2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.എ.ഇ തുറക്കുന്ന അതിജീവന വാതിലുകൾ

യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്(യു.എ.ഇ) അന്‍പത്തി രണ്ടാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. യു.എ.ഇയുടെ ഉന്നതിയിലേക്കുള്ള വളര്‍ച്ച, എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തല്‍ മാത്രമല്ല, നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയുംകൂടി ഫലമാണ്. 1950ന് മുന്‍പുവരെ ഇന്നത്തെ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് ഏഴ് സ്വതന്ത്ര എമിറേറ്റുകളായി നിലകൊള്ളുകയായിരുന്നു. ബ്രിട്ടിഷുകാരാല്‍ സംരക്ഷിക്കപ്പെട്ടിരുന്ന, വികസനം എത്തിനോക്കിയിട്ടില്ലാത്ത നാടുകളുടെ അസംഘടിത കൂട്ടമായിരുന്നു അവ.


1971ല്‍ അബൂദബിയുടെ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് സ്വതന്ത്രമായ ഒരു ഫെഡറേഷന്‍ രൂപംകൊണ്ടു. ഒരു വര്‍ഷത്തിനുശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അല്‍ ഖൈമയും ഫെഡറേഷനില്‍ ചേര്‍ന്നു. അബൂദബി, ദുബൈ, ഷാര്‍ജ, ഫുജൈറ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങള്‍. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെയും രാഷ്ട്രശില്‍പി ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും നേതൃത്വത്തില്‍ ജുമൈറയിലെ യൂനിയന്‍ ഹൗസിലായിരുന്നു ചരിത്ര പ്രഖ്യാപനം.

   

ശൈഖ് സായിദ് പുതിയ രാഷ്ട്രത്തിന്റെ പ്രഥമ പ്രസിഡന്റായി ചുമതലയേറ്റു. ശൈഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂം പ്രധാനമന്ത്രിയായി. ഭരണനിര്‍വഹണത്തിന് ഏഴു എമിറേറ്റുകളിലെയും ഭരണാധികാരികള്‍ ചേര്‍ന്ന് സുപ്രിം കൗണ്‍സിലും രൂപീകരിച്ചു. ഏഴു എമിറേറ്റുകളുടെയും സ്വയംഭരണാവകാശം നിലനിര്‍ത്തിക്കൊണ്ടുള്ള കൂട്ടായ്മ എന്നതാണ് യു.എ.ഇയുടെ പ്രധാന സവിശേഷത. രാജ്യം രൂപീകൃതമായി അഞ്ചു പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായി യു.എ.ഇ വളര്‍ന്നു. വിവിധ നാട്ടുപ്രദേശങ്ങളെ യു.എ.ഇ എന്ന ഫെഡറേഷന് കീഴില്‍ അണിനിരത്തി ലോകം ഉറ്റുനോക്കുന്ന വിധം മഹത്തായ രാജ്യമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ സ്ഥാപക നേതാക്കളുടെ പിന്നാലെ, തുടര്‍ന്നുവന്ന ഭരണാധികാരികളും അശ്രാന്ത പരിശ്രമം നടത്തിയിരുന്നു.


സാമ്പത്തിക, സാമൂഹിക വളര്‍ച്ചയ്ക്കൊപ്പം ഹൃദയവിശാലതയും വളരുന്നുവെന്നതാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ യു.എ.ഇയെ രണ്ടാം വീടായി കരുതാന്‍ കാരണം. പ്രതിശീര്‍ഷ വരുമാനത്തിലും വിദ്യാഭ്യാസത്തിലും വികസനത്തിലും കേരളം ഇന്നു കാണുന്ന വളര്‍ച്ചയിലെത്തിയതില്‍ ഈ നാടിനോടുള്ള കടപ്പാട് മറക്കാനാവില്ല. കേരളത്തിലെ മഹാപ്രളയത്തെ അതിജീവിക്കാന്‍ ആദ്യ കരം നീട്ടിയതും ഇതേ രാജ്യമായിരുന്നു. ഇരുന്നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കിടയില്‍ യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം മലയാളികളുടേതാണ്. അതിനാല്‍തന്നെ, രാജ്യത്തെ വ്യാവസായിക, സാമൂഹിക സാഹചര്യങ്ങളിലെല്ലാം മലയാളികള്‍ക്ക് ഇവിടത്തെ ഭരണാധികാരികള്‍ അര്‍ഹിക്കുന്ന പരിഗണനയും നല്‍കിവരുന്നുണ്ട്.


രാജ്യം അന്‍പത്തി രണ്ടാം ദേശീയ ദിനാഘോഷ നിറവിലെത്തിനില്‍ക്കുമ്പോള്‍, പ്രസിഡന്റും അബൂദബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും സാരഥ്യത്തില്‍ വികസനത്തിന്റെയും വളര്‍ച്ചയുടെയും പുതിയ ആകാശങ്ങള്‍ തേടി പറക്കുകയാണ് യു.എ.ഇ. പുതുതായി ഇരുപത്തിയഞ്ചിലധികം വന്‍ പദ്ധതികളാണ് പൂര്‍ത്തീകരിക്കാന്‍ രാജ്യം ഉദ്ദേശിക്കുന്നത്.


വിവിധ എമിറേറ്റുകള്‍ ചേര്‍ന്ന് യു.എ.ഇ എന്ന രാജ്യം രൂപവത്കരിച്ചതിന്റെ വാര്‍ഷികമാണ് ദേശീയദിനം. പൗരന്‍മാരെ പരിപാലിക്കുക, അവര്‍ക്ക് മുന്നില്‍ വികസനം, സര്‍ഗാത്മഗത, സ്വയംപര്യാപ്തത എന്നിവയുടെ വഴികള്‍ തുറക്കുക എന്നതിനാണ് രാജ്യത്തിന്റെ മുന്‍ഗണന. ഇമാറാത്തി സംസ്‌കാരം, പാരമ്പര്യം, പൈതൃകം, പരമ്പരാഗത ആശയങ്ങളുടെയും നൂതന സാങ്കേതിക വിദ്യകളുടെയും സമന്വയം എന്നിവ എടുത്തുകാട്ടുന്ന ചടങ്ങുകള്‍ കൂടിയാണ് ഓരോ ദേശീയദിനവും. കൂടാതെ, മുൻഗാമികൾ കൈമാറിയ മഹത്തായ വിശ്വാസം പുതുതലമുറയ്ക്ക് കൈമാറാന്‍ യു.എ.ഇ ശ്രമിക്കുന്നു. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, ഈ കൊച്ചു രാജ്യത്തിന്റെ വികസന പാഠങ്ങളില്‍നിന്ന് നമ്മുടെ നാടിനും പഠിക്കാനേറെയുണ്ട്.

Content Highlights:The survival doors that the UAE opens


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.