2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മാധ്യമങ്ങള്‍ പിണറായിയുടെ മുമ്പില്‍ തല കുമ്പിട്ട് നില്‍ക്കുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം നേടും: കെ.സുധാകരന്‍

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 പാര്‍ലമെന്റ് സീറ്റില്‍ 20ഉം യൂഡിഎഫ് നേടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. ജനകീയ പ്രക്ഷോഭയാത്ര സമരാഗ്നിയോടനുബന്ധിച്ച് കോഴിക്കോട് കോംട്രസ്റ്റ് ഗ്രൗണ്ടില്‍ നടന്ന ജനകീയ ചര്‍ച്ചക്ക് ശേഷം മലബാര്‍ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രക്ഷോഭ യാത്ര 3 ദിവസം പിന്നിട്ടപ്പോള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പൊതുജനങ്ങളുമായി സംവദിച്ചപ്പോള്‍ എല്ലാവിഭാഗം ജനങ്ങളില്‍പ്പെട്ടവരും അവരുടെ സങ്കടങ്ങളുടെ കെട്ടഴിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാ വിഭാഗം ജനങ്ങളും അവരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. പലരുടെയും സങ്കടങ്ങള്‍ ഹൃദയഭേദകമായിരുന്നു. കര്‍ഷകരുടെ കണ്ണീരും, വന്യ മൃഗങ്ങളുടെ അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെ കണ്ണീരും കാണുകയുണ്ടായി. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെപിസിസിയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാവും. യാത്രക്ക് ജനങ്ങള്‍ നല്‍കുന്ന പിന്തുണ പൊതുയോഗങ്ങളിലെ അഭൂതപൂര്‍വ്വമായ ആള്‍ക്കൂട്ടം എന്നിവയെല്ലാം കാണിക്കുന്നത് പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള എതിര്‍പ്പാണ്.

‘രണ്ട് ദിവസമായി പുറത്തെത്തിയ കാട്ടാനയെ ഫലപ്രദമായി പ്രതിരോധിച്ചിരുന്നെങ്കില്‍ മാനന്തവാടിയിലെ ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഈ മരണത്തിന് കാരണം. വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ട് 10 ലക്ഷം ഉലുവയും കൊണ്ടാണ് സര്‍ക്കാര്‍ നടക്കുന്നത്. കുറച്ചെങ്കിലും മര്യാദ കാണിക്കണം.’

വന്യ മൃഗങ്ങളില്‍ നിന്ന് മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണം. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഒരു തര്‍ക്കവുമില്ലെന്നും കുടുംബബന്ധമാണുള്ളതെന്നും ഇതില്‍ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് ആരും കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ പ്രതാപന്റെ പ്രതാപം കാണിച്ചു തരും. എം.കെ.പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ കൂടെ ഭക്ഷണം കഴിച്ചതില്‍ തെറ്റില്ല. ഈ വിഷയം വിവാദമാക്കുന്ന മാധ്യമങ്ങള്‍ എളമരം കരീം പാലക്കാട് ബിഎംഎസിന്റെ സമ്മേളനത്തില്‍ പങ്കെടുത്തതും അദ്ദേഹം അവിടെ നടത്തിയ പരാമര്‍ശങ്ങളും എന്ത്‌കൊണ്ട് വാര്‍ത്തയാക്കുന്നില്ലെന്ന് ചോദിച്ചു.

മാധ്യമങ്ങള്‍ പിണറായിയുടെ മുമ്പില്‍ ചെന്നാല്‍ തല കുമ്പിട്ട് നില്‍ക്കുകയാണ്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് ചോദിക്കാന്‍ തയ്യാറാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭ യാത്ര കടന്നു പോകുന്നത് പിണറായി നടത്തിയ യാത്ര പോലെയല്ല. വന്‍കിടക്കാരോടും, വ്യവസായികളോടും, പൗരപ്രമുഖരോടും ചങ്ങാത്തം കൂടി സല്‍ക്കരിച്ചാണ് പോയതെങ്കില്‍ തന്റെ യാത്ര കര്‍ഷകരോടും തൊഴിലാളികളുള്‍പ്പെടുന്ന സാധാരണക്കാരോട് സംവദിച്ചുമാണ് മുന്നോട്ട് പോകുന്നതെന്നും വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കണമെന്നാണ് കെപിസിസിയുടെ ആഗ്രഹമെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ പിണറായിയുടെ മുമ്പില്‍ തല കുമ്പിട്ട് നില്‍ക്കുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 20ഉം നേടും: കെ.സുധാകരന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.