2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജനാധിപത്യത്തെ ഇറക്കിവിട്ടപുത്തൻ പാർലമെന്റ് മന്ദിരം

റജിമോൻ കുട്ടപ്പൻ


970 കോടി മുതൽമുടക്കിൽ പണി പൂർത്തീകരിച്ച പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാവിലെ ഏഴര മണിക്കെത്തി. ഏഴേ മുപ്പത്തിനാലിനു മഹാത്മാഗാന്ധിക്കുള്ള പുഷ്പാർച്ചനയും ഏഴേ മുപ്പത്തിയഞ്ചിനു ചെങ്കോൽ സ്ഥാപനവും കഴിഞ്ഞു. ലോക്‌സഭാ സ്പീക്കറുടെ കസേരക്കടുത്താണ് ചെങ്കോലിന്റെ സ്ഥാനം. എട്ടേ രണ്ടിനു പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം കുറിച്ചുകൊണ്ട് ഫലക അനാച്ഛാദനവും നടന്നു. ഉദ്ഘാടന വേദിയിൽ മുഴുക്കെയും കാവിവസ്ത്രധാരികളായ ശൈവസന്യാസികളായിരുന്നു. ഉദ്ഘാടനച്ചടങ്ങിന്റെ അവസാനത്തിൽ മതേതര സങ്കൽപ്പത്തെ ന്യായീകരിക്കാനെന്നോണം സർവമത പ്രാർഥനയും അരങ്ങേറി. ടെലിവിഷനിൽ ഇതെല്ലാം തത്സമയം കാണുമ്പോൾ വ്യക്തമായത് പുതിയ പാർലമെന്റ് മന്ദിരം കേവലം കെട്ടിടമാണെന്നും ജനാധിപത്യത്തിന്റെ ആത്മാവ് ആ നിർമിതിയിലില്ലെന്നുമാണ്. അഥവാ ഉണ്ടായിരുന്നെങ്കിൽ ജനാധിപത്യ ഇന്ത്യയിലെ ആദ്യ പൗരൻ രാഷ്ട്രപതി ഈ ചടങ്ങിൽ തഴയപ്പെടില്ലായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യവേ മോദി പറഞ്ഞത് പുരോഗതിയുടെ പാതയിൽ ചില നിമിഷങ്ങൾ അനശ്വരമായിത്തീരുമെന്നും ഇത് അത്തരത്തിലുള്ള നിമിഷമാണെന്നുമാണ്. പുതിയ പാർലമെന്റ് സന്ദർശിക്കുന്ന ഏതു ഇന്ത്യക്കാരനും അഭിമാനം കൊള്ളുമെന്നും പൈതൃകവും വാസ്തുവിദ്യയും കലയും കരവിരുതും സംസ്‌കാരവും ഭരണഘടനാ ശബ്ദങ്ങളും സമ്മേളിക്കുന്നതാണിതെന്നും മോദി പറഞ്ഞു. ഒരുപക്ഷേ, ഹിന്ദുത്വ ആശയങ്ങൾ എന്നുകൂടി തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ അർഥവത്തായേനെ. കാരണം, ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നു വിശേഷിപ്പിക്കുന്ന പാർലമെന്റ് ഉദ്ഘാടന വേദി കണ്ടാൽ കുംഭമേള ആഘോഷത്തിന്റെ പ്രതീതിയാണ് പ്രേക്ഷകനു ലഭിക്കുക.


ഹിന്ദുവും ഹിന്ദുത്വയും തമ്മിൽ വലിയ അന്തരമുണ്ട്. മോക്ഷത്തിനായുള്ള പാത ഹൈന്ദവത മാത്രമാണെന്ന ശാഠ്യമൊന്നും ഹിന്ദുക്കൾക്കില്ല. യഥാർഥ ഹിന്ദു തന്റെ ധർമത്തിൽ വിശ്വസിച്ച് ആ പാതയിലൂടെ സഞ്ചരിക്കുകയും മറ്റുള്ളവരുടെ മോക്ഷത്തിനായുള്ള പാതയെ ഉൾക്കൊള്ളുകയും ചെയ്യുന്നു. എന്നാൽ, ഹിന്ദുത്വ എന്നാൽ ഹിന്ദുക്കളുടേത് എന്നോ ഹിന്ദുവിന്റേത് എന്നതോ അല്ല. പകരം, ഇതിന് ആത്മീയതയുമായി ഒരു ബന്ധവുമില്ല. ലക്ഷ്യവും മാർഗവുമെല്ലാം രാഷ്ട്രീയ, സാമ്പത്തിക ക്രമത്തെ ചുറ്റിപ്പറ്റിയാണ്. ഈ പ്രത്യയശാസ്ത്രത്തിനു ഹിന്ദുവുമായോ ഇന്ത്യയുമായോ ബന്ധമില്ല. വി.ഡി സവർക്കർ ഇത്തരം ആശയം സ്വീകരിച്ചതും ഇറക്കുമതി ചെയ്തതും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാണ്. പ്രധാനമായും ഹിറ്റ്‌ലറുടെ നാസിസത്തിൽ നിന്നും മുസോളിനിയുടെ ഫാസിസത്തിൽ നിന്നും. ഈ രണ്ട് പ്രതിലോമ സിദ്ധാന്തങ്ങളാണ് യഥാർഥത്തിൽ ഹിന്ദുത്വാശയങ്ങളുടെ അടിസ്ഥാനം. ബഹുസാംസ്‌കാരികതയിൽ ഊന്നിയ ഇന്ത്യൻ അഖണ്ഡതയെ വിമർശിച്ചവരായിരുന്നു സവർക്കറും ഗോൾവാൾക്കറും. ഇക്കൂട്ടരെ സംബന്ധിച്ച് ഇന്ത്യയെ തന്റെ മാതൃഭൂമിയായും പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവരാണ് ഹിന്ദു. ഇപ്പോഴാവട്ടെ, ഹിന്ദുരാഷ്ട്രത്തിന്റെ അംബാസഡറായി മാറിയിരിക്കയാണ് നമ്മുടെ പ്രധാനമന്ത്രി. രണ്ടുസഭകൾക്കു മുകളിലും തങ്ങളുടെ ദുഷ്പ്രഭുത്വം ചെലുത്തിക്കൊണ്ട് ബി.ജെ.പി ഭരണകൂടം ഇന്ത്യയെ ഹിന്ദുരാഷ്ട്ര അധീശത്വത്തിനു കീഴിലാക്കിയിരിക്കയാണ്.


പുത്തൻ പാർലമെന്റിന്റെ ഉദ്ഘാടന ദിവസമായി എന്തുകൊണ്ട് മെയ് ഇരുപത്തിയെട്ട് തെരഞ്ഞെടുത്തു എന്നതിൽ ബി.ജെ.പിക്ക് മൗനമാണെങ്കിലും ആ ദിനമാണ് സവർക്കറുടെ ജന്മദിനമെന്നത് കറകളഞ്ഞ സത്യം. പാർലമെന്റ് ഉദ്ഘാടനച്ചടങ്ങു സംബന്ധിച്ച് പ്രതിപക്ഷവുമായി കൂടിയാലോചിച്ചിരുന്നെങ്കിൽ അവർ ഇൗ ദിവസത്തെ എതിർത്തേനെ എന്നത് വ്യക്തമാണ്. എന്നാൽ ഈ ദിവസം തെരഞ്ഞെടുത്തുകൊണ്ട് ആർ.എസ്.എസും ബി.ജെ.പിയും വ്യക്തമാക്കുന്നത് തങ്ങളുടെ കാർക്കശ്യവും വാശിയുമാണ്. അഥവാ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കിത്തീർക്കുമെന്ന ഹിന്ദുത്വ അജൻഡയുടെ പ്രതിഫലനമാണിതെല്ലാം. ഇന്ത്യൻ ഭരണഘടനക്കെതിരേ പ്രത്യക്ഷത്തിൽ യുദ്ധം ചെയ്യാൻ ഇവർക്കാവാത്തിടത്തോളം അതിനെതിരേ ഹിന്ദുത്വത്തിന്റെ വിഷം പുരട്ടിയ ഒളിയമ്പുകൾ അയക്കുന്നതാണ് നാമിവിടെ കാണുന്നത്.


പാർലമെന്റിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കേ ഇന്ത്യാഗേറ്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള രാജ്പഥ് വീഥിയുടെ പേര് പുനർനാമകരണം ചെയ്ത് കർമ്മപഥ് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ അടയാളമായ, കേന്ദ്രമായ പാർലമെന്റിനു പകരമായി വന്ന പുതു പാർലമെന്റ് മന്ദിരം ഇവിടെ നിലനിന്നിരുന്ന പഴയ വ്യവസ്ഥയുടെ നിര്യാണത്തെയും പുതിയ ഇന്ത്യയുടെ ഒരുപക്ഷേ നമുക്ക് അപരിചിതമായ ഇന്ത്യയുടെ ഉദയത്തെയുമാണ് കുറിക്കുന്നത്. ചോള കാലഘട്ടം മുതൽ സ്വാതന്ത്ര്യലബ്ധിയെ സൂചിപ്പിക്കുന്നതാണ് ചെങ്കോൽ കൈമാറ്റം എന്നാണ് ബി.ജെ.പി വാദം. എന്നാൽ, ഈ ചെങ്കോൽ ഇന്ത്യയെ പോലെ സുശക്തമായ ജനാധിപത്യ രാജ്യത്തേക്കാൾ ചേരുക രാജഭരണത്തിനാണെന്നത് മറ്റൊരു വസ്തുത. അങ്ങനെയങ്കിൽ രാജഭരണ പ്രതീകമായ ചെങ്കോലിന്റെ സ്ഥാപനം, അതും ജനാധിപത്യത്തിന്റെ ക്ഷേത്രമെന്നു കരുതപ്പെടേണ്ട പാലർമെന്റിനകത്തു സ്ഥാപിക്കുന്നതിനു പിന്നിലെ അജൻഡയെന്തായിരിക്കണം? ഇതു നൽകുന്ന സൂചനയെന്താണ്?


യഥാർഥത്തിൽ ഇന്ത്യ ആരുടേതാണ്? ജാതി-മത-വർഗ ഭേദമില്ലാത്ത പൗരന്മാർക്കുള്ളതാണ് ഇന്ത്യ. അല്ലാതെ ഭൂരിപക്ഷവാദം പേറി നടക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാരുടേതല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാൽ മനസിലാവുന്നത് എല്ലാ വിഭാഗക്കാരും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചിട്ടാണ് സ്വാതന്ത്ര്യം ലഭിച്ചതെന്നാണ്. അതേസമയം, നമ്മുടെ ദേശീയ മുന്നേറ്റത്തിൽ വിള്ളലുണ്ടാക്കിയത് ഇതേ ഹിന്ദുത്വവാദികളാണുതാനും. 1939ൽ മന്ത്രിസഭാ രൂപീകരണത്തിൽനിന്ന് കോൺഗ്രസ് രാജിവച്ചൊഴിഞ്ഞപ്പോൾ ഹിന്ദു മഹാസഭയും സർവേന്ത്യാ മുസ് ലിം ലീഗും സിന്ധ്, നോർത്ത്-വെസ്റ്റ് പ്രവിശ്യ, ബംഗാൾ എന്നിവിടങ്ങളിൽ കൂട്ടുമന്ത്രിസഭ രൂപീകരിക്കുകയും 1943ൽ പാകിസ്താൻ രൂപീകരണത്തിനായുള്ള പ്രമേയം പാസാക്കുകയും ചെയ്തു. 1942 ഒാഗസ്റ്റിൽ മഹാത്മജി പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യാ സമരം പ്രത്യക്ഷത്തിൽ ബഹിഷ്‌കരിച്ചവരാണ് ഹിന്ദു മഹാസഭക്കാർ. അന്നത്തെ ഹിന്ദുമഹാസഭ അധ്യക്ഷനായിരുന്ന സവർക്കർ അനുയായികളോട് സർക്കാർ തൊഴിലിൽ ഉറച്ചു നിൽക്കാനാവശ്യപ്പെട്ടുകൊണ്ട് ഔദ്യോഗിക കത്ത് പുറപ്പെടുവിച്ചിരുന്നു. സർക്കാരിന്റെ വിവിധ തലങ്ങളിലും പട്ടാളത്തിലും പ്രവർത്തിക്കുന്ന ഹിന്ദുമഹാസഭക്കാർ തൊഴിലുപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമാകരുതെന്ന കർശന നിർദേശമായിരുന്നു അതിൽ.
ഇന്ത്യ എന്ന റിപബ്ലികിനെ ഹിന്ദുത്വവാദികൾ ഒരിക്കലും അംഗീകരിച്ചിട്ടില്ല. 1947 ഒാഗസ്റ്റ് പതിനഞ്ചിനും 1950 ജനുവരി ഇരുപത്തിയാറിനും ആർ.എസ്.എസിന്റെ നാഗ്പൂർ തലസ്ഥാനത്ത് അവർ ഇന്ത്യൻ പതാക ഉയർത്തിയെങ്കിലും ദശകങ്ങൾക്കുശേഷം വീണ്ടും ത്രിവർണ പതാക നാഗ്പൂർ ആർ.എസ്.എസ് തലസ്ഥാനത്ത് ഉയരുന്നത് 2022ലാണ്.

ഇന്ത്യൻ ഭരണഘടന പവിത്രമെന്നു കരുതുന്ന മൗലികമൂല്യങ്ങളെ ഒന്നിനെപ്പോലും ഹിന്ദുത്വവാദികൾ അംഗീകരിക്കുന്നില്ല. ചിലർ ഇപ്പോഴും പറയുന്നത് പ്രധാനമന്ത്രി ഈ കാണിക്കുന്നതൊന്നും ഹിന്ദുത്വ അജൻഡയല്ലെന്നും പകരം ഇത്തരമൊരു മുഹൂർത്തത്തിൽ അദ്ദേഹത്തിൻ്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള ശ്രമമാണിതെല്ലാം എന്നുമാണ്. എന്നാൽ വാസ്തവം, നമ്മുടെ പ്രധാനമന്ത്രി ഈ ചെയ്യുന്നതെല്ലാം ഹിന്ദുത്വ അജൻഡയിൽ പ്രേരിതനായും അതിന്റെ സ്ഥാപനത്തിനു വേണ്ടിയുമാണ്. പാർലമെന്റ് ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങളിൽനിന്നു പോലും ഹിന്ദുത്വ എങ്ങനെയാണ് ഇന്ത്യൻ ഭരണഘടനാ സംവിധാനത്തെ ആക്രമിക്കുന്നതെന്നും വെല്ലുവിളിക്കുന്നതെന്നും വ്യക്തമാണ്. ഇരുസഭകളുടെയും ഇന്ത്യൻ ഭരണഘടനയുടെയും എല്ലാം അടിസ്ഥാനത്തിൽ സുപ്രധാന സ്ഥാനംവഹിക്കുന്ന രാഷ്ട്രപതി പദവിയെ തമസ്‌കരിച്ചുകൊണ്ടുള്ള പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ പിന്നെ എങ്ങനെയാണ് മനസിലാക്കേണ്ടത്. അതിനാൽ തന്നെ പാർലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള രാഷ്ട്രീയകക്ഷികളുടെ തീരുമാനത്തെ ഈ പശ്ചാത്തലത്തിലാണ് മനസിലാക്കേണ്ടത്. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയാവസ്ഥ പരിശോധിച്ചാൽ ഇത് കൂടുതൽ വ്യക്തമാവുന്നതാണുതാനും.


ജനാധിപത്യവിരുദ്ധ നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമേദിയിൽ നിന്നുണ്ടാവുന്നത് ആദ്യമായല്ലെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ സഭയിൽ ഉന്നയിച്ചാൽ അവർക്കേതിരേ നടപടിയുണ്ടാവുന്നത് സാധാരണമാണെന്നും പ്രതിപക്ഷം പറയുന്നത് ഒരേ സ്വരത്തിലാണ്. പല വിവാദ ബില്ലുകളും ഒരു ചർച്ചയും കൂടാതെയാണ് സഭയിൽ പാസാക്കുന്നത്. പല പാർലമെന്ററി കമ്മിറ്റികളും കാര്യക്ഷമമയി പ്രവർത്തിക്കുന്നു പോലുമില്ല. ജനാധിപത്യത്തിന്റെ ആത്മാവിനെ ചൂഴ്‌ന്നെടുത്ത് കളഞ്ഞതിനുശേഷം പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കിയിട്ട് എന്താണ് ഫലം എന്നതാണ് പ്രതിപക്ഷത്തു നിന്നുയരുന്ന ചോദ്യവും പാർലമെന്റ് ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചതിൽ പ്രതിപക്ഷത്തിനുള്ള വിശദീകരണവും. അതെ, പ്രതിപക്ഷം പറയുന്നതാണ് വാസ്തവം. ജനാധിപത്യത്തെ ഇറക്കിവിട്ടൊരു പാർലമെന്റ് മന്ദിരം ആർക്കാണു വേണ്ടത്?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.