2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫലസ്തീന്‍ വിഷലിപ്ത രാഷ്ട്രീയമാണ് പ്രശ്‌നം

ഫലസ്തീന്‍ വിഷലിപ്ത രാഷ്ട്രീയമാണ് പ്രശ്‌നം

ഡോ. മുനവ്വര്‍ ഹാനിഹ

മധ്യേഷ്യന്‍ പ്രശ്‌നം ചര്‍ച്ചയാവുന്നത് ലോകരാഷ്ട്രീയ ബലാബലത്തിനപ്പുറം മതകീയ പരിസരത്തിലാണ്. സെമറ്റിക് മതങ്ങളുടെ പല വിശ്വാസങ്ങളും പങ്കിടുന്ന ഭൂമികയാണ് ഫലസ്തീന്‍. ജൂതമതം, ക്രിസ്തുമതം, ഇസ് ലാം ഇവയുടെ പല വിശ്വാസങ്ങളും ഫലസ്തീനും മസ്ജിദുല്‍ അഖ്‌സയും പങ്കിടുന്നു. പരിഹാരമില്ലാത്ത ഒരു പ്രശ്‌നമായി, ലോകരാഷ്ട്രീയക്രമത്തെ നിശ്ചയിക്കുന്ന പ്രതിസന്ധിയായി എങ്ങനെ എല്ലാ കാലത്തും ഇത് നിലനില്‍ക്കുന്നു? കേവലരാഷ്ട്രീയ സാഹചര്യങ്ങള്‍ മാത്രമല്ല ഇവിടെ പ്രശ്‌നം, അതിര്‍ത്തിയുമല്ല, ആയുധ ക്രയവിക്രയം പോലുമല്ല.

ദൈവശാസ്ത്രത്തിനകത്ത് പല മതങ്ങളിലും ചര്‍ച്ചക്കെടുക്കുന്ന ചരിത്രാവസാനകാല പഠനം(Eschatology) എന്നതിന്റെ പരിധിയില്‍ തുലോം ന്യൂനപക്ഷത്തിന് മാത്രം വ്യക്തമായ ധാരണയുള്ള വിഷയങ്ങളിലേക്ക് ശ്രദ്ധിച്ചാല്‍ ഇതിന്റെ അടിയൊഴുക്ക് അറിയാനാകും. ചരിത്രാവസാനകാല പഠനശാഖ ലോകത്ത് വരാനിരിക്കുന്ന പല കാര്യങ്ങളെയും മുന്‍കൂട്ടി നിര്‍ണയിക്കാന്‍ ഉതകുന്ന ഒന്നാണ്. പല അന്താരാഷ്ട്ര രാഷ്ട്രീയവിദഗ്ധരും ഇതില്‍ നിപുണരും രാഷ്ട്രങ്ങളുടെ നയനിലപാടുകള്‍ കെട്ടിപ്പടുക്കാന്‍ ഈ മേഖലയില്‍ ഉത്തരം തേടുന്നവരുമാണ്. ചരിത്രം തുടങ്ങുന്ന കാലം മുതല്‍ അവസാനിക്കുന്നതുവരെയുള്ള പല കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ വേദഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കി ഗവേഷണം ചെയ്തു നിരീക്ഷണങ്ങള്‍ തിട്ടപ്പെടുത്തുന്ന പഠിതാക്കള്‍ ഈ മേഖലയിലുണ്ട്. സെമറ്റിക് മതങ്ങളുടെ ബന്ധങ്ങളില്‍ പശ്ചിമേഷ്യന്‍ പ്രശ്‌നം/പരിഹാരം അല്ലെങ്കില്‍ നടന്നത്/നടക്കാനിരിക്കുന്നത് ഇപ്രകാരം മനസിലാക്കിയെടുക്കാനുമാവും. അവ മതകീയ മാനത്തില്‍ പണ്ഡിതര്‍ പഠിച്ച് ശിഷ്യന്മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗവേഷകര്‍ പഠനംനടത്തി ആവശ്യമായവ ചികഞ്ഞെടുക്കുന്നു.

യേശുവിന്റെ തിരിച്ചുവരവ് ബന്ധപ്പെട്ട മാനവരാശിയുടെ അവസാനവും സെമറ്റിക് മതങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നു. ഇത്തരം പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് നിരീക്ഷിക്കുമ്പോള്‍ ദൈവം മുന്‍നിശ്ചയിച്ചതും പ്രവാചകന്മാര്‍/പുണ്യവാളന്മാര്‍ ഉണര്‍ത്തിയതുമായ കാര്യങ്ങളുടെ തുറവിയാണ് നമുക്ക് കാണാനാവുക. മതങ്ങള്‍ എന്ന നിലയ്ക്ക് മൂന്നു മതങ്ങളും അക്രമത്തെ, സംഘര്‍ഷത്തെ, യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആശീര്‍വാദത്താല്‍ നിലകൊള്ളുന്ന റഷ്യ ഫലസ്തീനു പിന്തുണ നല്‍കുന്നു, കേരളത്തിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് പാതിരി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. മാത്രമല്ല ഓര്‍ത്തഡോക്‌സ് ജൂയിഷ് പണ്ഡിതന്‍ യസ്രേയേല്‍ ഡോവിഡ് വെസ്സ് റബ്ബി മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് –’അക്രമികള്‍ ജൂതന്മാരല്ല, അവര്‍ ഇസ്‌റാഈലികളായ സയണിസ്റ്റുകള്‍ മാത്രമാണ്, മുസ്‌ലിംകളെ അക്രമിക്കുന്നത് ‘തോറ’ വേദപ്രകാരം ഞങ്ങള്‍ക്ക് ചെയ്യാനാകുന്നതല്ല’. വിശ്വാസികളുടെ ചേരിയില്‍ ഐക്യപ്പെടലുണ്ട് എന്നിത് വ്യക്തമാക്കുന്നു.

തീവ്ര ദേശീയതയാല്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട ജൂതന്മാര്‍ 150 വര്‍ഷം മുമ്പ് മാത്രം സംഘംചേര്‍ന്നവരാണ്. സയണിസ്റ്റുകള്‍ എന്ന ഇവരുടെ കൂട്ടിനെത്തിയ റോമന്‍ പിന്തുടര്‍ച്ചക്കാരായ പാശ്ചാത്യ ക്രിസ്ത്യന്‍ ചേരിയും രണ്ടാം ലോകമഹായുദ്ധത്തോടെ വളച്ചുകെട്ടിയ ഒരു പ്രദേശമാണ് ഇസ്‌റാഈല്‍. ഇത് രാജ്യമായി നിലനില്‍ക്കുന്നതുതന്നെ പാശ്ചാത്യ സഖ്യസേനയുടെ പിന്‍ബലത്താല്‍ മാത്രമാണ്. ഈ സഖ്യസേനയുടെ രാഷ്ട്രീയ തത്വശാസ്ത്രം ഉദാരവല്‍ക്കരണ(Liberalism)മാണ്. ഇത് മതങ്ങളെ തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തില്‍ പ്രതിജ്ഞാബദ്ധമാണ്. അപ്പോള്‍ ഈ സഖ്യസേനയുടെ നിലനില്‍പ്പും ഇസ്‌റാഈലിന്റെ നിലനില്‍പ്പും മതങ്ങള്‍ക്ക് വേണ്ടിയല്ല എന്നത് വ്യക്തമല്ലോ!

ഇസ്‌റാഈലിനു ഭീഷണിയായ ഒട്ടനേകം രാജ്യങ്ങള്‍ ഒരു കാരണത്താല്‍ അല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തോടെ വിനാശകരമായ മാറ്റം ലോകത്ത് നടന്നുകഴിഞ്ഞു എന്നാണ് ചരിത്രാവസാനകാലത്തെക്കുറിച്ചു പഠിക്കുന്നവരുടെ പ്രബലമായ അഭിപ്രായം. ഇതോടെ ഗോഗ് ആന്റ് മാഗോഗ് പുറപ്പെട്ടു കഴിഞ്ഞു എന്ന് പല പണ്ഡിതരും കരുതുന്നു. അത്ര വിഷലിപ്തമായ തത്വചിന്തയും ഭരണക്രമവും രാഷ്ട്രീയക്രമവും ലോകത്ത് നടപ്പില്‍വന്നു. ഇതുകൂടി ചേര്‍ത്തുവച്ചാല്‍ ഈ ലോകരാഷ്ട്രീയ തത്വചിന്താക്രമത്തിന്റെ സാരഥ്യം ഇപ്പോള്‍ അമേരിക്കയുടെ പക്കലാണ്. എന്നാല്‍ ഇത് വളരെ വൈകാതെ ഇസ്‌റാഈലിലേക്ക് നീങ്ങും അഥവാ പാക്‌സ് അമേരിക്കാന എന്നത് പാക്‌സ് ജൂതായിക്ക എന്ന ലോകക്രമത്തിലേക്ക് മാറ്റപ്പെടും(pax Americana to pax judaica). അപ്പോഴാകും പശ്ചിമേഷ്യ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുക. പരിപൂര്‍ണമായ മൂല്യത്തകര്‍ച്ചയുടെ ഈ കാലത്തായിരിക്കും സെമറ്റിക് മതങ്ങളില്‍ പരാമര്‍ശിച്ചത് പ്രകാരം ഈസ പ്രവാചകന്‍ ആഗതനാവുക എന്നാണ് പ്രബല നിരീക്ഷണം.

മതങ്ങളെ സംബന്ധിച്ച് മാത്രമല്ല മതചരിത്രം, ദൈവശാസ്ത്രം, മതാചാരം എന്നിവ ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മനസ്സിലാക്കിയിട്ടുള്ളവര്‍ക്കും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ മറ്റൊരു വീക്ഷണകോണിലൂടെ മനസിലാക്കാനാകും. അങ്ങനെ മനസിലാക്കിയാല്‍ മതങ്ങള്‍ അക്രമത്തേയോ യുദ്ധത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. മതം സമാധാനം മാത്രമാണ്. രാഷ്ട്രങ്ങളുടെ സഖ്യം ചേരലുകളിലേക്ക് മതമൂല്യങ്ങള്‍ ഇല്ലാത്തവര്‍ കടന്നുകയറി സാരഥ്യമേറ്റെടുത്തു എന്നതിന്റെ ഫലമാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പ്രശ്‌നം മതങ്ങള്‍ തമ്മിലല്ല. മൂല്യങ്ങളില്ലാത്ത രാഷ്ട്രീയചേരിക്കെതിരില്‍ മനുഷ്യര്‍ക്ക് ചെയ്യാനാകുന്ന പ്രതിരോധമാണ് നാം കാണുന്നത്. ഇതില്‍ നീതി പുലരുകതന്നെ ചെയ്യും എന്ന് സര്‍വ മതങ്ങളും പറയുന്നു. സത്യം മനസ്സിലാക്കിയവര്‍ സ്ഥൈര്യം കൈവിടേണ്ടതില്ല.

(തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ്
അധ്യാപകനാണ് ലേഖകന്‍)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.