2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പാടിയും പറഞ്ഞും ദ മ്യൂസിക് സര്‍ക്കിളിന്റെ സംഗീതപ്രയാണത്തിന് ഒരു വര്‍ഷം

 

സംഗീത വിരുന്നൊരുക്കി ഫെയ്‌സ്ബുക്ക് കൂട്ടായ്മകള്‍ക്കിടയില്‍ വ്യത്യസ്തത കൊണ്ടുവന്ന ‘ദ മ്യൂസിക് സര്‍ക്കിളിന്’ ഒരു വയസ്. പാട്ടിനൊപ്പം സംഗീതത്തെ പറ്റി ചര്‍ച്ചകള്‍ നടത്താനും പാട്ടുകാരെ പ്രോത്സാഹിപ്പിക്കാനും എന്ന ഉദ്ദേശത്തോടെയാണ് കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് 2019 ആഗസ്റ്റില്‍ മ്യൂസിക് സര്‍ക്കിള്‍ എന്ന ഗ്രൂപ്പ് ആരംഭിക്കുന്നത്. സംഗീത പ്രയാണത്തിന് ഒരു വര്‍ഷമാവുമ്പോള്‍ നാല്‍പതിനായിരത്തോളം അംഗങ്ങളുണ്ട് ഗ്രൂപ്പില്‍.

തുടക്കത്തില്‍ തന്നെ ഗ്രൂപ്പ് ആളുകളെ വല്ലാതാകര്‍ഷിച്ചു. പ്രിയപ്പെട്ട പാട്ടുകളെ കുറിച്ചും അവയുടെ ശില്‍പികളെ കുറിച്ചും ഗായകരെ കുറിച്ചുമെല്ലാം ആളുകള്‍ അവരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവച്ചു. പുതിയൊരു പാട്ട് കേള്‍ക്കുമ്പോഴോ, തങ്ങളുടെ ഇഷ്ട ഗാനം മറ്റുള്ളവരില്‍ കൂടി എത്തിക്കാനുമൊക്കെയായി അംഗങ്ങള്‍ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തു. സംഗീതം പഠിച്ചവരോടൊപ്പം തന്നെ സംഗീത ആസ്വാദകരും പ്രശസ്ത സംഗീത പ്രതിഭകളും ഗ്രൂപ്പില്‍ സജീവമായി ഇടപെടാറുണ്ട്.

കേള്‍ക്കുന്ന പാട്ടിനെ കുറിച്ചുള്ള ഓരോ ആളുകളുടെയും നിരീക്ഷണങ്ങളുടെ ചുവടു പിടിച്ചു ഒട്ടേറെ ചര്‍ച്ചകള്‍ക്ക് മ്യൂസിക് സര്‍ക്കിള്‍ ഗ്രൂപ്പ് വേദിയായിട്ടുണ്ട്. പാട്ടിന്റെ പുറകിലുണ്ടായ രസകരമായ ചില കഥകളും ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഒപ്പം തന്നെ റെക്കോര്‍ഡിങ് രീതികള്‍, മ്യൂസിക് പ്രൊഡക്ഷനില്‍ നൂതന സാങ്കേതിക വിദ്യകളുടെ സാന്നിധ്യത്തെ കുറിച്ചും നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നു വരാറുണ്ട്. ഒട്ടേറെ പുതിയ കലാകാരന്മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പങ്കുവെക്കാനുള്ള വേദിയായും മ്യൂസിക് സര്‍ക്കിളിന് മാറാന്‍ കഴിഞ്ഞു.

മനോഹരവും വ്യത്യസ്തവുമായ പല പെര്‍ഫോമന്‍സുകളും ഗ്രൂപ്പിന് പുറത്തും വൈറലായിട്ടുണ്ട്. ഈ അടുത്ത് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ ഷെയര്‍ ചെയ്ത ആര്യ ദയാലിന്റെ വൈറല്‍ വീഡിയോ മ്യൂസിക് സര്‍ക്കിളില്‍ പോസ്റ്റ് ചെയ്തതായിരുന്നു. കൊവിഡ് ലോക് ഡൗണ്‍ കാലത്ത് ഹരീഷ് ശിവരാമകൃഷ്ണന്‍, ഗോവിന്ദ് വസന്ത, മിന്‍മിനി, ഇഷാന്‍ ദേവ്, റാസാ ബീഗം, ഫൈസല്‍ റാസി ശിഖ, Devzart (ദേവാനന്ദ് പദ്മകുമാര്‍) തുടങ്ങി പ്രശസ്തരുടെ ഫേസ്ബുക് ലൈവ് പെര്‍ഫോമന്‍സുകള്‍ മ്യൂസിക് സര്‍ക്കിള്‍ ഒരുക്കിയിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയക്ക് പുറത്തും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കണം എന്നാണ് കൂട്ടായ്മയുടെ ആഗ്രഹം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.