2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘അവര്‍ പറഞ്ഞു ഞാനൊരു അധിനിവേശക്കാരനെ കൊല്ലാന്‍ ശ്രമിച്ചെന്ന്, ഒന്നുമറിയില്ലെന്ന് കരഞ്ഞിട്ടും ആരും കേട്ടില്ല’ ഇസ്‌റാഈല്‍ തടവിലിട്ട 12 കാരി ദീമ അല്‍വാവിയുടെ കഥ

‘അവര്‍ പറഞ്ഞു ഞാനൊരു അധിനിവേശക്കാരനെ കൊല്ലാന്‍ ശ്രമിച്ചെന്ന്, ഒന്നുമറിയില്ലെന്ന് കരഞ്ഞിട്ടും ആരും കേട്ടില്ല’ ഇസ്‌റാഈല്‍ തടവിലിട്ട 12 കാരി ദീമ അല്‍വാവിയുടെ കഥ

എനിക്ക് ഒന്നുമറിയില്ലെന്ന് അന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. ഒന്നുമറിയില്ലായിരുന്നു എനിക്ക്. അവര്‍ പറയുന്നു ഞാനൊരു അധിനിവേശക്കാരരെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചെന്ന് . ഉപ്പയേയും ഉമ്മയേയും അന്വേഷിച്ച് പാടത്ത് പോയതായിരുന്നു ഞാന്‍’ ഗസ്സയുടെ തെരുവുകളില്‍ സ്വാതന്ത്രഗീതങ്ങള്‍ അലയടിക്കുമ്പോള്‍ ദീമ ഇസ്മാഈല്‍ റാഷിദ് അല്‍വാവി എന്ന കൊച്ചു കുട്ടിയുടെ ഉള്ളില്‍ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ നിറയുകയാണ്. സയണിസ്റ്റ് ഭീകരത്തടവറയുടെ ചിത്രങ്ങള്‍. ഉപ്പയേയും ഉമ്മയേയു പ്രിയപ്പെട്ടവരേയും കാണാതെ തനിച്ചായിപ്പോയ ഇരുണ്ട രാവുകള്‍.

‘2016 ഫെബ്രുവരിയിലായിരുന്നു. അന്നെനിക്ക് വല്ലാത്ത തലവേദനയായിരുന്നു. എന്തു ചെയ്യമെന്നറിയാതെ കരയുന്ന എന്നോട് ഇത്ത പറഞ്ഞു. ഉമ്മയും ഉപ്പയും പാടത്തുണ്ട്. ചെന്നു നോക്കാന്‍. അവര്‍ ഡോക്ടറുടെ അടുത്ത് കൊണ്ടുപൊയ്‌ക്കോളുമെന്ന്. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ഇറങ്ങിയോടി. എന്നാല്‍ എവിടെയാണ് ഞങ്ങളുടെ പാടമെന്നൊന്നും എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. ഉപ്പയും ഉമ്മയും മൂത്ത സഹോദരങ്ങളുമാണ് പാടത്ത് പോയിരുന്നത്. ഞങ്ങള്‍ കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയാറാണ്. ജൂത കുടിയേറ്റക്കാര്‍ എവിടെ കണ്ടാലും ഉപദ്രവിക്കും. അതു കൊണ്ടു തന്നെ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങാറില്ല’ ദീമ പറഞ്ഞു തുടങ്ങി.

ജൂത കുടിയേറ്റത്തിനടുത്താണ് പാടമെന്ന് മാത്രമറിയാം. ആകെ ഒരു ചെറിയ സ്ഥലമാണ്. ഹല്‍ബുലിലും ബൈത്ത് ഉമ്മറിലുമായി നീമ്ട് കിടക്കുകയാണ്. കുടിയേറ്റ സ്ഥലത്തിനടുത്തെത്തി. എന്നാല്‍ ഉപ്പയോയും ഉമ്മയേയു കണ്ടില്ല. എനിക്ക് പേടിയായി. ചുറ്റും നോക്കി ഞാന്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ആയുധമേന്തിയ ഒരാള്‍ എന്റെ മുന്നിലേക്ക് ചാടിവീണത്. ആദ്യം വെടിയുതിര്‍ത്തു. പിന്നെ അയാള്‍ എന്നെ നിലത്തേക്ക് തള്ളിയിട്ടു തോക്ക് എനിക്ക് നേരെ ചൂണ്ടി. എന്നോട് കമിഴ്ന്നു കിടക്കാന്‍ ആവശ്യപ്പെട്ടു. എന്റെ പിന്നില്‍ കാല്‍ വെച്ച് എന്റെ കൈകള്‍ പിറകിലേക്ക് കെട്ടി. ഞാന്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. പിന്നാലെ ഒരു കൂട്ടും സൈനികര്‍ വന്നു. അവര്‍ എന്നെ പിടിച്ചു വലിച്ച് അവരുടെ വാഹനത്തിലേക്കിട്ടു. എനിക്കന്ന് 12 വയസ്സ് മാത്രമാണുണ്ടായിരുന്നത്. ഞാന്‍ ഒരു ജൂത കുടിയേറ്റക്കാരനെ കുത്താന്‍ ശ്രമിച്ചു എന്നാണ് അവര്‍ ആരോപിച്ചത്’- അവള്‍ തുടര്‍ന്നു.

‘എന്നെ അവര്‍ ഒരു ഇരുട്ട് മുറിയിലാക്കി. ആദ്യമായാണ് ഉമ്മയില്ലാതെ കുടുംബത്തില്‍ നിന്ന് അകന്ന് ഒരു രാത്രി കഴിയുന്നത്. എന്നെ ജീവിത കാലം മുഴുവന്‍ തടവറയിലാക്കുമോ എന്നൊക്കെയായിരുന്നു ചിന്ത. ഉമ്മയെ ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. എന്നെ അന്വേഷിച്ച് അലയുന്നുണ്ടാവുമല്ലോ എന്നോര്‍ത്തു. ഞാനെവിടെ പോയെന്ന് പോലും അവര്‍ക്കറിയില്ല.

പിന്നീട് അവരെന്നെ ഹാഷോരണ്‍ ജയിലിലേക്ക് മാറ്റി. അവിടെ ആകെ അലറിക്കരച്ചിലിന്‍രേയും മറ്റും ശബ്ദമായിരുന്നു. അത് തന്നെ എന്നെ പേടിപ്പിച്ചു. എന്നെ കുറേകാലം ജയിലിലാക്കുമെന്ന് ചോദ്യം ചെയ്തയാള്‍ പറഞ്ഞു. എനിക്കാകെ ഭയമായി. മറ്റു കുട്ടികളുടെ ഇത്തരം അനുഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ ഞാനും ഇതിന് ഇരയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ധൈര്യത്തോടെയിരിക്കണമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. ഏഴ് വലിയ ഉദ്യോഗസ്ഥര്‍ എന്നെ ഇരുത്തിയ മുറിയിലേക്ക് പ്രവേശിച്ചു. അവര്‍ ഒരുമിച്ച് എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. വെറും 12 വയസ്സാണ് എനിക്കെന്നോര്‍ക്കണം’ അവള്‍ തുടരുന്നു.

ഒന്നുമറിയില്ലെന്ന് അവള്‍ കരഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ അവര്‍ അവളെ തുറിച്ചു നോക്കി. വലിയ ശബ്ദത്തില്‍ അവലോട് ചോദ്യങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. രാവിലെ മുതല്‍ വൈകുേേന്നാരം വരെ. റൂമില്‍ നിന്നിറങ്ങിപ്പോവും മുമ്പ് അവരവളെ കസേരയോട് ബന്ധിച്ചു. കൈകാലുകള്‍ അനക്കാനാവാത്ത വിധം. ദീര്‍ഘമായ ചോദ്യം ചെയ്യലുകള്‍ക്കും പേടിപ്പെടുത്തലുകള്‍ക്കും ശേഷം അവരവളെ സൈനിക കോടതിയില്‍ ഹാജരാക്കി. എല്ലാ ആരോപണങ്ങളും കള്ളമാണെന്ന് അവള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആരും അത് ചെവി കൊണ്ടില്ല. കൊടുംകുറ്റവാളിയെ എന്ന പോലെ അവരവളെ തുറിച്ചു നോക്കി. പിന്നീട് ജയിലിലേക്ക് മാറ്റി. ഇസ്‌റാഈലി വനിതാ കുറ്റവാളികള്‍ക്കിടയിലേക്കാണ് അവളെ ആദ്യം മാറ്റിയത്. അവിടെ അവളുടെ പ്രായമുള്ള ഒരു ഫലസ്തീനി പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. സാലിക് സല്‍മാന്‍. കുറച്ചു നാള്‍ കഴിഞ്ഞ് അവരെ ഫലസ്തീനി വനിതകളുള്ള ജയിലിലേക്കാക്കി.

‘അവിടെ ഒരുപാട് വനിതകളുണ്ടായിരുന്നു. ഞാനവരോടൊക്കെ സംസാരിക്കുമായിരുന്നു. പലര്‍ക്കും ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഞാനായിരുന്നു കൂട്ടത്തില്‍ ചെറുത്. പലരും തങ്ങളുടെ മക്കളെ പിരിഞ്ഞിരിക്കുന്നവര്‍. വളരെ ചെറിയ കുട്ടികള്‍ ഉള്ളവര്‍ പോലുമുണ്ടായിരുന്നു. അവിടെ ഞാന്‍ ഇസ്ര ജാബിസ് എന്ന ഒരു സ്ത്രീയെ കണ്ടു. ശരീരമാകെ പൊള്ളി അഴുകിയ നിലയിലായിരുന്നു അവര്‍. കാണുമ്പോള്‍ സങ്കടം തോന്നും. അവരാണ് എന്നെ നോക്കിയിരുന്നത്.

ഒരു ദിവസം എനിക്കുറങ്ങാനേ കഴിഞ്ഞില്ല. എന്തൊക്കെയോ സ്വപ്‌നം കണ്ടു. പേടിച്ച് ഉറക്കത്തില്‍ ഞാന്‍ താഴെ വീണു. എന്‍രം കഴുത്ത് മുറിഞ്ഞ് ചോര വന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ മുറിവ് പൊത്തിപ്പിടിച്ചു.

രണ്ടരമാസക്കാലമാണ് ദീമ തടവില്‍ കഴിഞ്ഞത്. എന്നാല്‍ ഒരു ജന്മത്തില്‍ അനുഭവിക്കാനുള്ള മുഴുവന്‍ ദുരിതവും ആ സയണിസ്റ്റ് തടവറയില്‍ ഒ കൊച്ചു കുട്ടി അതിനകം അനുഭവിച്ചിരുന്നു. ഒടുവില്‍ അവള്‍ മോചിതയായി. ആ ദിവസത്തെ അവള്‍ തന്നെ പറയുന്നു.

‘ഞാന്‍ നിമിഷങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു. സംഭവിച്ചതെല്ലാം ഓര്‍ത്തെടുത്തു. എന്നെ കാത്ത് കാത്ത് കറഞ്ഞു തളര്‍ന്ന ഉമ്മയെ ഓര്‍ത്തു. കുസൃതികള്‍ ഓര്‍ത്തോര്‍ത്ത് കരയുന്ന സഹോദരങ്ങളെ ഓര്‍ത്തു. ഒടുുവില്‍ പട്ടാളക്കാര്‍ വന്ന് എന്നെ വിലങ്ങു വെച്ച് ബോസ്റ്റയിലേക്ക് കൊണ്ടു പോയി. എന്റെ പ്രദേശമായ ഹല്‍ഹുലില്‍ വിടുന്നതിന് പകരം എന്നെ തുല്‍ക്കറമിലാണ് ഇറക്കി വിട്ടത്. എന്നെ അവിടെ ആരും വരവേല്‍ക്കാനുണ്ടാവില്ലെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ അവിടുത്തുകാര്‍ എല്ലാവരും കൂടി എന്നെ സ്വീകരിച്ചു. അവരെന്നെ ആലിംഗനം ചെയ്തു. ഉമ്മവെച്ചു. എന്നെ തോളത്തു വെച്ച് ഫലസ്തീന്‍ സ്വാതന്ത്ര്യ ഗീതങ്ങള്‍ ആലപിച്ചു. പിന്നെ എന്നെ കുടുംബമെത്തി. അവരുടെ സ്‌നേഹത്തില്‍ മതിമറക്കുമ്പോഴും ഇസ്‌റാഈല്‍ തടവറകളില്‍ കഴിയുന്ന ഉമ്മമാരും സഹോദരിമാരും എന്നെ നൊമ്പരപ്പെടുത്തുന്നുണ്ടായിരുന്നു. എന്നെപ്പോലുള്ള കുഞ്ഞു മക്കള്‍ അവരേയും കാത്തിരിപ്പുണ്ടാവില്ലേ എന്ന വല്ലാത്തൊരു നോവ്’
ഏപ്രില്‍ 26 2016ലാണ് ദീമ മോചിതയാവുന്നത്. അവള്‍ തിരിച്ച് അവളുടെ സ്‌കൂളിലെത്തി. പഠനം തുടര്‍ന്നു. മാധ്യമപ്രവര്‍ത്തകയാവണമെന്നാണ് ദീമയുടെ ആഗ്രഹം. എങ്ങിനെയാണ് ഫലസ്തീനിലെ കുഞ്ഞുങ്ങളെ സയണിസ്റ്റുകള്‍ ഉപദ്രവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുക്കണം അവള്‍ക്ക്. എല്ലാത്തിനുമൊടുവില്‍ ലോകത്തിനു മുന്നില്‍ ഒരു സന്ദേശം കൂടി പറഞ്ഞു വെക്കുന്നു.

‘ ലോകമേ ഫലസ്തീനിലെ കുഞ്ഞുങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു വെക്കുക. അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന സയണിസ്റ്റ് കുടിയേറ്റം അവസാനിപ്പിക്കുന്ന കാലത്തോളം അടിച്ചമര്‍ത്തപ്പെട്ടവരായി തന്നെ തുടരേണ്ടി വരുന്ന അവിടുത്തെ ബാല്യങ്ങളെ ഓര്‍ത്തു കൊണ്ടേയിരിക്കുക. അവരെ ഒരിക്കലും നിങ്ങള്‍ മറവിക്ക് വിട്ടു കൊടുക്കാതിരിക്കുക’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.