2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

Editorial

പ്ലാറ്റിനം ജൂബിലിയിലും കണ്ണീര് വാര്‍ത്ത് റബര്‍ കര്‍ഷകര്‍


കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരന്തരം അവഗണിക്കുന്ന അധികാരവര്‍ഗത്തിന്റെ നിഷേധ നിലപാടുകളുടെ രക്തസാക്ഷികളാണ് റബര്‍ കര്‍ഷകര്‍. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനമുള്ള റബര്‍ കൃഷിയുടെ താങ്ങും തണലുമായ റബര്‍ ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിലും ശുഭാപ്തിവിശ്വാസത്തിലല്ല ലക്ഷക്കണക്കിന് റബര്‍ കര്‍ഷകര്‍. ആഭ്യന്തര വിപണിയില്‍ തന്നെ ഇവിടെ ഉല്‍പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രകൃതിദത്ത റബര്‍ ആവശ്യമായിട്ടും കര്‍ഷകര്‍ക്ക് ന്യായവില കിട്ടുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. റബര്‍ മരങ്ങള്‍ കൂട്ടത്തോടെ മുറിച്ചുമാറ്റി കൈതച്ചക്കയും ഫലവൃക്ഷങ്ങളും നടുന്നത് പതിവുകാഴ്ചയായിട്ടുണ്ട്. യുവകര്‍ഷകരാകട്ടെ ഈ മേഖലയിലേക്ക് കടന്നുവരുന്നതുമില്ല. ഇതിന് പരിഹാരം കാണാന്‍ റബര്‍ ബോര്‍ഡ് മുന്‍കൈയെടുക്കണം.


കേരളത്തിലെ റബര്‍ കര്‍ഷകരില്‍ 95 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഇവരുടെ ഉല്‍പന്നം വാങ്ങുന്നതാകട്ടെ വന്‍കിട റബര്‍ കമ്പനികളും. ഇവരാണ് വില നിശ്ചയിക്കുന്നത്. ആഴ്ചതോറും റബര്‍ വിറ്റ് ഉപജീവനം കഴിക്കുന്ന ഇവര്‍ക്ക് ജീവിതം തന്നെ വലിയ പ്രതിസന്ധിയാണ്. രണ്ടു ഹെക്ടറില്‍ താഴെ റബര്‍ കൃഷിയുള്ള 11.71 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. അവരുടെ കൈവശം 5.53 ലക്ഷം ഹെക്ടര്‍ റബര്‍ കൃഷിയാണുള്ളത്. ഒരേക്കറില്‍നിന്ന് 600 കിലോ റബര്‍ ഉല്‍പാദനം ഒരു വര്‍ഷം പ്രതീക്ഷിക്കാം. 170 രൂപ വച്ച് വാര്‍ഷിക വരുമാനം 1,02,000 രൂപ. വെട്ടുകൂലിയും പരിചരണവുമായി 40,000 രൂപ ചെലവാകും. അപ്പോള്‍ വാര്‍ഷിക വരുമാനം 62,000 രൂപ. അതായത് മാസവരുമാനം 5,166 രൂപ. ഇങ്ങനെ നോക്കിയാല്‍ ഓരോ ശരാശരി റബര്‍ കര്‍ഷകനും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരിക്കും.


മികച്ച റബര്‍ ഉല്‍പാദിപ്പിക്കാനും അവയെ മുന്തിയ ഗ്രേഡാക്കി മാറ്റി വിപണിയില്‍ എത്തിക്കാനുമുള്ള അറിവും കഴിവും ഉള്ളവരാണ് കേരളത്തിലെ റബര്‍ കര്‍ഷകര്‍. ഇവരെ ഈ രീതിയില്‍ മാറ്റാന്‍ റബര്‍ ബോര്‍ഡ് വലിയ ഇടപെടലുകളും സംഭാവനകളും നല്‍കിയിട്ടുണ്ട്. 1955ല്‍ ആണ് കോട്ടയത്ത് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍.ആര്‍.ഐ.ഐ) സ്ഥാപിച്ചത്. റബര്‍ ഉല്‍പാദനം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് റബര്‍ ബോര്‍ഡ് നാളിതുവരെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. വിപണിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല എന്നത് പോരായ്മയാണ്. 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ ഇതിനു മാറ്റമുണ്ടാകണം. 1947ല്‍ 62,987 ഹെക്ടറില്‍ കൃഷി ചെയ്തിരുന്നിടത്ത് 2022 ആയപ്പോഴേക്ക് 8.26 ലക്ഷം ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിഞ്ഞത് ബോര്‍ഡിന്റെ ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നത് വസ്തുതയാണ്. ഉല്‍പാദനം 14,681 ടണ്ണില്‍നിന്ന് 7.75 ലക്ഷം ടണ്ണായും ഉയര്‍ന്നു.

 


സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിയില്‍ പെടുത്തി പ്രഖ്യാപിച്ചത് റബറിന് കിലോയ്ക്ക് 170 രൂപ! വിപണി വിലയില്‍ കുറവു വന്നാല്‍ 170 ലേക്കെത്താനുള്ള ബാക്കി തുക ഇന്‍സന്റീവായി സര്‍ക്കാര്‍ നല്‍കുകയാണ് പതിവ്. വിലസ്ഥിരത 250 രൂപയില്‍ എങ്കിലും എത്തിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇത് തികച്ചും ന്യായവും മാന്യവുമായ ആവശ്യമാണ്. ഈ ഇന്‍സന്റീവ് മുടങ്ങിയതായും ആക്ഷേപമുണ്ട്. റബര്‍ ടാപ്പുചെയ്യുന്നതിനും പാല്‍ ശേഖരിച്ചു ഷീറ്റാക്കുന്നതിനുമെല്ലാം വലിയ തുക കൂലിയിനത്തില്‍ ചെലവു വരുന്നതിനാല്‍ പല കര്‍ഷകരും പാല്‍ ശേഖരിച്ചശേഷം ഷീറ്റാക്കാതെ നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് ഒരു കിലോയ്ക്ക് ഏഴു രൂപയുടെ വരെ കുറവുണ്ട്. ഇതെല്ലാം വലിയ നഷ്ടമാണ് റബര്‍ കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നത്.


ഒരു ഭാഗത്ത് വന്‍കിട വ്യവസായികളും മറുഭാഗത്ത് ചെറുകിട കര്‍ഷകരും കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ ഏറെ ഗൗരവമുള്ള കടമയാണ് റബര്‍ ബോര്‍ഡിന് നിര്‍വഹിക്കാനുള്ളത്. രണ്ടു ഭാഗത്തും ഒരു പോലെ നീതിയുക്തമായിരിക്കണം. ഈയടുത്തകാലം വരെ റബര്‍ ബോര്‍ഡിന് ഈ കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ സ്ഥിതി അതല്ല. ഇറക്കുമതി ചെയ്യുന്ന റബറിന്റെ അളവ് കൂടിയതോടെ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു തിരിച്ചടിയായി. റബര്‍ വില ഇടിഞ്ഞതോടെ റബര്‍ ടാപ്പിങ് തൊഴിലാളിക്ക് കൂലി കൊടുത്താല്‍ പിന്നെ കാര്യമായി ലാഭമില്ലാത്ത സ്ഥിതിയാണ്. ഇതോടെ ഉല്‍പാദനവും കുറഞ്ഞു. 2013ല്‍ ഒമ്പതേമുക്കാല്‍ ലക്ഷം ടണ്‍ ആയിരുന്ന ഉല്‍പാദനം 2015ല്‍ അഞ്ചു ലക്ഷം ടണ്ണായി കുറഞ്ഞു. ഇത് വീണ്ടും ഇറക്കുമതി കൂട്ടാന്‍ ഇടയാക്കി. ഇപ്പോള്‍ ഏഴരലക്ഷം ടണ്‍ എന്ന തോതിലാണ് ഉല്‍പാദനം. കേന്ദ്രസര്‍ക്കാരിന് ഇറക്കുമതിയുടെ ചുങ്കം കൂട്ടിയാല്‍ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉല്‍പാദനത്തിന് നല്ല വില ഉറപ്പുവരുത്താനാകും. എന്നാല്‍ ഈ അധികാരം ഉപയോഗിച്ച് രാജ്യത്തെ ചെറുകിട കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതേയില്ല.


ഇതിനിടെയാണ് റബര്‍ വില ഇപ്പോള്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കും ഇടയാക്കിയിരിക്കുന്നത്. റബറിന് കിലോയ്ക്ക് 300 രൂപയാക്കിത്തന്നാല്‍ ബി.ജെ.പിക്ക് കേരളത്തില്‍നിന്ന് എം.പിയെ സംഭാവന ചെയ്യാമെന്ന് തലശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗമാണ് വിവാദമായത്. തൊട്ടടുത്തുള്ള കര്‍ണാടകയില്‍ റബറിന് ലഭിക്കുന്ന വിലയുടെ കണക്കെടുത്തപ്പോള്‍ തന്നെ എം.പിയോ എം.എല്‍.എയോ ഒന്നുമല്ല റബര്‍ വിലയുടെ അളവുകോല്‍ എന്ന് ക്രൈസ്തവ നേതാക്കള്‍ക്കും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും കര്‍ഷകരോടുള്ള നിലപാടുകളുമാണ് വില്ലന്‍ എന്ന് അവര്‍ക്കറിയാം. പ്ലാറ്റിനം ജൂബിലിയില്‍ പങ്കെടുക്കാന്‍ എത്തിയ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാവര്‍ ധനാനിയ വ്യക്തമാക്കിയത്, റബര്‍ വില 300 രൂപയായി ഉയരുന്നതു സംബന്ധിച്ച് ഒന്നും പറയാനാകില്ലെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പിരിച്ചുവിടുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബോര്‍ഡ് ആവശ്യമില്ലെന്ന് നീതി ആയോഗ് ശുപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ബോര്‍ഡിന്റെ നിലനില്‍പ്പ് തന്നെ മാസങ്ങളായി ആശങ്കയിലായിരുന്നു. ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ചെയര്‍മാന്‍ തന്നെ വ്യക്തമാക്കിയത് ആശ്വാസമാണ്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി നടത്തിയാല്‍ കേരളത്തിലെ റബര്‍ മേഖലയ്ക്ക് ഭാവിയുണ്ടെന്ന അദ്ദേഹത്തിന്റെ വാക്കുകളിലെ പ്രതീക്ഷയിലാണ് ഇവിടുത്തെ റബര്‍ കര്‍ഷകരുള്ളത്. രാജ്യത്ത് റബര്‍ നിയമം നടപ്പാക്കിയതിന്റേയും റബര്‍ ബോര്‍ഡ് രൂപവത്കരിച്ചതിന്റേയും പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വേളയില്‍ മേഖല നേരിടുന്ന കടുത്ത പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ അധികൃതര്‍ തയാറാകുക എന്നത് കേവലമൊരു കര്‍ഷകമര്യാദകൂടിയാണ്. റബര്‍ കര്‍ഷകര്‍ കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ്.

The rubber farmers are the martyrs of the denialist attitude of the ruling elite who constantly ignore the demands of the farmers

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.