ന്യൂഡല്‍ഹി: വൃത്തിയില്ലായ്മയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വെ കേള്‍ക്കുന്ന പഴി ചെറുതൊന്നുമല്ല. വൃത്തിയുടെ കാര്യത്തില്‍ അലസമനോഭാവമാണ് റെയില്‍വേ പൊതുവെ എടുത്ത് വന്നിരുന്നത്. എന്നാല്‍ ഇതിന് പരിഹാരമെന്നോണം അതിവേഗത്തില്‍ വൃത്തിയാക്കുന്ന സംവിധാനം രാജ്യത്തിന്റെ വിവിധ സ്റ്റേഷനുകളിലായി ഒരുക്കിയിരിക്കുകയാണ് വന്ദേഭാരത്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് ട്രെയിന്‍ പുതിയ സംവിധാനം ഉപയോഗിച്ച് വെറും 14 മിനിട്ടുകൊണ്ടാണ് വൃത്തിയാക്കുക. 14 മിനിട്ടിന്റെ അത്ഭുതം എന്നാണ് പുതിയ സൗകര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഒരു ട്രിപ്പിന് ശേഷം 45 മിനിട്ടാണ് ഒരു വന്ദേ ഭാരത് ട്രെയിന്‍ വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയം. ഇത് പരിഹരിക്കാന്‍ സാധിക്കുന്നതോടെ ട്രെയിന്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്.
ആദ്യഘട്ടത്തില്‍ ഡല്‍ഹി ആനന്ദ് വിഹാര്‍, ചെന്നൈ, പുരി, ഷിര്‍ദ്ദി എന്നിങ്ങനെ രാജ്യത്തെ സുപ്രധാനമായ 29 സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.യന്ത്രങ്ങളുടെ സഹായത്തോടെയാകില്ല ഈ വൃത്തിയാക്കല്‍ പ്രക്രിയ നടക്കുന്നത്. ഇതിനായി ഓരോ കോച്ചിലും മൂന്ന് ജീവനക്കാര്‍ വീതമാണ് ഉണ്ടാകുക. അതിനായി പ്രത്യേകം പരിശീലനം നേടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വഛതാ ഹി സേവ എന്ന കാമ്പയിന്റെ ഭാഗമായാണ് പുതിയ പദ്ധതി. 14 മിനിട്ടിന്റെ അത്ഭുതം എന്നായിരുന്നു റെയില്‍വേ മന്ത്രാലയം ഇതിനേക്കുറിച്ച് പ്രതികരിച്ചത്. ജപ്പാനിലാണ് ഇത്തരത്തില്‍ ഒരു മാതൃക ഇന്നുള്ളത്. 7 മിനിട്ടുകൊണ്ടാണ് ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ വൃത്തിയാക്കുന്നത്.
യാത്രക്കാര്‍ എല്ലാം ടെര്‍മിനല്‍ സ്റ്റേഷനില്‍ ഇറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് വൃത്തിയാക്കല്‍ തുടങ്ങുക.
Comments are closed for this post.