അമ്പലപ്പുഴ: വണ്ടാനത്തെ കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്റെ ബ്ലീച്ചിങ് പൗഡര്‍ ഗോഡൗണിന് തീപിടിച്ചതിനെ തുടര്‍ന്ന് മാറ്റിയ മരുന്നുകള്‍ സൂക്ഷിച്ചത് മീന്‍വണ്ടിയില്‍.
കയറ്റുമതി ചെയ്യാനുള്ള മീനുകള്‍ തുറമുഖത്തേക്ക് കൊണ്ടുപോകുന്ന ഇന്‍സുലേറ്റഡ് വാനാണ് തിടുക്കപ്പെട്ട് വൃത്തിയാക്കി മരുന്ന് സംഭരണ കേന്ദ്രമാക്കിയത്.
തീപിടിത്തമുണ്ടായ ശനിയാഴ്ച മുതല്‍ ഇന്നലെ വൈകിട്ടു വരെ ഇതില്‍ സൂക്ഷിച്ച മരുന്നുകള്‍ രാത്രിയോടെ കലവൂരില്‍ കെഎസ്ഡിപിയുടെ സംഭരണശാലയിലേക്കു മാറ്റി.
തീപിടിച്ച ഗോഡൗണിനു സമീപം പ്രധാന കെട്ടിടത്തിലാണു മരുന്നുകള്‍ സൂക്ഷിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ പിന്‍ഭാഗത്തു തീപിടിച്ചു. 8 എസികളും കത്തിനശിച്ചു. ശീതീകരിച്ചു സൂക്ഷിക്കേണ്ട മരുന്നുകള്‍ വയ്ക്കാന്‍ ഇടമില്ലാതായി. അപ്പോഴാണ് അധികൃതര്‍ മീന്‍വണ്ടി ഏര്‍പ്പാടാക്കിയത്. മൈനസ് 22 ഡിഗ്രി സെല്‍ഷ്യസ് വരെ ഇതില്‍ താപനില ക്രമീകരിക്കാന്‍ കഴിയും.
ഗോഡൗണിലെ രണ്ടാമത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന 29,300 കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ അവിടെ നിന്നു സംഭരണശാലയുടെ വളപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതു തിരികെ കൊണ്ടുപോയിട്ടില്ല. അന്തരീക്ഷ ഊഷ്മാവ് കൂടിയാലും മഴ പെയ്താലും ബ്ലീച്ചിങ് പൗഡര്‍ കത്തുമെന്ന വിശദീകരണം ബന്ധപ്പെട്ടവര്‍ നല്‍കുമ്പോഴാണ് ഇതുപുറത്ത് കൂട്ടിയിട്ടിരിക്കുന്നത്.
സംഭവത്തെപ്പറ്റി പുന്നപ്ര പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സ്റ്റേഷന്‍ ഓഫിസര്‍ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫൊറന്‍സിക് വിഭാഗത്തിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.
Comments are closed for this post.