഷ്യനാണ് ഇപ്പോള്‍ ഓര്‍മയായത്.
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News