വീൽ
വിനീഷ്
ചിലര്‍ക്കെങ്കിലുമുള്ള സംശയം ‘ഇടിക്കൂട്ടില്‍’ കയറ്റാനാണോ ടാറ്റ തങ്ങളുടെ നെക്‌സോണിനെ ഒന്നു പരിഷ്‌കരിച്ചിരിക്കുന്നതെന്നാണ്. കാരണം ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് ‘ഭാരത് എന്‍കാപി’ന്റെ ഭാഗമായി വാഹനങ്ങളിലെ സുരക്ഷ അളക്കുന്നതിനുള്ള ഇടിപരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണല്ലോ. തോറ്റോ ജയിച്ചോ എന്നത് അടുത്ത മാസം ആദ്യം അറിയാം. എന്നാല്‍ സംശയം വേണ്ട, Global NCAP ടെസ്റ്റില്‍ അഞ്ച് സ്റ്റാറും നേടിയ നെക്‌സോണ്‍ നെഞ്ചുവിരിച്ചു തന്നെ ‘ഭാരത് എന്‍കാപി’ന്റെ ഇടിക്കൂട്ടില്‍ കയറും. പക്ഷേ, കാറുകളുടെ എണ്ണം പറഞ്ഞ് വീമ്പിളക്കുന്ന ചിലരെങ്കിലും ഒന്നു വിയര്‍ത്തേക്കാമെന്നത് മറ്റൊരു കാര്യം.
ഇനി പുതിയ നെക്‌സോണിന്റെ വിശേഷങ്ങള്‍ പറയുകയാണെങ്കില്‍,എന്‍ജിനിലോ സസ്‌പെന്‍ഷനിലോ മാറ്റങ്ങളില്ലാതെയാണ് 2023 ലെ മോഡല്‍ എത്തുന്നത്. മൊത്തത്തില്‍ ഒന്ന് മൊഞ്ചാക്കിയതിനൊപ്പം യാത്ര സുഖകരമാക്കുന്ന ചില ടെക്ഫീച്ചേഴ്‌സും കൂടിയാകുമ്പോള്‍ സംഗതി ജോറായിട്ടുണ്ട്. അടിസ്ഥാനപരമായി ടാറ്റ ഇന്‍ഡിക്കയില്‍ നിന്ന് പിറവിയെടുത്തയാണ് നെക്‌സോണ്‍. 1998ല്‍ ഇറങ്ങിയ ഇന്‍ഡിക്കയുടെ X-1പ്‌ളാറ്റ്‌ഫോമില്‍ അല്‍പം മാറ്റം വരുത്തിയാണ് നെക്‌സോണ്‍ നിര്‍മിച്ചിരിക്കുന്നത്. പുതിയ നെക്‌സോണിലും ഈ പ്‌ളാറ്റ്‌ഫോം ടാറ്റ തൊട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ഇടിക്കൂട്ടിലേക്കായി ഉറപ്പുകൂട്ടി ഇറക്കിയ കാര്‍ അല്ലിതെന്ന് പറയുന്നതും. നെക്‌സോണിന്റെ പുതിയ ഇ.വി അടുത്ത 14ാം തീയതിയും ഇറങ്ങുന്നുണ്ട്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ടാറ്റയുടെ കര്‍വ്, ഹാരിയര്‍ ഇ.വി എന്നീ കോണ്‍സെപ്റ്റ് കാറുകളുടെ സ്വാധീനം പുതിയ മോഡലില്‍ കാണാം.
പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പും ബമ്പര്‍ ഡിസൈനും ഈ സബ് കോംപാക്ട് എസ്.യു.വിയുടെ ഫ്രണ്ടിലെ ഡിസൈന്‍ ഹൈലൈറ്റുകളാണ്. മുന്നില്‍ മുകളിലായി എടുത്തുനില്‍ക്കുന്ന, സ്വീക്വന്‍ഷല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററോടുകൂടിയ ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ആകര്‍ഷകമാണ്. ഇതിന് താഴെയാണ് സ്പ്ലിറ്റ് ഹെഡ്‌ലൈറ്റുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംപറിന്റെ താഴെ ഭാഗത്ത് വലിയ ഗ്രില്ലും കൂടാതെ സ്റ്റീല്‍ സ്‌കിഡ് പ്‌ളേറ്റിനെ അനുസ്മരിപ്പിക്കും വിധത്തില്‍ പെയിന്റ് ചെയ്ത ഭാഗവും കാണാം. വശങ്ങളില്‍ എയര്‍കര്‍ട്ടനുകളും നല്‍കിയിട്ടുണ്ട്. പഴയ ഡിസൈനില്‍ നിന്ന് ഒരു റാഡിക്കല്‍ ചെയ്ഞ്ച്, അതാണ് കാറിന്റെ മുന്‍ഭാഗത്ത് കാണുന്നത്. 16 ഇഞ്ച് ടയറുകള്‍ക്ക് മാറ്റമില്ലെങ്കിലും പുതിയ ഡിസൈനിലുള്ളതാണ് അലോയ് വീലുകള്‍. പിന്നിലെ കണക്ടറ്റ് എല്‍.ഇ.ഡി ടെയില്‍ ലാംപുകള്‍ വാഹനത്തിന് ഒരു ഷാര്‍പ്പ് ലുക്കും നല്‍കുന്നുണ്ട്.
ബാക്ക് വൈപ്പര്‍ സ്‌പോയിലറിന് അടിയില്‍ ഒളിപ്പിച്ചുവച്ചിരിക്കുയാണ്. അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തില്‍ ഇത് ശ്രദ്ധയില്‍പ്പെടില്ല. ഫോട്ടിങ് റൂഫ് ലൈന്‍ ഉള്‍പ്പെടെയുള്ള നെക്‌സോണിന്റെ മറ്റ് ഡിസൈന്‍ ഘടകങ്ങള്‍ എല്ലാം അതുപോലെ കാണാം. മുന്നിലും പിന്നിലുമാണ് പ്രധാന ചെയ്ഞ്ചുകളെങ്കിലും കാറിനെ ആകെ മാറ്റിയെടുത്തിട്ടുണ്ട് ടാറ്റ. മെറ്റല്‍ ബോഡിയിലെ മാറ്റങ്ങള്‍ക്ക് വന്‍ചെലവ് വരുന്നതിനാല്‍ അതിലേക്ക് പോയിട്ടുമില്ല.ഗ്രൗണ്ട് ക്‌ളിയറന്‍സിലോ വീല്‍ബേസിലോ വ്യത്യാസമില്ല. പുതിയൊരു പര്‍പ്പിള്‍ നിറവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു കണ്ണഞ്ചിപ്പിക്കുന്ന നിറം സാധാരണ കാണാറുള്ളത് സൂപ്പര്‍ കാറുകളിലും മറ്റുമാണ്. ഇനിഉള്ളില്‍ കയറിയാല്‍ സ്റ്റിയറിങ് ഡിസൈന്‍ ടു സ്‌പോക്കിലേക്ക് മാറിയിട്ടുണ്ട്. 10.2 ഇഞ്ചിന്റെ ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍ കസ്‌ററമൈസേഷനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. നല്ല റസ്‌പോണ്‍സീവ് ആണ് 10.2 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനും. ബ്‌ളൈന്‍ഡ് വ്യൂ മോണിറ്ററോടുകൂടിയ 360 ഡിഗ്രി കാമറയും അടിയന്തര ഘട്ടങ്ങള്‍ക്കായി SOS സ്വിച്ചും നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലും സീറ്റുകള്‍ റീ ഡിസൈന്‍ ചെയ്ത് സുഖകരമാക്കിയിട്ടുണ്ട്. പെട്രോള്‍ മോഡലില്‍ വരുന്ന പര്‍പ്പിളും ബ്‌ളാക്കും ചേര്‍ന്ന അപ്‌ഹോള്‍സ്റ്ററി എല്ലാവര്‍ക്കും ഒരു പക്ഷേ, ഇഷ്ടമാകണമെന്നില്ല. ഡ്രൈവറുടെയും ഫ്രണ്ട് പാസഞ്ചറുകളുടേയും സീറ്റുകള്‍ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്നതിനൊപ്പം വെന്റിലേറ്റഡുമാണ്.സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ കൂടാതെ പിറകില്‍ മധ്യത്തില്‍ ഇരിക്കുന്നയാള്‍ക്കും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും വരുന്നുണ്ട്. ഹ്യൂണ്ടായി വെന്യുവിലടക്കം നല്‍കിയിരിക്കുന്ന ADAS സുരക്ഷാ സംവിധാനം പുതിയ നെക്‌സോണില്‍ മിസിംങ് ആണ്. 120 ബി.എച്ച്.പിയുള്ള മൂന്ന് സിലിന്‍ഡര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115 ബി.എച്ച്.പി1500 സി.സി ഡീസല്‍ എന്‍ജിനും മാറ്റമില്ല. സിക്‌സ് സ്പീഡ് മാന്വല്‍, എ.എം.ടി ഗിയര്‍ബോക്‌സുകളും ഇവയ്‌ക്കൊപ്പമുണ്ട്. എന്നാല്‍ പെട്രോള്‍ മോഡലില്‍ സെവന്‍ സ്പീഡ് ഡി.സി.ടി ഗിയര്‍ബോക്‌സ് പുതുതായി വന്നിട്ടുണ്ട്. ഈ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വളരെ സ്മൂത്ത് ആണ്. ഫോക്‌സ് വാഗന്റെ ഡി.എസ്.ജി ഗിയര്‍ബോക്‌സിന് സമാനമാണ് സെറ്റപ്പെങ്കിലും അത് വേറെ ലെവല്‍ ആണ്. അതുകൊണ്ടുതന്നെ അത്തരം പെര്‍ഫോന്‍സ് ഒന്നും പ്രതീക്ഷിച്ച് ആരും വരേണ്ട. കൂടാതെ ടാറ്റയുടെ പെട്രോള്‍ കാറുകള്‍ നല്ല കുടിയന്‍മാരാണെന്ന പേരുദോഷവും ഉണ്ട്. വംശനാശം വന്നുകൊണ്ടിരിക്കുന്ന, എന്നാല്‍ ഇന്നും വാങ്ങാവുന്ന അപൂര്‍വം ഡീസല്‍ വാഹനങ്ങളിലൊന്നുകൂടിയാണ് നെക്‌സോണ്‍. നെക്‌സോണ്‍ ഡീസലിന്റെ എന്‍ജിന്‍ സൗണ്ട് ചിലസമയത്തെങ്കിലും ഉള്ളിലിരിക്കുന്നവര്‍ക്ക് അരോചകമാണെന്ന് പറയാതെ വയ്യ. വാഹനം സ്‌പോര്‍ട്ട്‌സ് മോഡിലാണെങ്കില്‍ പ്രത്യേകിച്ചും.എന്നാല്‍ നല്ല ടോര്‍ക്ക് നല്‍കുന്ന ഈ ഡീസല്‍ എന്‍ജിന്‍ നെക്‌സോണിനെ ഒരു മികച്ച ഹൈവേ കാര്‍ ആക്കുന്നുണ്ട്. കുറച്ചുകൂടി പവര്‍ ഉള്ള ഡീസല്‍ എന്‍ജിന്‍ ഉണ്ടിയിരുന്നെങ്കില്‍ സംഗതി പൊളിച്ചേനെ.
ഒപ്പം ഹൈ സ്പീഡ് സ്റ്റെബിലിറ്റിക്കായി സസ്‌പെന്‍ഷനും ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഇനി വില, അടുത്തയാഴ്ച പുതിയ നെക്‌സോണ്‍ ഇ.വിക്കൊപ്പം ടാറ്റ പുറത്തുവിടും.
Comments are closed for this post.