2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരിച്ചുവരുന്നു അഹിന്ദയുടെ ഉപജ്ഞാതാവ്

ഡോ. ടി.എസ് ശ്യംകുമാർ


ജാതി-സമുദായ സമവാക്യങ്ങളുടെ അച്ചുതണ്ടില്‍ കറങ്ങുന്ന കര്‍ണാടക രാഷ്ട്രീയത്തിന്റെ ‘സോഷ്യല്‍ എൻജിനീയറിങ്ങില്‍’ അഗ്രഗണ്യനാണ് സിദ്ധരാമയ്യ. ആ വൈദഗ്ധ്യം തന്നെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ധരാമയ്യയെ പ്രധാനമായും പരിഗണിച്ചതിനു കാരണം. ആദര്‍ശവും ജനസമ്മതിയും ഭരണമികവും ആവോളമുള്ള അദ്ദേഹത്തിൻ്റെ നേതൃത്വം അവഗണിക്കാനാവാത്ത സാന്നിധ്യമായി കര്‍ണാടകയില്‍ മാറിയിട്ടുണ്ടെങ്കില്‍ അത് കേവലപ്രതിച്ഛായാനിര്‍മിതിയില്‍ രൂപപ്പെടുത്തിയെടുത്തതല്ല. പകരം വടക്കന്‍ കര്‍ണാടകത്തിലെ കലബുറഗി മുതല്‍ തെക്ക് ഗുണ്ടല്‍പ്പേട്ട് വരെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജനങ്ങളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കര്‍മകാണ്ഡത്തിന്റെ പ്രതിരൂപമാണത്.


എണ്ണിയാലൊടുങ്ങാത്ത ജാതികളും ഉപജാതികളും നിറഞ്ഞ മണ്ണാണ് കന്നഡനാട്. ഇവിടെ ഇഴതെറ്റാതെ രാഷ്ട്രീയം തുന്നിച്ചേര്‍ക്കണമെങ്കില്‍ നല്ല മെയ്‌വഴക്കം കൂടിയേ തീരു. അത് ആവോളം സിദ്ധരാമയ്യയ്ക്കുണ്ട്. ഹിന്ദുത്വ ആശയങ്ങള്‍ വേരോടുന്ന കര്‍ണാടകത്തില്‍ ബ്രാഹ്‌മണിക്കല്‍ മേധാവിത്വത്തിനെതിരായ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിലൂടെയാണ് സിദ്ധരാമയ്യ തൻ്റെ സോഷ്യല്‍ എൻജിനീയറിങ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. പിന്നോക്ക-ന്യൂനപക്ഷ-ദലിത് സമുദായക്കാരുടെ ഉന്നതി ലക്ഷ്യമിട്ട് അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന മുദ്രാവാക്യമാണ് ‘അഹിന്ദ’. സ്വതവേ ഭൂരിപക്ഷ സമുദായത്തിലെ മേല്‍ജാതിക്കാരുടെ വഴിയില്‍ മാത്രം സഞ്ചരിച്ച രാഷ്ട്രീയത്തില്‍ ദലിതനും പട്ടികജാതിക്കാരനും ന്യൂനപക്ഷക്കാര്‍ക്കും അവസരവും അസ്തിത്വവും ഉണ്ടെന്ന് പ്രഖ്യാപിക്കാനും ഇൗ വിധത്തിലുള്ള അടയാളപ്പെടുത്തലുകള്‍ നേടിക്കൊടുക്കാനും അഹിന്ദയ്ക്ക് കഴിഞ്ഞതോടെ കര്‍ണാടകയിലെ പുതിയ രാഷ്ട്രീയ മുന്നേറ്റമായി ഇത് മാറി. ഇൗ രാഷ്ട്രീയത്തിന്റെ മണ്ണിലാണ് സിദ്ധരാമയ്യ വിത്തിറക്കിയതും ഇപ്പോള്‍ വിളവെടുക്കുന്നതും.


ഭരണവിരുദ്ധ വികാരത്തിന്റെ വേലിയേറ്റത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ നിലം പൊത്തിയത്. എന്നാല്‍ അതുമാത്രമല്ല, ദക്ഷിണേന്ത്യയുടെ കവാടത്തില്‍ നിന്നു സംഘശക്തിയെ ദൂരേക്ക് മാറ്റിനിര്‍ത്താനുള്ള കാരണം. ജയ-പരാജയങ്ങളെ നിര്‍ണയിക്കുന്ന കര്‍ണാടകത്തിന്റെ പതിവു സാമുദായിക സമവാക്യങ്ങള്‍ ഇക്കുറി കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിച്ചു. ഇതിന് ചുക്കാന്‍ പിടിച്ചതും ആവശ്യമായ തന്ത്രം മെനഞ്ഞതും സിദ്ധരാമയ്യയായിരുന്നു. 2018ലെ പരാജയത്തോടെ, പിന്നീട് സ്വന്തം പാളയത്തിലെ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂടുമാറിയതോടെ ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് കഠിനമായ പരിശ്രമങ്ങളിലൂടെ തിരിച്ചുവരവ് നടത്തിയത്. ഇതിന് സംഘടനാതലത്തിലെ നേതൃത്വം ഡി.കെ ശിവകുമാറിനായിരുന്നെങ്കില്‍ ജനകീയ വിഷയങ്ങളും സാമുദായിക സ്വാധീനവും ഉപയോഗപ്പെടുത്തിയത് സിദ്ധരാമയ്യയാണ്. കര്‍ണാടകയുടെ സാമൂഹികപാഠം നന്നായറിയാവുന്ന നേതാവാണ് സിദ്ധരാമയ്യ. സമുദായങ്ങളെ കൂട്ടിയിണക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും അദ്ദേഹത്തിൻ്റെ തന്ത്രങ്ങളാണ് ഫലിച്ചത്.


1948 ഓഗസ്റ്റ് 12ന് മൈസൂര്‍ ജില്ലയിലെ സിദ്ധരാമനഹുണ്ടി എന്ന ഗ്രാമത്തിലാണ് സിദ്ധരാമയ്യ ജനിച്ചത്. പിന്നോക്ക വിഭാഗമായ കുറുബ സമുദായത്തിലെ ദരിദ്ര കര്‍ഷക കുടുംബത്തിലാണ് ജനനം. കാലിമേയ്ക്കലാണ് കുലത്തൊഴില്‍. പഠിപ്പിക്കാന്‍ വഴിയില്ലാത്ത കുടുംബത്തില്‍ സിദ്ധരാമയ്യയ്ക്കും കുറച്ചുകാലത്തേക്കെങ്കിലും അച്ഛനൊപ്പം കുലത്തൊഴിലിനു പോകേണ്ടി വന്നു. സ്‌കൂളില്‍ ചേര്‍ക്കേണ്ട സമയത്ത് അച്ഛന്‍ സിദ്ധരാമയ്യയെ നാടോടി നൃത്തം പഠിക്കാനായി വിട്ടു. പിന്നീട് പത്താം വയസില്‍ അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയ സിദ്ധരാമയ്യ പഠനത്തില്‍ മികവുകാട്ടി. മൈസൂരു സര്‍വകലാശാലയില്‍നിന്നു ബി.എസ്.സിയും പിന്നാലെ എല്‍.എല്‍.ബിയും പാസായി. ജനതാ പരിവാറിലാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ കളരി തുടങ്ങുന്നത്. പ്രചോദനം രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയധാരയും.


നിയമപഠനം പൂര്‍ത്തിയാക്കിയ സിദ്ധരാമയ്യ ചുരുങ്ങിയ കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഇതിനിടെയാണ് ലോക്ദള്‍ സ്ഥാനാര്‍ഥിയായി ചാമുണ്ഡേശ്വരിയില്‍ മത്സരിക്കാന്‍ പാർട്ടി ആവശ്യപ്പെടുന്നത്. അങ്ങനെ 1983ല്‍ ആദ്യ ജനവിധി തേടിയ അദ്ദേഹം നിയമസഭയിലെത്തി. ഇതിനിടെ ജനതാപരിവാറിലെ ഉള്‍പ്പിരിവുകള്‍ക്കനുസരിച്ച് പാര്‍ട്ടി മാറാനും തയാറായി. 1984ല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന സിദ്ധരാമയ്യ, 1985ലെ ഇടക്കാല തെരഞ്ഞെടുപ്പിലും ചാമുണ്ഡേശ്വരയില്‍ നിന്ന് ജയിച്ചു കയറി. രണ്ടാം ജയത്തിന്റെ ആരവങ്ങള്‍ക്കൊപ്പം സിദ്ധരാമയ്യയെ, രാമകൃഷ്ണ ഹെഗ്‌ഡെ തന്റെ മന്ത്രിസഭയിലും ഉള്‍പ്പെടുത്തി. ആദ്യ ഊഴത്തില്‍ മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പദവിയാണ് ലഭിച്ചത്. കൃത്യമായ ഗൃഹപാഠത്തോടെ ഫയലുകള്‍ പഠിക്കാനും തുടര്‍പരിശോധനകളിലൂടെ അത് പ്രാവര്‍ത്തികമാക്കാനുമുള്ള അദ്ദേഹത്തിൻ്റെ വേറിട്ട ശൈലി വിധാന്‍ സൗധയില്‍ പുതിയ രീതികളായി മാറി.
ഭരണമികവില്‍ പ്രശോഭിച്ചെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരിയില്‍ പരാജയം രുചിച്ചു. 1992ല്‍ ജനതാദള്‍ സെക്രട്ടറി ജനറലായി അവരോധിക്കപ്പെട്ടു. അതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ടാം നേതാക്കളിലെ പ്രമുഖരിലൊരാളായി മാറി.1994ല്‍ വിജയിച്ച സിദ്ധരാമയ്യ ദേവഗൗഡ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. മികച്ച ധനകാര്യ മന്ത്രിയെന്ന നിലയില്‍ തുടക്കം മുതല്‍ പേരുകേട്ട അദ്ദേഹം സംസ്ഥാനത്ത് ഏറ്റവും അധികം ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ്. ജനതാദളിലെ ആഭ്യന്തര കുഴപ്പങ്ങള്‍ ശക്തമായ നാളുകളില്‍ ദേവെ ഗൗഡയ്‌ക്കൊപ്പമായിരുന്നു. 1996ല്‍ ദേവെ ഗൗഡയ്ക്ക് പകരം ജെ.എച്ച് പട്ടേല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യ എത്തിയത് ഈ സൗഹൃദത്തിന്റെ ബലത്തിലാണ്. എന്നാല്‍ ദളിലെ ഭിന്നത രൂക്ഷമായതോടെ 1999ല്‍ മന്ത്രിസ്ഥാനത്തു നിന്ന് പുറത്തുപോകേണ്ടിയും വന്നു.


പിന്നീട് ദള്‍ പിളര്‍പ്പിന്റെ കാലത്ത് സിദ്ധരാമയ്യ ദേവെഗൗഡയ്‌ക്കൊപ്പം നിന്നു. പാര്‍ട്ടിയിലെ പിളര്‍പ്പും തര്‍ക്കങ്ങളും നിലനിന്ന 1999ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും തോല്‍വിയറിഞ്ഞു. എന്നാല്‍ 2004ല്‍ ദള്‍(ജെ.ഡി.എസ്) വീണ്ടും നിര്‍ണായക ശക്തിയായി മാറി. ധരം സിങ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി. എന്നാല്‍ ദളില്‍ ദേവെ ഗൗഡ മകന്‍ കുമാരസ്വാമിക്കുള്ള കളമൊരുക്കുകയായിരുന്നു. ഇതോടെ സിദ്ധരാമയ്യയും ഗൗഡയും അകന്നു. അകല്‍ച്ച പരിധിവിട്ടതോടെ 2005ല്‍ അദ്ദേഹത്തെ ദളില്‍ നിന്ന് പുറത്താക്കി. പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്ന ആവശ്യം അനുയായികളില്‍ നിന്നുണ്ടായെങ്കിലും ദീര്‍ഘദര്‍ശിയായ സിദ്ധരാമയ്യ മറ്റുവഴി തേടി. ബി.ജെ.പി പാളയത്തില്‍ അടുപ്പിക്കാന്‍ ആര്‍.എസ്.എസ് നേതൃതലത്തില്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും മതേതര മനസും ചിന്തയും വികാരവുമുള്ള അദ്ദേഹം ആ വഴിയില്‍ പോയില്ല. കോണ്‍ഗ്രസിനെ തുടക്കം മുതല്‍ എതിര്‍ത്തുവന്ന സിദ്ധരാമയ്യ ഒടുവില്‍ കോണ്‍ഗ്രസ് പാളയത്തിലെത്തുന്ന കാഴ്ചയ്ക്കാണ് കര്‍ണാടകം സാക്ഷ്യം വഹിച്ചത്. വന്‍ സ്വീകരണമാണ് ‘അഹിന്ദ’യുടെ ഉപജ്ഞാതാവിന് കോണ്‍ഗ്രസ് നല്‍കിയത്. പിന്നാലെ നടന്ന ചാമുേണ്ഡശ്വരി ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.എസും സകലശേഷിയും ഉപയോഗിച്ചിട്ടും സിദ്ധരാമയ്യയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 2008ല്‍ വരുണയിലേക്ക് മാറിയ അദ്ദേഹം 2013ലും അവിടെ നിന്ന് വിജയിച്ചു. 2103ല്‍ കോണ്‍ഗ്രസ് ഭൂരിപക്ഷത്തില്‍ ഭരണത്തിലേറി. ജയിച്ചു വന്ന എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യയെ പിന്തുണച്ചു. അങ്ങനെ ജനതാപരിവാര്‍ വിട്ട് കോണ്‍ഗ്രസ് കൂടാരത്തില്‍ കയറി പത്തുവര്‍ഷത്തിനു ശേഷം കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയായി. ദേവരാജ് അര്‍സിനുശേഷം കാലാവധി തികച്ച മുഖ്യമന്ത്രിയായി അദ്ദേഹം ചരിത്രത്തിലിടം നേടി.


2018ല്‍ വരുണയ്ക്ക പകരം ബദാമിയും ചാമുണ്ഡേശ്വരിയും സിദ്ധരാമയ്യ ജനവിധി തേടി. ചാമുണ്ഡേശ്വരി കൈവിട്ടെങ്കിലും ബദാമിയില്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ വിജയം ഒപ്പം നിന്നു. പടനായകന്‍ ജയിച്ചെങ്കിലും പടതോറ്റു. തുടര്‍ഭരണ പ്രതീക്ഷകള്‍ നിലനിന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന് 80 സീറ്റിലൊതുങ്ങേണ്ടി വന്നു. ബദ്ധവൈരികളെങ്കിലും ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ മനസില്ലാ മനസോടെ സിദ്ധരാമയ്യ കുമാരസ്വാമിക്ക് പിന്തുണ നല്‍കി. പക്ഷേ ആ സര്‍ക്കാരിനും ആയുസ് കുറവായിരുന്നു. കോണ്‍ഗ്രസിലെയും ദളിലെയും എം.എല്‍.എമാരെ ഓപറേഷന്‍ താമരവഴി അടര്‍ത്തിമാറ്റി യെദ്യൂരുപ്പ അധികാരം പിടിച്ചെടുത്തു. പിന്നെ നാലു വര്‍ഷക്കാലം പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിമാരേക്കാള്‍ ശോഭിച്ചു. ബൊമ്മെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ ഒരു ഡസന്‍ അഴിമതി ആരോപണങ്ങളും നിയമസഭയിലും പുറത്തും ഉന്നയിച്ചത് സിദ്ധരാമയ്യയാണ്. സഭാ നടപടികളിലെ പാണ്ഡിത്യവും വിഷയാവതരണത്തിലെ മികവും കാരണം സഭയ്ക്കുള്ളില്‍ അദ്ദേഹം എന്നും താരമാണ്. സിദ്ധരാമയ്യ എഴുന്നേറ്റാല്‍ ഭരണപക്ഷത്ത് അസ്വസ്ഥത പുകയും. കാരണം സര്‍ക്കാരിനെതിരേ മറയില്ലാതെ പൊരുതാനുള്ള വെടിമരുന്നുമായാണ് എഴുന്നേല്‍ക്കുന്നതെന്ന് അവര്‍ക്കറിയാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.