ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യമായി. നാരി ശക്തി വന്ദന്‍ അധീനിയം എന്ന പേരില്‍ നിയമം അറിയപ്പെടും. നാരി ശക്തി വന്ദന്‍ നിയമം സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് അതായത് 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയായിരുന്നു. രാജ്യസഭയില്‍ 215 പേരാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ആരും ബില്ലിനെ എതിര്‍ത്തില്ല.
പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ഇരുസഭകളും ബില്‍ പാസാക്കിയത്. ചട്ടം 344 പ്രകാരം ബില്‍ അവതരിപ്പിച്ചതിനാല്‍ 50 ശതമാനം സംസ്ഥാനങ്ങളില്‍ ബില്‍ പാസാക്കേണ്ടതില്ല. മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും നടത്തിയതിന് ശേഷമാകും നിയമം നടപ്പിലാകുക. 2029ല്‍ നിയമം നടപ്പിലാകുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ നേടാനായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബില്‍ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാര്‍ക്ക് മോദി നന്ദി അറിയിച്ചിരുന്നു.
Comments are closed for this post.