2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഉറക്കത്തെ നനയ ്ക്കുന്ന നിലാവ ്

ഡോ.രോഷ്‌നി സ്വപ്ന

ഹീബ്രു എന്ന സവിശേഷ ഭാഷയിലാണ് യഹുദ അമിച്ചൈയുടെ കവിതകള്‍. 1924ല്‍ ജര്‍മ്മനിയിലെ വുര്‍സ്ബര്‍ഗിലാണ് ജനനം. ജന്മദേശം വിട്ട് പലായനം ചെയ്ത അദ്ദേഹത്തിന്റെ പിന്നീടുള്ള വാസം ഫലസ്തീനിലായിരുന്നു.
മനുഷ്യാസ്തിത്വത്തില്‍ ഉറച്ചുനില്‍ക്കുന്ന യഹുദയുടെ കവിതകള്‍ സര്‍വലൗകികമായ ജീവിത ദര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നു. ദൈലന്‍ തോമസിന്റെയും ടി.എസ് എലിയറ്റിന്റെയും ആധുനിക ബ്രിട്ടിഷ് കവിതകള്‍ അടങ്ങിയ ഒരു പുസ്തകമാണ് യഹുദയെ എഴുത്തിലേക്കു പിടിച്ചുലച്ചത്. 1946 മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. ലോകമഹായുദ്ധ ശേഷമാണ് അദ്ദേഹം ഹീബ്രു സര്‍വകലാശാലയില്‍ ചേര്‍ന്നത്. പിന്നീട് ബൈബിളും ഹീബ്രു ഭാഷയും ആഴത്തില്‍ പഠിച്ചു. യുദ്ധവുമായുള്ള നിരന്തര ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തിലെ കവിയെ പ്രതിരോധത്തിന്റെ വഴികളിലേക്കു തുറന്നുവിട്ടു. കാവ്യഭാഷയിലും രൂപത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് യഹുദ തന്റെ വാക്കുകളെ ലോകത്തിലേക്കു പറത്തിവിട്ടത്.


‘ഈ പഴയ നഗരത്തിന്റെ
ആകാശത്തില്‍
ഒരു പട്ടമുണ്ട്.
ഈ ചരടിന്റെ
അങ്ങേയറ്റത്ത്
ഒരു കുഞ്ഞുമുണ്ട്.
എനിക്ക്
കാണാന്‍ കഴിയുന്നില്ല.
ഈ മതിലുകള്‍ കാരണം’
എന്ന് അദ്ദേഹം തന്റെ ജെറുസലേം എന്ന കവിതയില്‍ എഴുതുന്നുണ്ട്. ഒരു കവിയുടെ സാന്നിധ്യം പോലും ലോകത്ത് ഇളക്കങ്ങള്‍ ഉണ്ടാക്കുമെന്നും അത്രമേല്‍ കവിതയും രാഷ്ട്രീയവും പരസ്പരം ഇഴകലര്‍ന്നു കിടക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചു.

യഹുദ അമിച്ചൈയുടെ കവിതകള്‍
(1)
ആദ്യ
യുദ്ധത്തെക്കുറിച്ച ് രണ്ട ് കവിതകള്‍
(1)
ആദ്യ യുദ്ധങ്ങള്‍
പ്രണയത്തിന്റെ
പേടിപ്പെടുത്തുന്ന
പൂക്കള്‍ വിതറി
മാരകമായ ഉരകല്ലിന്റെ തീയുടെ
ചുംബനംപോലെ…
ഞങ്ങളുടെ നഗരത്തിലെ
പ്രിയപ്പെട്ട ബസ്
ആണ്‍കുട്ടികളുടെ
പടയാളികളെ
ഏറ്റിക്കൊണ്ടുപോകുന്നു.
എല്ലാ വരികളും
1, 2, 8 പിന്നെ….. 5
മുന്നോട്ടുതന്നെ യാത്ര ചെയ്യുന്നു.

(2)
മുന്നോട്ടുള്ള വഴിയില്‍
ഞങ്ങള്‍
ഒരു ബാലപാഠശാലയില്‍
ഇത്തിരിനേരം ഉറങ്ങി.
ഞാനൊരു മരപ്പാവയെ
എന്റെ തലയിണക്കടിയില്‍വച്ചു.
ക്ഷീണിച്ച
എന്റെ മുഖത്ത്
ഉടുപ്പുകളും
പാവക്കുഞ്ഞുങ്ങളും
കുഴലുകളും അവതരിച്ചു.
അല്ല,
ഇത് മാലാഖമാരല്ല,
എന്റെ കാല്‍പാദങ്ങള്‍
അവരുടെ ഭാരിച്ച
ബൂട്ടിനടിയിലാണ്.
കത്തുന്ന നിറങ്ങളുള്ള
ചതുരക്കട്ടകള്‍
നിരത്തിയിട്ട
ഒരു ടവറില്‍
നിര്‍ത്താതെ മുട്ടുന്നു….
പരസ്പരം ആഴത്തില്‍
കുഴിച്ചിട്ട തൂണുകള്‍ എന്നപോലെ….
ഞങ്ങള്‍!
ഓരോ ചതുരവും തൊട്ടു.
താഴത്തേതില്‍നിന്ന്
ചെറുത്.
എന്റെ ശിരസില്‍
വലിയ ഓര്‍മകളുടെ
കുഴഞ്ഞുമറിഞ്ഞ
അവ്യവസ്ഥിതങ്ങള്‍!
അവയെ പുറത്തെടുത്ത്
അവര്‍ സ്വപ്നങ്ങള്‍
തീര്‍ക്കുന്നു.
ജനാലക്കപ്പുറം തീനാളങ്ങള്‍…
അതിനാല്‍
എന്റെ കണ്ണുകളിലും
എന്റെ കണ്‍പീലിക്കടിയിലും
ആ തീനാളങ്ങള്‍…!

(2)
ആദ്യമഴ
ആദ്യമഴ എന്നെ
വേനല്‍ക്കാലത്തെ
പൊടിപ്പരപ്പിനെപ്പറ്റി
ഓര്‍മിപ്പിക്കുന്നു.
പോയ വര്‍ഷത്തെ
മഴയെപ്പറ്റി ഈ മഴ
ഒന്നും പറയുന്നില്ല.
ഓര്‍മകള്‍ ഒഴിഞ്ഞ
ഏറ്റവും ക്രൂരമായ ഒന്നായിരുന്നു
പോയവര്‍ഷം.
ഉടന്‍തന്നെ നീ നിന്റെ
യുദ്ധക്കോപ്പുകള്‍
എടുത്തണിയും.
സുന്ദരമായ
അലുക്കുകളുള്ള
ഭാരിച്ച കാലുറകള്‍
നീ ധരിക്കും.
ഒറ്റ ഉടലില്‍
ഒരേസമയം
യുദ്ധക്കോപ്പുകളും
കടിഞ്ഞാണുമായി
നീ വെളിപ്പെടും.
പ്രാചീന സന്യാസിമാരെക്കണ്ട്
പെട്ടെന്നുള്ള ആന്തലില്‍
ഞടുങ്ങിപ്പോയ
മിനുത്ത മാംസങ്ങള്‍…
(3)
ഒരു കുഞ്ഞായിരുന്ന നാള്‍
ഞാനൊരു
കുഞ്ഞായിരുന്ന നാള്‍
കടല്‍ക്കരയില്‍
പുല്ലുകളും പാമരങ്ങളും
ധാരാളമുണ്ടായിരുന്നു.
ഞാന്‍ അവിടെക്കിടന്ന്
വിശ്രമിക്കുമായിരുന്നു.
അവരെല്ലാവരും
ഒരുപോലെയാണ്
എന്നായിരുന്നു
ഞാന്‍ കരുതിയത്.
കാരണം,
എനിക്കു മീതെ കൂടി
അവര്‍ ആകാശത്തേക്ക്
ഉയര്‍ന്നുയര്‍ന്നു പോയി.
എന്റെ അമ്മയുടെ ലോകം മാത്രം
എന്നോടൊപ്പം പോന്നു.
ഒരു മെഴുകു കടലാസില്‍
പൊതിഞ്ഞ
സാന്‍വിച്ച് പോലെ…..
എന്റെ പിതാവ് തിരിച്ചുവന്നത്
ഞാനറിഞ്ഞില്ല.
കാരണം,
ആ തെളിച്ചത്തിന്
പിന്നില്‍
മറ്റൊരു കാടുണ്ടായിരുന്നു.
കൈകളില്‍ നിന്ന്
എല്ലാം കവര്‍ന്നെടുക്കപ്പെട്ടു.
ഒരു പോത്ത്
അതിന്റെ കൊമ്പുകള്‍
സൂര്യനു നേരെ നീട്ടി അമറുന്നു.
രാത്രിയില്‍
തെരുവു വെളിച്ചങ്ങള്‍ ഒഴുകുന്നു.
എന്റെ കവിളിലും
മതിലുകളിലും.
നിലാവ് ഒരു വലിയ
പന്തു കളിക്കാരനെപ്പോലെ
മെലിഞ്ഞ് ഇഴഞ്ഞുവന്ന്
എന്റെ ഉറക്കത്തെ നനക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.