
കോഴിക്കോട്: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ വിധിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
പ്രതിക്ക് മേലുള്ള കുറ്റം തെളിയിക്കുക പ്രോസിക്യൂഷന്റെ ഉത്തരവാദിത്തമാണെന്നും
പക്ഷേ, ഞങ്ങളുടെ കണ്മുന്നില് എല്ലാമുണ്ടെന്നുമാണ് കന്യാസ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെ ഉയരുന്ന വിമര്‍ശനം. മരിക്കാന്‍ തയാറായാണ് ഇരക്കൊപ്പം നിലയുറപ്പിച്ച കന്യാസ്ത്രീകള്‍ കോട്ടയം കുറുവിലങ്ങാട്ടെ മഠത്തില്‍ പോലും കഴിയുന്നതെന്നും അവര്‍ തന്നെ പറയുന്നു. ഇനിയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതകളെക്കുറിച്ചാണവര് സൂചന നല്‍കുന്നത്.
ഈ സമയത്തും കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാവുകള്‍ ഗതികിട്ടാതെ അലയുകയാണിപ്പോഴും. ലൈംഗിക അതിക്രമങ്ങളില്‍ മനംമടുത്ത് കഴിഞ്ഞ വര്‍ഷം സഭ വിട്ടത് നൂറോളം കന്യാസ്ത്രീകളാണെന്ന് കാത്തലിക് പ്രീസ്റ്റ് ആന്‍ഡ് എക്സ് പ്രീസ്റ്റ് നണ്‍സ് അസോസിയേഷന് നടത്തിയ ഒരു പഠനം തന്നെ പറയുന്നത്. സിസ്റ്റര്‍ ജെസ്മിയെപ്പോലെ തിരുവസ്ത്രമുപേക്ഷിച്ചു പോയവര്‍ തങ്ങളനുഭവിച്ച വിവേചനങ്ങളുടേയും പീഡനങ്ങളുടേയും കഥകള്‍ ആത്മകഥകളില്‍ ഒട്ടേറെ വിവരിച്ചിട്ടുമുണ്ട്.
20 ലേറെ കന്യാസ്ത്രീകളാണ് കേരളത്തിലെ മഠങ്ങളില്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഏറെപ്പേരും മരിച്ചത് കിണറുകളില്‍ വീണാണ്. ചിലര്‍ മഠത്തിലെ വാട്ടര്‍ ടാങ്കിലും. മറ്റു ചിലരെ പാറമടയിലെ വെള്ളത്തില്‍ വീണു മരിച്ച സാഹചര്യത്തിലും കണ്ടെത്തി.1992ല്‍ സിസ്റ്റര്‍ അഭയയുടെ മരണത്തിലല്ലാതെ മറ്റൊരു കേസിലും കാര്യമായ അന്വേഷണം നടന്നില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. പൊതുപ്രവര്‍ത്തകനായ ജോമോന് പുത്തന്‍പുരയ്ക്കല്‍ അഭയ കേസിനു പിന്നാലെ എപ്പോഴുമുണ്ടായിരുന്നു. അതുകൊണ്ടാണ് നിയമ പോരാട്ടം നടത്താനായത്.
കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ പുറപ്പെട്ടുപോയ 20 കന്യാസ്ത്രീകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടും സഭാധികാരികള്ക്കൊരു കുലുക്കവുമുണ്ടായില്ല. ഓരോ മരണം ആവര്‍ത്തിക്കുമ്പോഴും നടപടിയുമില്ല. പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളോ എമ്പാടുമുണ്ടാകുന്നു. ലൗ ജിഹാദെന്നും മറ്റും വിളിച്ചു കൂവുന്നവര്ക്കെന്തുകൊണ്ടാണ് സ്വന്തം സമുദായത്തിലെ കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചൊടുങ്ങുമ്പോഴും ഒരു കുലുക്കവുമില്ലാത്തത്. ?
വൈദികര്‍ പോലും ബലാല്‍സംഗ കേസുകളിലും പീഡനക്കേസുകളിലും ഉള്‍പ്പെട്ട നിരവധി സംഭവങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. ബിഷപ്പ് ഫ്രാങ്കോയുടെ കേസടക്കം വലിയ ചര്‍ച്ചയായി. ഇതിനു പിന്നാലെ വൈദികരുടെ പീഡനങ്ങള്‍ക്ക് മാര്‍പാപ്പ മാപ്പ് ചോദിച്ച സംഭവം പോലുമുണ്ടായി. ദുരൂഹ മരണങ്ങള് ഏറെയും സഭകളുടെയും സര്‍ക്കാരുകളുടെയും സമ്മര്‍ദ്ദങ്ങളില്‍ കുരുങ്ങുന്നു. ആത്മഹത്യയാക്കി കേസ് എഴുതിത്തള്ളാനുള്ള ശ്രമങ്ങളും അന്നും ഇന്നും നടന്നുവരുന്നു.
ഈ കന്യാസ്ത്രീ വസ്ത്രങ്ങള്‍ക്കുള്ളിലുള്ളതും സാധാരണ മനുഷ്യര്‍ തന്നെ. കുഞ്ഞുകുഞ്ഞു മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും കണ്ണീരുമൊക്കെയുള്ള ഒരു കൂട്ടം പാവം സ്ത്രീകള്‍. പുലര്‍ച്ച മുതല്‍ പാതിരാ വരെ അടിമകളെപ്പോലെ അവര്‍ പണിചെയ്യുന്നു. ചിലരെ എങ്കിലുംഅധിക്ഷേപിച്ചും അടിച്ചമര്‍ത്തിയും മനസു തകര്‍ക്കുന്നു. അപ്പോഴും പാതിരാത്രിയില്‍ ഏതെങ്കിലും നരാധമന്റെ കിടപ്പു മുറിയിലേക്ക് തള്ളിവിടുന്നു.
ഒടുവില്‍ പച്ചജീവനോടെ കിണറ്റില്‍ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല എന്ന് കെ.സി.ബി.സി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അയച്ച കത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കിയിരുന്നു. തന്നെപ്പോലെ ആരെങ്കിലും എവിടെയെങ്കിലും ഈ സത്യങ്ങളൊക്കെ വിളിച്ചു പറഞ്ഞാല്‍ അവരെ ജീവനോടെ കത്തിക്കാന്‍ പോലും മടിക്കില്ല ഈ കൂട്ടരെന്നു അവര്‍ കത്തില്‍ ആരോപിച്ചിരുന്നു. എന്നിട്ടും പ്രതികരിക്കാന്‍ ഒരു സഭാധ്യക്ഷനും രംഗത്തുവന്നിരുന്നില്ല.
1987ലായിരുന്നു ഇത്തത്തിലെ ഒരു മരണം. മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ ലിന്ഡയെയായിരുന്നു ആ ഹതഭാഗ്യ. 1990ല്‍ കൊല്ലം തില്ലേരിയില് സിസ്റ്റര്‍ മഗ്ദല കൊല്ലപ്പെട്ടു.
1992ല്‍ പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ ജീവനില്ലാത്ത ശരീരം പൊങ്ങിക്കിടന്നു.
1993ല്‍ കൊട്ടിയത്ത് സിസ്റ്റര്‍ മേഴ്സിയായിരുന്നു ഇര.
1994ല്‍ പുല്‍പ്പള്ളിയില്‍ സിസ്റ്റര്‍ ആനീസ്.
1998ല്‍ പാലാ കോണ്‍വെന്റില്‍ സിസ്റ്റര്‍ ബിന്‍സി.
1998ല്‍ കോഴിക്കോട് കല്ലുരുട്ടിയില് സിസ്റ്റര്‍ ജ്യോതിസ്.
2000ല്‍ പാലാ സ്നേഹഗിരി മഠത്തില്‍ സിസ്റ്റര്‍ പോള്‍സി.
2006ല്‍ റാന്നിയിലെ മഠത്തില്‍ സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്.
2006ല്‍ തന്നെ കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ.
2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ.
2011 ല്‍ തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റില്‍ സിസ്റ്റര്‍ മേരി ആന്‍സി.
2015 സപ്തംബറില്‍ പാലായില്‍ തലയ്ക്കടിയേറ്റു മരിച്ച സിസ്റ്റര്‍ അമല.
2015 ഡിസംബറില്‍ വാഗമണ്‍ ഉളുപ്പുണിയില്‍ സിസ്റ്റര്‍ ലിസ മരിയ.
2018ല്‍ പത്തനാപുരത്തെ മൗണ്ട് താബുര് കോണ്‍വെന്റില്‍ സിസ്റ്റര്‍ സൂസന് മാത്യു.
ഏറ്റവും ഒടുവില്‍ തിരുവല്ല പാലിയേക്കര ബസേലിയന് സിസ്റ്റേഴ്സ് മഠത്തിലെ ദിവ്യ എന്ന ഇരുപത്തൊന്നു കാരിയും.