കവിത
നിബിന്‍ കള്ളിക്കാട്
ആദ്യയാമത്തില്‍ നീ സൂര്യനായിരുന്നു,
നോട്ടങ്ങളുടെ വെയില്‍ച്ചീളുകള്‍കൊണ്ട്
എന്നെയുരുക്കവേ ഞാന്‍ മഞ്ഞായിരുന്നു.
രണ്ടാം യാമം നീ പൗര്‍ണമിയായിരുന്നു,
ഞാനിരുളും പൂര്‍ണമായും പുണരാതെ
നീ നേര്‍ത്ത നിലാവിനാലെന്നെയകറ്റി.
മൂന്നാംയാമത്തില്‍ നീയൊരു പൂക്കാലവും
ഞാനൊരു പൂമൊട്ടും.
നീതൊടാതെ ഞാന്‍ വാടിക്കൊഴിഞ്ഞു.
നാലാംയാമത്തില്‍ ഞാനൊരാട്ടിടയനും
നീയൊരു സമ്പന്നയും.
ഒരിക്കലും ചേരാതെ കാടും നാടും
നമ്മെയന്നും വേര്‍പ്പെടുത്തി.
അഞ്ചാം യാമത്തില്‍ നീയൊരു രാജ്യവും
ഞാന്‍ സംഗീതജ്ഞനായ അഭയാര്‍ഥിയും,
തോല്‍വിയുടെ പലായനം തുടര്‍ന്നു.
ആറാം യാമത്തില്‍ നമുക്കിടയില്‍ കാലം,
നീയൊരു പൂച്ചയും
ഞാന്‍ ലോകം വിറപ്പിച്ചൊരു
ഭരണകര്‍ത്താവും..
തമ്മില്‍ കണ്ടപ്പോള്‍ വീണ്ടുമണഞ്ഞു, പേടി.
ഏഴാം യാമത്തില്‍ നീ പൊള്ളുന്ന വേനല്‍ ,
ഞാന്‍ വേഴാമ്പലും
നീയെന്നരികില്‍ നിന്നപ്പോഴൊക്കെയും
മോഹങ്ങളുടെ ദാഹങ്ങളുമായി
ഒരിക്കലുമെത്താത്ത കനിവിന്റെ
സ്വപ്ന വര്‍ഷത്തിനായി നിന്റെ മുന്നില്‍
കവിതയിലിങ്ങനെ പിടഞ്ഞുരുകിയുരുകി!
Comments are closed for this post.