2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മിസൈലുകളെ നിഷ്ഫലമാക്കിയ വൈറസുകള്‍

 

നിസാര്‍ അലങ്കാര്‍
(കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സില്‍)

1939 -1945 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോക മഹായുദ്ധം. ഏകദേശം 72 ദശലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട മനുഷ്യചരിത്രത്തിലെ ഏറ്റവും ഭീകരമായ പോരാട്ടത്തില്‍ വിജയം കൈവരിച്ചത് അമേരിക്ക,സോവിയറ്റ് യൂണിയന്‍,ചൈന,ബ്രിട്ടന്‍,ഫ്രാന്‍സ് തുടങ്ങിയ സഖ്യ കക്ഷികളായിരുന്നു. തുടര്‍ന്നങ്ങോട്ടാണ് അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയുടെ പടയോട്ടം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധാനന്തരം ഫ്രാന്‍ക്ലിന്‍ റൂസ് വെല്‍റ്റ് മുതല്‍ ഇന്നത്തെ പ്രസിഡണ്ട് ഡൊനാല്‍ഡ് ട്രംപ് വരെയുളള ഭരണാധികാരികളിലൂടെ അമേരിക്ക ആഗോള തലത്തില്‍തന്നെ വന്‍ ശക്തിയായി വളര്‍ന്നു.

ശാസ്ത്ര സാങ്കേതിക പുരോഗതിയിലും വ്യാവസായിക വളര്‍ച്ചയിലും സൈനിക ശക്തിയിലുമെല്ലാം ലോകത്തിന്റെ നെറുകയിലെത്തി. ആഗോള സാമ്പത്തിക നിലയെയും ലോക വ്യാപാരത്തെയും രാഷ്ട്രീയ ഗതിവിധികളെ പോലും നിയന്ത്രിക്കുന്ന വന്‍ ശക്തികളില്‍ ഒന്നാമതായി മാറി.

അമേരിക്കയുടെ വിദേശ നയങ്ങളും നയതന്ത്ര ഇടപെടലുകളും ഇരുതല മൂര്‍ച്ചയുളള വാളിനു സമാനമായിരുന്നു. തങ്ങളെ എതിര്‍ക്കുന്ന ക്യൂബ,ഇറാന്‍,സൗത്ത് കൊറിയ,സിറിയ തുടങ്ങിയ ശത്രുപക്ഷത്തുളള രാജ്യങ്ങളെ ഉപരോധം ഏര്‍പ്പെടുത്തി തളര്‍ത്താന്‍ശ്രമിച്ചു പോന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രത്തിലൂടെ ഇറാഖിലും അഫ്ഗാനിസ്ഥാനിലും
ലിബിയയിലുമെല്ലാം സൈനിക സഹായത്തിലൂടെ ആധിപത്യം ഉറപ്പിച്ചു.

എണ്ണ സമ്പന്നമായ ഗള്‍ഫ് മേഖലകളില്‍ സുരക്ഷയുടെ പേരില്‍ സൈനിക താവളങ്ങളൊരുക്കി സ്വാധീനമുറപ്പിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുമായും ചൈന,ഇന്ത്യപോലുളള മൂന്നാം ലോക ശക്തികളുമായും വ്യവസായിക സഹകരണത്തിലൂടെയും മറ്റു സാമ്പത്തിക ഉടമ്പടികളിലൂടെയും സോപാധികമായ സൗഹൃദവും കാത്തു സൂക്ഷിച്ചു.ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയും ബന്ധങ്ങള്‍ നിലനിര്‍ത്തി പോന്നു.

ഉപഭൂഖണ്ഡങ്ങളിലെ ഓരോ മേഖലകളിലേയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ചൂഷണം ചെയ്തും പരസ്പരം തമ്മിലടിപ്പിച്ചും അധിനിവേശം ഉറപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ലോക പോലീസെന്ന സ്ഥാനവും അരക്കെട്ടുറപ്പിച്ചു. ലോകത്ത് നടക്കുന്ന ഓരോ ചലനങ്ങളും തങ്ങളുടെ ചാരക്കണ്ണിലൂടെ ഒപ്പിയെടുക്കുന്ന രീതിയില്‍ ശാസ്ത്രസാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ,മനുഷ്യനെ നിരവധി തവണ ബഹിരാകാശത്തെത്തിക്കുകയും സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങളെ കുറിച്ച് പഠനങ്ങള്‍ നടത്താന്‍വേണ്ടി ഭൂപരിക്രമണ പഥത്തില്‍ സ്‌പേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഇതിനിടയില്‍ നടന്ന 2001 സെപ്റ്റംബര്‍ 11 ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം. പഴുതടച്ച തങ്ങളുടെ സുരക്ഷാ സംവിധാനത്തില്‍ വന്ന ഗുരുതരമായ വീഴ്ചയില്‍ ഒന്ന് പതറിയെങ്കിലും ശക്തമായ പ്രതിരോധ നടപടികളിലൂടെ ഈ പ്രതിസന്ധിയെയും തരണം ചെയ്യാനായി. ഭീതിജനകമായ ഈ കടന്നാക്രമണത്തിന്റെ പാശ്ചാതലത്തില്‍ ലോകരാജ്യങ്ങളുടെയെല്ലാം പിന്തുണ നേടി രാഷ്ട്രീയമായ നേട്ടം കൊയ്യാനും അവര്‍ക്ക് സാധിച്ചു.

ഇത്തരത്തില്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളെയും തങ്ങളുടെ അധീനതിയിലാക്കി എല്ലാ ഭീഷണികളേയും അതിജയിക്കാനുളള ആധുനികമായ യുദ്ധസാമഗ്രികളും സൈനികസന്നാഹങ്ങളുമായി അജയ്യരായി മുന്നേറിക്കൊണ്ടിരുന്ന അമേരിക്കയുടെ ഇന്നത്തെ അവസ്ഥ തീര്‍ത്തും ആശങ്കാജനമാണ്. ഒട്ടും നിനച്ചിരിക്കാതെ വന്ന കൊറോണയെന്ന മഹാമാരി മറ്റു ലോകരാജ്യങ്ങളെയെന്ന പോലെ അമേരിക്കയെയും പിടിച്ചുലച്ചിരിക്കുകയാണ്.

വെറും ഒരു സോപ്പുപതയില്‍ അലിഞ്ഞില്ലാതാവുന്ന, നഗ്‌ന നേത്രങ്ങള്‍ക്ക് പോലും കാണാന്‍ സാധിക്കാത്ത കോവിഡ് -19 എന്ന മാരക വൈറസിന് മുന്നില്‍ തങ്ങളുടെ ലോകപോലീസ് പട്ടവും,ആണവ നിലയങ്ങളും,സൈനിക വ്യൂഹങ്ങളും,അത്യാനുധിക മിസൈലുകളുമെല്ലാംനിഷ്ഫലമാകുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

ദിനംപ്രതി മരണസംഖ്യകള്‍ ഉയരുകയും രോഗബാധിതര്‍ക്ക് ചികിത്സാസൗകര്യങ്ങള്‍ അപര്യാപ്തവുമായി തുടരുകയാണ്. ന്യൂയോര്‍ക്ക് പോലുളള വന്‍ നഗരങ്ങള്‍ ശോകമൂകമാണ്. ചൈനയില്‍ ഈ വൈറസ് കത്തിപ്പടരുന്ന വേളയില്‍ പോലും കാര്യമാക്കാതിരുന്ന പ്രസിഡണ്ട് ഡൊനാള്‍ഡ് ട്രംപ് അഹങ്കാരത്തിന്റെ സ്വരത്തില്‍ നിന്നും വ്യതിചലിച്ച് മറ്റു ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഭരണാധികാരികളുടെ സാമ്രാജ്യത്വ നിലപാടുകള്‍ക്കിടയിലും അമേരിക്കന്‍ ജനത എന്നും സമാധാനത്തിന്റെ പാത പിന്തുടരുന്നവരായിരുന്നു. അവര്‍ക്കു വേണ്ടിയും ഇറാന്‍, ഇറ്റലി,സ്‌പെയിന്‍, ബ്രിട്ടന്‍, ഇന്ത്യ തുടങ്ങി ഈ മഹാമാരിയുടെ ഭീഷണി നേരിടുന്ന എല്ലാ രാജ്യങ്ങളിലെ ജനതക്ക് വേണ്ടിയും നമുക്ക് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം.

കഴിഞ്ഞ കാലങ്ങളില്‍ യുദ്ധങ്ങളിലൂടെയും വംശീയ കലാപങ്ങളിലൂടെയും മറ്റും കൊന്നൊടുക്കിയ മനുഷ്യജീവനുകളുടെ കേള്‍ക്കാതെ പോയ ദീനരോധനങ്ങള്‍ നമ്മെ വീര്‍പ്പുമുട്ടിക്കുന്നുണ്ടോ? ധൂര്‍ത്തിലും ആഢംബരത്തിലും മുഴുകിയ ഒരു സമൂഹത്തില്‍തന്നെ കൊടും പട്ടിണിയിലൂടെ മരണപ്പെട്ട കുരുന്നുകളുടെ കാണാതെപോയ തേങ്ങലുകള്‍ നമ്മെ വേട്ടയാടുന്നുണ്ടോ?

പലിശയും,വ്യഭിചാരവും,ലഹരിയും, നമ്മെ മൃഗങ്ങളേക്കാള്‍ അധഃപതിച്ചവരാക്കിയോ? വെട്ടിപ്പിടിക്കാനുളള വ്യഗ്രതയില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ മാറ്റങ്ങള്‍ നമുക്ക് തന്നെ ഭീഷണിയാകുന്നുണ്ടോ? തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ഈ കാലഘട്ടത്തിലെങ്കിലും നാം ഇതിനൊരുത്തരം കണ്ടെത്തേണ്ടതുണ്ട്.

ദൈവനിഷേധികള്‍ക്കു പോലും എല്ലാ മാനുഷിക ശക്തികള്‍ക്കുമപ്പുറത്ത് അദൃശ്യമായ ഒരു മഹാശക്തിയുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത് ശുഭസൂചകമാണ്. സര്‍വ്വലോക രക്ഷിതാവിന്റെ പരീക്ഷണങ്ങള്‍ക്കു മുന്നില്‍ നമ്മുടെ പ്രതിരോധങ്ങള്‍ എത്ര നിഷ്ഫലം. മനുഷ്യകുലത്തിന്റെ ബലഹീനതകള്‍ തിരിച്ചറിഞ്ഞ്, ഹൃദയസാന്നിദ്ധ്യത്തോടെ നന്ദിയുളളവരായി സൃഷ്ടാവിലേക്ക് ഖേദിച്ചു മടങ്ങുക മാത്രമാണ് പരിഹാരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.