ദുബൈ: യുഎഇ ഫുഡ് ബാങ്ക് 2017 ജനുവരിയില്‍ സ്ഥാപിതമായ ശേഷം ഇതു വരെയായി 50 ദശലക്ഷത്തിലധികം ഭക്ഷണം വിതരണം ചെയ്തതായി ബാങ്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദാവൂദ് അല്‍ ഹാജ്‌രി പറഞ്ഞു. ഫുഡ് ബാങ്ക് 161 ധാരണാപത്രങ്ങളില്‍ ഒപ്പു വെച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് തുടര്‍ച്ചയായി ഭക്ഷണം ദാനം ചെയ്യാനുള്ള പങ്കാളിത്തവും കരാറുകളും ചാരിറ്റികളുമായി 13 പങ്കാളിത്ത കരാറുകളുമുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം വരെ കാമ്പയിനുകളും ശില്‍പശാലകളും ബോധവത്കരണ പരിപാടികളും ഉള്‍പ്പെടുന്ന 268 പ്രവര്‍ത്തനങ്ങള്‍ ഫുഡ് ബാങ്ക് സംഘടിപ്പിച്ചുവെന്നും അല്‍ ഹാജ്‌രി വിശദീകരിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്‌നി ശൈഖാ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങളാണ് ബാങ്ക് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുഡ് ബാങ്ക് മാനുഷിക സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഒരു സംയോജിത സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് റമദാനില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണം നല്‍കുന്നു. ”ഫുഡ് ബാങ്ക് അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും യുഎഇയുടെ മാനവികത, നന്മ, ദാനം എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാനും, ഈ മൂല്യങ്ങള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കാനും ഏകീകരിക്കാനും മിച്ച ഭക്ഷണത്തിന്റെ നടത്തിപ്പ് ആസൂത്രണം ചെയ്യാനും ഉറപ്പാക്കാനുമുള്ള ദൗത്യത്തിനാണ് നേതൃത്വം നല്‍കുന്നത്.
ഗുണഭോക്താക്കള്‍ പ്രാദേശികമായും ആഗോളീയമായും പാഴാക്കുന്നത് കുറയ്ക്കുകയും ലോകത്തെ മുന്‍നിരയിലുള്ള സുസ്ഥിര ഭക്ഷ്യ ബാങ്ക് എന്ന കാഴ്ചപ്പാട് കൈവരിക്കുകയും ചെയ്യുന്നുവെന്നും അല്‍ ഹാജ്‌രി കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്‌ളോബല്‍ ഇനീഷ്യേറ്റീവിന്റെ കുടക്കീഴില്‍ 2017 ജനുവരി 4ന് ആരംഭിച്ച ലാഭ രഹിത പ്രസ്ഥാനമാണ് യുഎഇ ഫുഡ് ബാങ്ക്. പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിച്ച് ആവശ്യക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ യുഎഇ ഫുഡ് ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. യുഎഇയിലെ ആദ്യ ഫുഡ് ബാങ്കാണിത്. ഭക്ഷണം സ്വീകരിക്കാനും കൊണ്ടുപോകാനും സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള എല്ലാ ഘട്ടങ്ങളിലും യുഎഇ ഫുഡ് ബാങ്ക് ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ നിരീക്ഷിച്ച് ഫുഡ് ബാങ്കിന്റെ നടത്തിപ്പിനും പ്രവര്‍ത്തനത്തിനും ദുബായ് മുനിസിപ്പാലിറ്റി മേല്‍നോട്ടം വഹിക്കുകയും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.
യുഎഇ ഫുഡ് ബാങ്ക് അതിന്റെ സംരംഭങ്ങളിലൂടെയും പങ്കാളിത്തത്തിലൂടെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യയോഗ്യമായ ഭക്ഷണം വിതരണം ചെയ്യാനും ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള പോരാട്ടത്തില്‍ പങ്കു ചേരാനും ലക്ഷ്യമിടുന്നു. കൂടാതെ, ഭക്ഷ്യ മിച്ചം കുറയ്ക്കുന്നതിന്റെ പ്രാധാന്യം എടുത്തു കാട്ടാനും ഉപഭോക്തൃ സംസ്‌കാരവും സാമൂഹിക ഉത്തരവാദിത്തവും സന്നദ്ധ പ്രവര്‍ത്തനവും സജീവമാക്കാനും ഉദ്ദേശിക്കുന്നു. പങ്കാളിത്തങ്ങളിലും കരാറുകളിലും ഒപ്പിടല്‍, ഭക്ഷണവും സാമ്പത്തിക സംഭാവനകളും കൈകാര്യം ചെയ്യല്‍, സമൂഹളെും ബാങ്ക് നിര്‍വഹിക്കുന്നു. ഗള്‍ഫുഡ് എക്‌സിബിഷന്‍, വിശുദ്ധ റമദാന്‍ സംരംഭങ്ങള്‍, സന്നദ്ധ കൂട്ടായ്മകള്‍, പ്രകൃതി ദുരന്തങ്ങളില്‍ മാനുഷിക സഹായം, ഈദ് അല്‍ അദ്ഹഈദ് അല്‍ ഫിത്വര്‍ സംരംഭങ്ങള്‍, പ്രാദേശികഅന്തര്‍ദേശീയ സമ്മേളനങ്ങളിലെ പങ്കാളിത്തം, സന്നദ്ധ സംരംഭങ്ങള്‍ തുടങ്ങി നിരവധി പരിപാടികളില്‍ ഫുഡ് ബാങ്ക് പങ്കെടുത്തിട്ടുണ്ട്.
യുഎഇ ഫുഡ് ബാങ്കും 10 ദശലക്ഷം മീല്‍സ് കാമ്പയിനില്‍ പങ്കെടുക്കുകയും 2.8 ദശലക്ഷം ഭക്ഷണം നല്‍കുകയും 100 ദശലക്ഷം മീല്‍സ് കാമ്പയിനില്‍ 10 ദശലക്ഷം ഭക്ഷണം നല്‍കുകയും ചെയ്തു. ഒരു ബില്യണ്‍ മീല്‍സ് കാമ്പയിനില്‍ പങ്കെടുക്കുകയും 2.5 ദശലക്ഷം ഭക്ഷണം നല്‍കുകയും ചെയ്തു.
ദുബായില്‍ അല്‍ഖൂസ്, മുഹയ്‌സ്‌ന, ജബല്‍ അലി; റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലായി യുഎഇയില്‍ ഫുഡ് ബാങ്കിന് ആറു ശാഖകളുണ്ട്. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ റീസൈകഌംഗ് കമ്പനികളുമായുള്ള സഹകരണം ബാങ്ക് ശക്തിപ്പെടുത്തും. ഭക്ഷണ വസ്തുക്കള്‍ കേടായി മനുഷ്യോപഭോഗത്തിന് അനുയോജ്യമല്ലാതായാല്‍ റീസൈക്കിള്‍ ചെയ്യുകയും എണ്ണകളും കാര്‍ഷിക വളങ്ങളുമാക്കി മാറ്റുകയും ചെയ്യും.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 2023നെ സുസ്ഥിരതയുടെ വര്‍ഷമായി പഖ്യാപിച്ചതിനനുസൃതമായി പരിസ്ഥിതിയും സുസ്ഥിരതയും സംരക്ഷിക്കുകയാണ് ലക്ഷ്യം. യുഎഇ ഫുഡ് ബാങ്ക് നിരവധി അച്ചുതണ്ടുകള്‍ വഴി പ്രവര്‍ത്തിക്കുന്നു. ദാതാക്കള്‍, റഗുലേറ്ററി ബോഡികള്‍, മാനുഷികസന്നദ്ധ സംഘടനകള്‍, ഏകോപന സമിതികള്‍ എന്നിവയുള്‍പ്പെടെ എല്ലാ പങ്കാളികളുടെയും സഹകരണവും പങ്കാളിത്തവും ഉറപ്പു നല്‍കുന്ന ഒരു സംയോജിത സംവിധാനത്തിനുള്ളില്‍ കാര്യക്ഷമമായി ബാങ്ക് അതിന്റെ ദൗത്യം നിര്‍വഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഹോസ്പിറ്റാലിറ്റി മേഖലയിലെ ബന്ധപ്പെട്ട അധികാരികളുമായുള്ള കരാറുകളുടെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍ രാജ്യത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, സൂപര്‍ മാര്‍ക്കറ്റുകള്‍, ഫുഡ് ഫാക്ടറികള്‍, ഫാമുകള്‍, കാറ്ററര്‍മാര്‍, വിതരണക്കാര്‍ തുടങ്ങിയ ഭക്ഷ്യ വ്യവസായവും ഉള്‍പ്പെടുന്ന സംവിധാനമാണ് യുഎഇ ഫുഡ് ബാങ്കിനുള്ളത്. പ്രാദേശികവും അന്തര്‍ദേശീയവുമായ മാനുഷിക, ചാരിറ്റബിള്‍ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയുമായി ഏകോപിപ്പിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള ടാര്‍ഗറ്റ് ഗ്രൂപ്പുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഫുഡ് ബാങ്ക് പരിശ്രമിക്കുന്നു.
Comments are closed for this post.