2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വരുന്നു പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള സെമി ഫൈനൽ

യു.എം മുഖ്താർ


പൊതുതെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ശ്രദ്ധ ഇനി അഞ്ച് സംസ്ഥാനങ്ങളിലേക്ക് കൂടി തിരിയുകയായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളാണ് ഡിസംബറിന് മുമ്പായി പോളിങ് ബൂത്തിലേക്ക് പോകുന്നത്.


അഞ്ചിടത്തെയും ഫലം പുറത്തുവന്ന് പുതിയ സർക്കാരുകൾ അധികാരത്തിൽ വരുന്നതോടെ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾക്കും തുടക്കമാകും. അതിനാൽ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള ‘സെമി ഫൈനൽ’ ആയിട്ടാണ് അഞ്ചിടത്തേയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പരിഗണിക്കപ്പെടുന്നത്. ഇതിൽ മൂന്നിടത്ത് (മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡ്) കോൺഗ്രസും ബി.ജെ.പിയും നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനങ്ങളായതിനാൽ അവിടത്തെ രാഷ്ട്രീയ മാനങ്ങൾ വളരെ വലുതാണ്.


2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ വിശാലചേരി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ആ ചേരിക്ക് നേതൃത്വം കൊടുക്കാൻ കോൺഗ്രസിന് കഴിയണമെങ്കിൽ ബി.ജെ.പിയോട് നേരിട്ടേറ്റുമുട്ടുന്ന മൂന്നിടത്തും പാർട്ടിക്ക് വിജയം അനിവാര്യമാണ്. മൂന്നിടത്തും വിജയിച്ചാൽ പ്രതിപക്ഷത്തെ നേതൃപദവി മറ്റ് കക്ഷികൾ കോൺഗ്രസിന് വകവച്ചുകൊടുക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, പരായജയപ്പെട്ടാൽ കോൺഗ്രസിന്റെ വിലപേശൽ ശേഷി നഷ്ടപ്പെടും. കരുത്തുറ്റ വലിയ പാർട്ടി എന്ന വിശേഷണം കോൺഗ്രസിന് നൽകാൻ മറ്റ് കക്ഷികൾ മടികാണിക്കും. അതിനാൽ മറ്റു കക്ഷികളെക്കാളും നിയമസഭാ തെരഞ്ഞെടുപ്പ് ഏറ്റവും നിർണായകമാകുന്നത് കോൺഗ്രസിനാണ്.


നിലവിൽ നാല് സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, ഛത്തിസ്ഗഡ്, കർണാടക, ഹിമാചൽപ്രദേശ്) മാത്രമാണ് കോൺഗ്രസിന് അധികാരമുള്ളത്. ഇതിൽ രണ്ട് സംസ്ഥാനങ്ങളിലാണ് മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുനിലനിർത്തുക എന്ന ഭാരിച്ച ദൗത്യവും കോൺഗ്രസിന് മുന്നിലുണ്ട്. കെ. ചന്ദ്രശേഖർ റാവു (കെ.സി.ആർ)വിന്റെ ബി.ആർ.എസ് ആണ് തെലങ്കാന ഭരിക്കുന്നതെങ്കിൽ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്) എന്ന പ്രാദേശിക കക്ഷിക്കാണ് മിസോറമിലെ ഭരണം.


രാജസ്ഥാനിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരം നിലനിർത്തുന്നത്ര കടുപ്പമേറിയതാണ് കോൺഗ്രസിനെ സംബന്ധിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടും യുവനേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിക്കുകയെന്നത്. സംസ്ഥാനത്തെ കോൺഗ്രസിന്റെ മുഖങ്ങളായ രണ്ടുപേർ തമ്മിലുള്ള പരസ്യമായ വിഴുപ്പലക്കൽ പാർട്ടിയുടെ പോരാട്ടശേഷിയെയും ബാധിക്കുന്ന വിധത്തിലായിട്ടുണ്ട്. അതിനാൽ കർണാടകയിലെ വിജയത്തിന് ശേഷം കോൺഗ്രസ് പ്രഥമപരിഗണന നൽകുന്നത് ഗെലോട്ടും പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ്.
കേരളത്തെ പോലെ ഇരുകക്ഷികളും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് രാജസ്ഥാനിലുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിച്ചുവരുന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചെങ്കിലും 2019ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിൽ 24ലും ബി.ജെ.പി സ്ഥാനാർഥികളാണ് വിജയിച്ചത്. ഒരിടത്ത് ആർ.എൽ.പിയും വിജയിച്ചപ്പോൾ 34.6 ശതമാനം വോട്ടുകൾ നേടാനായെങ്കിലും കോൺഗ്രസിന് ഒരാളെപ്പോലും വിജയിപ്പിക്കാനായില്ല. ഭരണത്തുടർച്ച ലഭ്യമാക്കുക, പാർട്ടിക്കുള്ളിലെ പോര് അവസാനിപ്പിക്കുക എന്നീ രണ്ട് ദൗത്യങ്ങൾ രാജസ്ഥാനിലെ കോൺഗ്രസിനെ സംബന്ധിച്ച് ബലികേറാമലയാണ്.


ആർ.എസ്.എസിന് ആഴത്തിൽ വേരോട്ടമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇന്ത്യയിൽ ജനസംഖ്യാനുപാതികമായി ഹിന്ദുമത വിശ്വാസികൾ കൂടുതലുള്ളതും മധ്യപ്രദേശിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുകയും കമൽനാഥിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്‌തെങ്കിലും 15 മാസം മാത്രമാണ് കോൺഗ്രസ് സർക്കാരിന് ആയുസുണ്ടായിരുന്നത്. ഈ കാലയളവ് ഒഴികെ 2004 മുതൽ സംസ്ഥാനം ബി.ജെ.പിയുടെ കൈയിലാണ്. ബാബരി മസ്ജിദ് പ്രശ്നം കത്തിനിന്ന 1990കളുടെ തുടക്കത്തിൽ തന്നെ ബി.ജെ.പി സംസ്ഥാനത്തെ പ്രധാന ശക്തിയാണ്. അഞ്ച് ശതമാനം വോട്ട് ഷെയറോടെ രണ്ട് സീറ്റുകൾ ലഭിച്ച ബി.എസ്.പിയും സംസ്ഥാനത്ത് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.


മധ്യപ്രദേശ് കോൺഗ്രസിനുള്ളിൽ കലാപക്കൊടി ഉയർത്തിയ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ട് ബി.ജെ.പിയിലെത്തുകയും കേന്ദ്രമന്ത്രിയാവുകയും ചെയ്തതിനാൽ സംസ്ഥാനത്ത് കമൽനാഥിന് ഇപ്പോൾ പാർട്ടിയിൽ എതിരാളികളില്ല. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ് മുഖ്യമന്ത്രി പദവിയിലേക്കുള്ള മത്സരത്തിനില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത് ഹൈക്കമാൻഡിന് ആശ്വാസമാണ്. ഭാരത് ജോഡോ യാത്ര കടന്നുപോയതിന്റെ ഫലം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ പാർട്ടിയെ സജ്ജമാക്കിവരുന്നതും സംസ്ഥാനത്ത് കോൺഗ്രസിന് മുൻതൂക്കം നൽകുന്ന ഘടകമാണ്.


ധാതു സമ്പത്ത് കൊണ്ട് സമ്പുഷ്ടമായ സംസ്ഥാനത്തെ ഭരണം നിലനിർത്തുന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളവയിൽ കോൺഗ്രസിനെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യം. മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ പാർട്ടിക്കുള്ളിലും പുറത്തും കരുത്തനാണ്. ജനകീയ മുഖമുണ്ട്. കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിന്റെ ചരിത്രപ്രസിദ്ധമായ പ്ലീനറി സമ്മേളനത്തിന് ആതിഥ്യം വഹിച്ച് മികച്ച സംഘാടനത്തിലൂടെ തന്റെ ശേഷി ഹൈക്കമാൻഡിന് കാണിച്ചുകൊടുക്കാൻ ഭാഗലിന് കഴിഞ്ഞു. അക്കാര്യത്തിൽ ഹൈക്കമാൻഡ് ഭാഗലിനെ പ്രശംസിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഭാഗമായിരുന്ന സ്ഥലം വേർപ്പെടുത്തി 2000ലാണ് ഛത്തിസ്ഗഡ് രൂപീകരിച്ചത്. അതുമുതൽ 15 വർഷം രമൺസിങ്ങിലൂടെ ബി.ജെ.പിയാണ് സംസ്ഥാനം ഭരിച്ചത്. 2018ൽ അതിന് ഭൂപേഷ് ഭാഗൽ അന്ത്യം കുറിച്ചു, അതും മൂന്നിൽ രണ്ടിൽ കൂടുതൽ സീറ്റുകളോടെ. ആ തെരഞ്ഞെടുപ്പിൽ എട്ട് ശതമാനം വോട്ടും 34 സീറ്റുകളുമാണ് ബി.ജെ.പിക്ക് നഷ്ടമായത്. പൊതുതെരഞ്ഞെടുപ്പിൽ ‘സമദൂര സിദ്ധാന്തം’ സ്വീകരിക്കാൻ സാധ്യതയുള്ള ബി.എസ്.പിയാണ് സംസ്ഥാനത്ത് സജീവമായ മറ്റൊരു കക്ഷി.


നീണ്ട ആവശ്യത്തിനൊടുവിൽ 2014ൽ യു.പി.എ സർക്കാരിന്റെ അവസാന കാലത്താണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നത്. കോൺഗ്രസ് വലിയ സ്വപ്‌നങ്ങൾ കണ്ടെങ്കിലും രൂപീകരണം മുതൽ തെലങ്കാന രാഷ്ട്രസമിതി (ഇപ്പോൾ ഭാരത് രാഷ്ട്ര സമിതി- ബി.ആർ.എസ്) ആണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനത്തെ കിരീടം താഴെവയ്ക്കാത്ത നേതാവായി കെ.സി.ആർ മാറുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.സി.ആറിന്റെ ബി.ആർ.എസ് 47 ശതമാനം വോട്ടുകളോടെ ആകെയുള്ള 119ൽ 88 സീറ്റുകളും സ്വന്തമാക്കി. 19 സീറ്റുകളോടെ കോൺഗ്രസ് തെലങ്കാനയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി. കോൺഗ്രസ് കഴിഞ്ഞാൽ അസദുദ്ദീൻ ഉവൈസിയുടെ മജ്‌ലിസേ ഇത്തിഹാദുൽ മുസ് ലിമീൻ ആണ് തെലങ്കാനയിലെ പ്രധാന കക്ഷി. തെലങ്കാന പിടിക്കുക എന്നത് കോൺഗ്രസ് അടുത്തിടെ പാർട്ടിയുടെ അജൻഡയിലെഴുതിച്ചേർത്ത ദൗത്യമാണ്.


കോൺഗ്രസിന്റെ കുത്തക സംസ്ഥാനങ്ങളിലൊന്നായിരുന്നു മിസോറം. ക്രൈസ്തവ വിശ്വാസികൾ ഭൂരിപക്ഷമായ ഇവിടെ മൂന്നു ശതമാനത്തിന് താഴെയാണ് ഹിന്ദു ജനസംഖ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടുകളാണ് എം.എൻ.എഫിന് ലഭിച്ചത്. കോൺഗ്രസിന് 29 ശതമാനം വോട്ടുകൾ ലഭിച്ചെങ്കിലും തൊട്ടു മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 29 സീറ്റുകളാണ് കുറവുണ്ടായത്. ബി.ജെ.പിക്ക് ഒരുസീറ്റും ലഭിച്ചു. അടുത്തിടെ തൊട്ടടുത്ത സംസ്ഥാനമായ മണിപ്പൂരിലുണ്ടായ വർഗീയ കലാപം മിസോറം ജനതയെ സ്വാധീനിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.