2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൊവിഡ്19: ബലപ്രയോഗം ഇന്ത്യയില്‍ നിഷ്ഫലം, ജനപിന്തുണ നേടണം

ഇന്ത്യയിലെ പ്രമുഖരായ എപ്പിഡമിയോളജിസ്റ്റുകളില്‍(സാംക്രമികരോഗവിദഗ്ധര്‍) ഒരാളാണ് ജയപ്രകാശ് മുളിയില്‍. വെല്ലൂര്‍ സി.എം.സിയുടെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായിരുന്ന അദ്ദേഹം കോവിഡ്19 സംബന്ധിച്ച് Scroll.in \v അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ ഭാഷാന്തരം ഇവിടെ വായിക്കാം.

വിവര്‍ത്തനം-അനീസ് ടി എ കമ്പളക്കാട്

 

പകര്‍ച്ചവ്യാധികളുമായുള്ള നമ്മുടെ മുന്നനുഭവങ്ങളില്‍ നിന്ന് എന്ത് പാഠമാണ് ഇന്ത്യക്ക് പഠിക്കാനുള്ളത്? വിശിഷ്യാ, അടുത്ത് പ്രത്യക്ഷപ്പെട്ട എച്ച്1 എന്‍1, പന്നിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളുമായി നാം ഏറ്റുമുട്ടിയതില്‍ നിന്ന്?

യഥാര്‍ത്ഥത്തില്‍ എച്ച്1 എന്‍1 വ്യാപനസമയത്ത് നമുക്കൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. അതിനെ തടുത്ത് നിര്‍ത്താനോ നിയന്ത്രിക്കാനോ നമുക്കാവുമായിരുന്നില്ല. രോഗികളെ സംരക്ഷിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നും സ്‌റ്റേറ്റിനോ ഹോസ്പിറ്റലുകള്‍ക്കോ ചെയ്യാനാവുമായിരുന്നില്ല. എയര്‍പോര്‍ട്ടുകളില്‍ ജനങ്ങളുടെ താപനില പരിശോധിക്കുക എന്ന പ്രവര്‍ത്തി മാത്രമായിരുന്നു സ്റ്റേറ്റ് ചെയ്തിരുന്നത്. എച്ച്1 എന്‍1 ഇന്ത്യയിലെത്താതെ തടയുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. പക്ഷെ, അത് അസാധ്യമാണെന്ന് നമുക്കൊഴികെ മറ്റെല്ലാവര്‍ക്കും ഉറപ്പായിരുന്നു. വളരെ രസകരമായ കാര്യമെന്താണെന്നു വെച്ചാല്‍, എച്ച്1 എന്‍1 ന്റെ ആദ്യ ഘട്ടം ഇന്ത്യയില്‍ സ്ഥിരീകരിച്ചുകഴിഞ്ഞ ശേഷവും നമ്മുടെ എയര്‍പോര്‍ട്ടുകളില്‍ താപം പരിശോധിക്കുന്ന യന്ത്രങ്ങള്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. മരുന്നുകളൊന്നും ഫലപ്രദമാവാത്ത, അതിവേഗതയിലുള്ള സംക്രമണം നടക്കുന്ന ആ സമയത്തും നമുക്കൊന്നും ചെയ്യാനാവുമായിരുന്നില്ല.

അതിനുള്ള വാക്‌സിന്‍ വികസിതമാവുമ്പോഴേക്കും ഇന്ത്യയില്‍ ആദ്യഘട്ടം അവസാനിച്ചിരുന്നു. ഒരര്‍ഥത്തില്‍ എച്ച്1 എന്‍1 സ്വയം കടന്നുവന്ന് സ്വയം കടന്നുപോവുകയായിരുന്നു. നമ്മുടെ പ്രവര്‍ത്തികള്‍ക്കോ ഗവണ്‍മെന്റിന്റെ കല്‍പനകള്‍ക്കോ അതില്‍ പങ്കുണ്ടായിരുന്നില്ല.

ഇപ്പോള്‍ എന്താണ് വ്യത്യസ്തമായുള്ളത്? എന്തുകൊണ്ടാണ് വിദഗ്ധര്‍ പുതിയ വൈറസ് കടന്നുപോവും മുന്നേ വന്‍തോതിലുള്ള സാമൂഹിക ബാധയും മരണവും പേടിക്കുന്നത്?

ആദ്യമായി, എച്ച്1 എന്‍1 ന്റെ കാര്യത്തില്‍ ജനറേഷന്‍ ടൈം (ഒരു വ്യക്തിക്ക് രോഗം പകരുന്നതിന്റെയും അയാളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരുന്നതിന്റെയും ഇടയിലുള്ള സമയം) വളരെ കുറവായിരുന്നു. ഒരു ദിവസത്തില്‍ ചുവടെയായിരുന്നു അത്. എന്നാല്‍, പുതിയ വൈറസിന്റെ കാര്യത്തില്‍ ഇത് ദീര്‍ഘമാണ്; ഏകദേശം മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കാവുന്നതാണ്.
രണ്ടാമതായി, എച്ച്1 എന്‍1 ന്റെ കാര്യത്തില്‍ മിക്ക സംക്രമണവും നടന്നത് ഒരു സംവാഹകനിലേക്കv(host) പ്രവേശിച്ച ആദ്യ രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം രോഗബാധ ഉണ്ടാവാറില്ലായിരുന്നു. എന്നാല്‍ കോവിഡ് 19ന് വളരെ ദീര്‍ഘകാലം ജീവക്ഷമതയുള്ളതായാണ് മനസ്സിലാവുന്നത്.

പുറമെ, എച്ച്1 എന്‍1 ല്‍ രോഗബാധയേറ്റ ശേഷവും ലക്ഷണങ്ങള്‍ പ്രത്യക്ഷമാവാത്ത കേസുകള്‍ 20% മാത്രമായിരുന്നെങ്കില്‍ ചൈനയില്‍ നിന്നുള്ള നിര്‍ണ്ണയങ്ങള്‍ പ്രകാരം കോവിഡ്19 ല്‍ അത് 50 ശതമാനത്തോളമാണ്. അഥവാ, രോഗബാധയേറ്റ പകുതി പേരെങ്കിലും ആ വിവരം അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാല്‍ ഇവിടെ പ്രസക്തമാവുന്ന ഒരു ചോദ്യമുണ്ട്: അത്തരം ആളുകള്‍ക്കും തുടര്‍സംക്രമണത്തില്‍ പങ്കാളികളാവാനാവുമോ? ഇതുവരെ കൃത്യമായി അറിയില്ല എന്നാണുത്തരം!

ഇതുവരെ ഈ വൈറസിന്റെ വ്യാപനം തടയാന്‍ ഇന്ത്യ ആവശ്യമായ നടപടിക്രമങ്ങളൊക്കെ കൈക്കൊണ്ടിരുന്നോ? എന്താണ് നിങ്ങളുടെ അഭിപ്രായം?

നാം ശ്രമിച്ചിട്ടുണ്ട്. അതില്‍ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ചിലരൊക്കെ വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചു. ആവേശത്തോടെയും അതീവ ശ്രദ്ധയോടെയും പോരാടി. എന്നാല്‍ ചിലരൊക്കെ ഉദാസീനമായ മനോഭാവമാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷെ, അതുകൊണ്ടൊന്നും ഇനി കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി നാം ഈ മഹാവ്യാധിയെ അഭിമുഖീകരിക്കാന്‍ പോവുകയാണ്.

നാം ചെയ്യേണ്ടിയിരുന്ന, എന്നാല്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

നമുക്ക് ചൈന ചെയ്യേണ്ടിയിരുന്ന കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തുടങ്ങാം. അവര്‍ ആ രോഗബാധയെ അത് ഉത്ഭവിച്ച ഇടത്തുതന്നെ തളച്ചിടണമായിരുന്നു. ഓര്‍ക്കുക, ചൈനക്ക് മികച്ച ശാസ്ത്രജ്ഞന്മാരുണ്ട്, അവര്‍ക്കതിന് സാധിക്കണമായിരുന്നു. പക്ഷെ, കഴിഞ്ഞില്ല. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത എല്ലാ ഏകാധിപത്യ സമൂഹങ്ങളിലും സംഭവിക്കുന്നതാണിത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഒരു രാജ്യമെന്ന നിലക്ക്, ഒപ്പം അതിവേഗത്തില്‍ മുന്നോട്ട് കുതിക്കാന്‍ നമുക്ക് സാധിക്കില്ല. ഇന്ത്യയിലെ അടിത്തട്ടിലെ ജനങ്ങള്‍ക്ക് രോഗനിയന്ത്രണമെന്നതിന്റെ അര്‍ത്ഥം പോലും ഇനിയും മനസ്സിലാക്കിക്കാണുമെന്ന് ഞാന്‍ കരുതുന്നില്ല.

ഇംഗ്ലീഷ് ഭാഷാനിഘണ്ടുകളില്‍ Mitigate(ശമിപ്പിക്കുക എന്നര്‍ത്ഥം) എന്ന പദത്തിനോട് ചേര്‍ന്ന് ചിലപ്പോഴൊക്കെ ഒരു കോളം കാണം. അതില്‍ Militate(തടയുക എന്നര്‍ഥം) എന്ന പദവുമായി കണ്‍ഫ്യൂസ് ആവരുതെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. ശമിപ്പിക്കല്‍(ാശശേഴമലേ) സൗകര്യമേര്‍പ്പെടുത്തുന്ന ഒരു നടപടിയാണെങ്കില്‍ തടയല്‍(militate) ഒരു അടിച്ചമര്‍ത്തുന്ന, അധികാരപരമായ നടപടിയാണ്.

ഇന്ത്യയില്‍ വൈറസിനെ തടയാന്‍ നാം സ്വീകരിച്ച നടപടികളിലൊന്ന് ‘വിദേശത്ത് നിന്ന് വരുന്നവരെയൊക്കെ പിടിക്കുക, പുറത്തുവിടാതിരിക്കുക’ എന്നതായിരുന്നു. വൈറസിന്റെ വാഹകര്‍ക്കെതിരെ, അവര്‍ നമ്മെയൊക്കെ ബാധിക്കാന്‍ പോവുന്ന എന്തോ ആണെന്ന തരത്തിലുള്ള ‘വിദ്വേഷം’ ജനിപ്പിക്കുന്ന ഒരു നടപടിയായിരുന്നു അത്. അത് തന്നെ ഒരു പിഴച്ച തുടക്കമായിരുന്നു. ഇനി ഈ സമീപനം മാറ്റിയെടുക്കണമെങ്കില്‍ വളരെ മികച്ചൊരു നേതൃത്വം നമുക്ക് ആവശ്യമാണ്.

നമ്മുടെ ഭരണകൂടത്തിന്റെ കോവിഡ് പരിശോധനാ നടപടികളെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മതിയായ തോതിലുള്ള പരിശോധനകള്‍ ഇവിടെ നടന്നിട്ടില്ല എന്നുവരെ. നിങ്ങളിതിനോട് യോജിക്കുന്നുണ്ടോ?

ഞാന്‍ മനസ്സിലാക്കുന്നത്, ആദ്യ സമയങ്ങളില്‍ നമ്മുടെ ഭരണകൂടങ്ങളുടെ കൈവശം വളരെ ബലഹീനമായൊരു ടെസ്റ്റിംഗ് രീതിയായിരുന്നു ഉണ്ടായിരുന്നത് എന്നാണ്. ഈ പ്രത്യേക രോഗത്തെ തിരിച്ചറിയാന്‍ അതുകൊണ്ട് സാധിക്കുമായിരുന്നില്ല. പൊതുവെ കൊറോണവൈറസിനെ തിരിച്ചറിയാനേ അതുപകരിക്കുമായിരുന്നുള്ളൂ. (ഒരുപാട് ഇനങ്ങളില്‍ പെട്ട കൊറോണവൈറസുകളുണ്ട്. പുതുതായി കണ്ടെത്തിയ കോവിഡ്19 അതിലെ ഒരിനമാണ്) ആ ടെസ്റ്റ് വഴി ഒരുപാട് അനാവശ്യ പോസിറ്റീവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അനാവശ്യമായി നിരവധി പേര്‍ ക്വാറന്റൈന്‍ ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു. ഗവണ്‍മെന്റിന് യഥാര്‍ത്ഥത്തില്‍ മറ്റു ഒപ്ഷനുകളൊന്നും ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇവിടെ ഗവണ്‍മെന്റിന് ഒരു തിരഞ്ഞെടുപ്പ് അനിവാര്യമായിരുന്നു: സംശയമുള്ളവരെ മാത്രം ടെസ്റ്റ് ചെയ്യുക. കാരണം സംശയമുള്ളവരില്‍ രോഗമുണ്ടാവാനുള്ള സാധ്യത ഏറെയാണ്. അത്തരമൊരു വ്യക്തിയെ പോസിറ്റീവായി കണ്ടാല്‍ ആവശ്യമായതൊക്കെ ചെയ്തുതീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും.

പക്ഷെ, ഇപ്പോള്‍ നമുക്ക് മികച്ച ക്ഷമതയും നൂറ് ശതമാനത്തിനടുത്ത് കൃത്യതയുമുള്ള ടെസ്റ്റിംഗ് സംവിധാനങ്ങളുണ്ട്. ഇനി ഇന്ത്യാ ഗവണ്‍മെന്റും ഐ.സി.എം.ആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വ്യാപകമായ പരിശോധനകള്‍ നടത്തുമെന്ന് എനിക്കുറപ്പുണ്ട്.

നിരവധി സാംക്രമികരോഗവിദഗ്ധര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ സമൂഹവ്യാപനം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് പറയുന്നു. ഗവണ്‍മെന്റും അത് സ്ഥിരീകരിച്ചിട്ടില്ല. എന്താണ് നിങ്ങളുടെ അഭിപ്രായം?

സമൂഹവ്യാപനം ആരംഭിച്ചിട്ടുണ്ട്. യാതൊരു വിധ സമ്പര്‍ക്കമോ യാത്രകളോ കൂടാതെ തന്നെ രോഗബാധിതരായ ചില സംഭവങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അത് പറയാന്‍ എളുപ്പമാണ്. പക്ഷെ, ഈ ഘട്ടത്തിലുണ്ടാവുന്ന പിഴവുകള്‍ക്ക് വലിയ വില നല്‍കേണ്ടതായി വരും. നമുക്ക് അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കേണ്ടതുണ്ട്.

ഇന്ത്യ പോലൊരു രാജ്യത്ത് ഈ രോഗവ്യാപനത്തെ തടയാന്‍ സാധിച്ചില്ലെന്ന് കരുതി ആരും ഗവണ്‍മെന്റിനെ ആക്ഷേപിക്കാന്‍ പോവുന്നില്ല. രോഗവ്യാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ആലോചിക്കേണ്ടത് എങ്ങനെ വന്‍തോതിലുള്ള കേസുകള്‍ കൈകാര്യം ചെയ്യും എന്നാണ്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ കോവിഡ് 19 തടയാന്‍ സ്വീകരിക്കേണ്ട രണ്ട് സാധ്യമായ രീതികളെ കുറിച്ചുള്ള സംവാദം നടക്കുന്നുണ്ട്; ലഘൂകരണവും(Mitigation) അടിച്ചമര്‍ത്തലും(ടൗുുൃലശൈീി). ആദ്യത്തെ രീതിയില്‍ സംശയമുള്ളവരെ മാത്രം ഐസൊലേറ്റ് ചെയ്യുകയും സംശയിക്കപ്പെടുന്ന രോഗികളുടെ വീട്ടുകാരെ മാത്രം ക്വാറന്റൈന്‍ ചെയ്യുകയും സോ്ഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ രീതിയില്‍ പ്രധാനം ശക്തമായ ഒരു ലോക്ക്ഡൗണ്‍ ആണ്. ഈ രണ്ട് രീതികളിലേതാണ് നിങ്ങള്‍ ഇന്ത്യയില്‍ നിര്‍ദേശിക്കുന്നത്?

ഒരു ദിവസം മാത്രം ഇന്ത്യയിലാകമാനം 80,000 സ്ത്രീകള്‍ പ്രസവിക്കുന്നുണ്ട്. അവരൊക്കെ പ്രസവിക്കാന്‍ ഒരിടം തേടി യാത്ര ചെയ്യുന്നവരാണ്. ഗ്രാമങ്ങളില്‍ അവരെങ്ങനെ യാത്ര ചെയ്യുമെന്ന് നിങ്ങള്‍ക്കറിയുമോ? ഒരു ഓട്ടോറിക്ഷയോ ബസ് സേവനങ്ങളോ ഇല്ലെങ്കിലുള്ള അവരുടെ അവസ്ഥയെ കുറിച്ച് ഒന്നാലോചിക്കൂ. ഇത്തരം കല്‍പനകള്‍ പുറപ്പെടുവിക്കുമ്പോള്‍ അവരെ പറ്റിയെങ്കിലും നാം ആലോചിക്കേണ്ടേ?

ജനങ്ങള്‍ അടിച്ചമര്‍ത്തൂ… അടിച്ചമര്‍ത്തൂ… എന്ന് പറയുമ്പോള്‍, ഒന്നാലോചിക്കൂ, ഇന്ത്യയില്‍ വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ട് ആളുകള്‍ മരിക്കുന്നുണ്ട്. ശരി, ഇനി അതിനെ അടിച്ചമര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിച്ചുവെന്ന് തന്നെയിരിക്കട്ടെ, അത് വീണ്ടും തിരിച്ചുവരിക തന്നെ ചെയ്യും.

അടിച്ചമര്‍ത്തല്‍ സമീപനം ഇന്ത്യയില്‍ ഫലപ്രദമല്ല എന്നാണ് എന്റെ അഭിപ്രായം. ഓരോ വീടുകളിലേക്കും ഭക്ഷണങ്ങള്‍ എത്തിക്കുക സാധ്യമായ സുസംഘടിതമായ ഒരു രാജ്യത്തേ അത് വിജയിക്കുകയുള്ളൂ. ഇന്ത്യയങ്ങനെയാണോ?

ഈ നടപടികള്‍ ഒരു ബലപ്രയോഗമായി അവസാനിക്കുകയേ ഉള്ളൂ. അത് നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഉദാഹരണം പറഞ്ഞാല്‍, എല്ലാ കൊറോണാ ബാധിതരും ആശുപത്രിയിലെത്തി അഡ്മിറ്റാവേണ്ട കാര്യമൊന്നുമില്ല. ശക്തമായ ശ്വാസതടസ്സമുള്ളവര്‍ മാത്രം മതി. മറ്റുള്ളവര്‍ സ്വയം അച്ചടക്കത്തില്‍, സ്വയംക്വാറന്റൈനില്‍ കഴിഞ്ഞാലും മതി.
വലിയ സമ്മേളനങ്ങളോ ബസുകളിലെ ഓവര്‍ലോഡിംഗോ ആള്‍കൂട്ടങ്ങളോ ഉണ്ടാവാന്‍ അനുവദിക്കരുത്. ആറ് മുതല്‍ ഒമ്പത് വരെയുള്ള മാസങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണം. ഇത് വൈറസ് വ്യാപനത്തെ പതുക്കെയാക്കും. എന്നാല്‍, നാം തീവ്രമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍, ജനങ്ങള്‍ക്ക് ഭക്ഷണവും കുട്ടികള്‍ക്ക് പാലും രോഗങ്ങള്‍ക്ക് മരുന്നും ലഭിക്കാതായാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങും.

ഇന്ത്യയുടെ സാമൂഹികസാമ്പത്തിക സാഹചര്യങ്ങളെ കൂടെ കണക്കിലെടുക്കുമ്പോള്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കേണ്ട യുക്തമായ കാലാവധി എത്രയാണ്?

കാലാവധിയെ കുറിച്ച് ഞാന്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല എന്നതിനാല്‍ തന്നെ കൃത്യമായ ഒരഭിപ്രായം പറയുക സാധ്യമല്ല. ഏകദേശം ആറുമുതല്‍ ഒമ്പത് വരെ മാസങ്ങള്‍ വേണ്ടിവരുമെന്ന് മാത്രം.

ഇതുവരെ മരിച്ചവരുടെ സംഖ്യ പരിശോധിച്ച് കൊണ്ട് നമ്മുടെ ജനസംഖ്യയുടെ എത്ര ശതമാനം പേരെ കോവിഡ് 19 ബാധിക്കുമെന്ന് ഏകദേശമൊരു രൂപം കാണുക സാധ്യമാണോ?

 

നോക്കൂ, കോവിഡ് മരണങ്ങളുടെ കൂട്ടത്തില്‍ ഒഴിവാക്കാമായിരുന്ന മരണങ്ങളും(അ്ീശറമയഹല ഉലമവേ) ഒഴിവാക്കാനാവാത്ത മരണങ്ങളും(ഡിമ്ീശറമയഹല റലമവേ) സംഭവിച്ചിട്ടുണ്ട്. പര്യാപ്തമായ സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണമായും ഓക്‌സിജനുകളും ലൈഫ് സപ്പോര്‍ട്ടുകളും ലഭിക്കാത്തത് കാരണമായും നടന്ന മരണങ്ങളാണ് ഒഴിവാക്കാമായിരുന്ന മരണങ്ങള്‍. മറുവശത്ത്, ഹൃദ്യോഗങ്ങള്‍ പോലെ മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ കൂടെയുള്ള ആളുകളുണ്ടായിരുന്നു, അവരുടെ മരണം ഒരു നിലക്ക് ഒഴിവാക്കാനാവാത്തതായിരുന്നു. അവോയ്ഡബിള്‍ മരണങ്ങളുടെ നിരക്ക് കുറച്ചുകൊണ്ടുവരുന്നത് കൊണ്ട് നമുക്ക് മരണനിരക്ക് നിയന്ത്രിക്കാവുന്നതാണ്. അതുകൊണ്ടാണ് ഹോസ്പിറ്റലുകള്‍ നിറഞ്ഞുകവിയുന്ന സാഹചര്യമുണ്ടാവരുതെന്ന് പ്രത്യേകം നിഷ്‌കര്‍ശിക്കുന്നത്.

ഈ വൈറസ് ആദ്യ തരംഗത്തില്‍ 55% ആളുകളെ ബാധിക്കുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടല്‍. എന്റെ വളരെ യാഥാസ്ഥികമായ ഒരു അനുമാനം എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍, പിന്നെയും ഇതേ രോഗാണു തിരികെ വരാനുള്ള സാഹചര്യങ്ങളുമുണ്ട്. അതിനെ കുറിച്ച് ഇപ്പോള്‍ ഉറപ്പുപറയാനാവില്ല.

എന്തുകൊണ്ടാവും മരണനിരക്കുകള്‍ വ്യത്യസ്ത രാജ്യങ്ങളുടെ കാര്യത്തില്‍ വന്‍തോതില്‍ വ്യാത്യാസപ്പെട്ട് കിടക്കുന്നത്?

മരണസംഖ്യ കണക്കുകൂട്ടുന്നതില്‍ രണ്ട് രീതികളാണുള്ളത്. രണ്ട് കണക്കുകളിലും അംശം(numerator) ഒന്ന് തന്നെയായിരിക്കും: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം. എന്നാല്‍ ഛേദം(denominator) വ്യത്യസ്തമായി വരാം. ചിലപ്പോള്‍ ഇറ്റലിയിലെ പോലെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം പോസിറ്റീവായി ടെസ്റ്റ് ചെയ്തവര്‍ മാത്രമായേക്കാം. ചിലപ്പോള്‍ ദക്ഷിണ കൊറിയയിലെ പോലെ രോഗലക്ഷണങ്ങളില്ലാത്തവരില്‍ വരെ വന്‍തോതിലുള്ള ടെസ്റ്റുകള്‍ നടത്തി പോസിറ്റീവായി കണ്ടെത്തിയവരുമാവാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.