2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്ത്രീവേട്ടയുടെ മണിപ്പൂർ മുഖം

ഹനീഫ കുരിക്കളകത്ത്


160ലേറെ പേർ കൊല്ലപ്പെട്ട മണിപ്പൂർ കലാപക്കേസിൽ സി.ബി.ഐ തയാറാക്കിയ എഫ്.ഐ.ആറിൽ പ്രതികളായി ഉൾപ്പെട്ടിരിക്കുന്നത് 19 സ്ത്രീകളാണ്. സംസ്ഥാന സർക്കാർ സി.ബി.ഐക്ക് കൈമാറിയ 27കേസുകളിലാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. കൊലപാതകം, ആൾക്കൂട്ട അക്രമം, ആയുധശാല കൊള്ളയടിക്കൽ, തട്ടികൊണ്ടു പോകൽ, ബലാത്സംഗം, ഗൂഢാലോചന എന്നീ കേസുകളിലാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്തിരിക്കുന്നത്.
കലാപസ്ഥലങ്ങൾ സന്ദർശിച്ചും ഇരകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപത്തിൽ ഏറ്റവും കൂടുതൽ ഇരകളായത് സ്ത്രീകളാണ്. കലാപവുമായി ബന്ധപ്പട്ട് സുപ്രിംകോടതി സ്വമേധയ എടുത്ത കേസിൽ അന്വേഷിക്കാൻ നിയമിച്ചത് വനിതകൾ മാത്രമുള്ള സമിതിയെയാണ്. കേസന്വേഷണം ഏറ്റെടുത്ത 53അംഗ സി.ബി.ഐ സംഘത്തിൽ 29 പേർ വനിതകളാണ്.


പ്രതിപ്പട്ടികയിലെ വനിതകളുടെ സാന്നിധ്യം മണിപ്പൂർ കലാപത്തെ മറ്റൊരു രീതിയിൽ ശ്രദ്ധേയമാക്കുന്നു. സാധാരണ കലാപങ്ങളിൽ ഇരകളാകുന്നവരിൽ കൂടുതലും ഉൾപ്പെടാറുള്ളത് സ്ത്രീകളാണ്. എന്നാൽ, മണിപ്പൂരിൽ കലാപകാരികളിൽ നല്ലൊരു ശതമാനം സ്ത്രീകളാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന കലാപസാഹചര്യം കണക്കിലെടുത്ത് സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ സൂചനകൾ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്നാൽ, കലാപകാലത്തെ മാധ്യമ റിപ്പോർട്ടുകളും പ്രചരിച്ച വിഡിയോ ദൃശ്യങ്ങളും കലാപത്തിൽ മെയ്തി സ്ത്രീകളുടെ പങ്ക് വ്യക്തമാക്കുന്നതാണ്.


മീരപൈബീസ് എന്ന പേരിലറിയപ്പെടുന്ന മെയ്തി വനിതകളുടെ സംഘടന കലാപത്തിൽ സജീവമായി പങ്കെടുക്കുകയുണ്ടായി. “തീപ്പന്തമേന്തുന്നവനിതകൾ” മണിപ്പൂരിലെ അമ്മമാർ എന്ന അർഥം വരുന്ന ഇമാസ് എന്ന പേരിലും സംഘടന അറിയപ്പെടുന്നു. 100 വർഷം മുമ്പ് ബ്രിട്ടിഷ് ഭരണകാലത്ത് മണിപ്പൂരിൽ സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ചിരുന്നു. ബ്രിട്ടിഷ് പട്ടാളവും ജന്മിമാരും കൂലി നൽകാതെ ജോലിക്കായി പിടികൂടുന്ന പുരുഷന്മാരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അന്ന് മണിപ്പൂർ വനിതകൾ സംഘടന രൂപീകരിച്ചത്. 1949ൽ മണിപ്പൂർ ഇന്ത്യയുടെ ഭാഗമായെങ്കിലും ഈ കൂട്ടായ്മ നിലനിന്നു. മീരപൈബീസ് എന്നപേരിൽ സംഘടന രൂപീകരിക്കുന്നത് 1977ലാണ്. പുരുഷന്മാരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗവും മദ്യപാനവും തടയുന്നതിനായി സ്ത്രീ കൂട്ടായ്മ പ്രവർത്തിച്ചു തുടങ്ങി. മദ്യവാറ്റു കേന്ദ്രങ്ങൾ തകർത്തും ലഹരി പൂക്കുന്ന കൃഷിയിടങ്ങൾ നശിപ്പിച്ചു അവർ ദൗത്യം നിർവഹിച്ചുകൊണ്ടിരുന്നു. അതിനിടെ ഭരണകൂടവും സൈനികരും തുടരുന്ന അക്രമങ്ങൾക്കെതിരേയും അവരുടെ പോരാട്ടം വ്യാപിപ്പിച്ചു.


1980കളിൽ സംസ്ഥാനത്ത് നടന്ന വർഗീയ കലാപങ്ങൾ തടയുന്നതിനും ഈ പെൺകുട്ടായ്മ സജീവമായി പ്രവർത്തിച്ചു. സൈനികർക്ക് അമിതാധികാരം നൽകുന്ന അഫ്സപ് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു 16 വർഷം തുടർച്ചയായി നിരാഹാര സമരം നടത്തിയ ഈറോം ശർമിള ഒരുകാലത്ത് ഈ പെൺകൂട്ടായ്മയുടെ ഭാഗമായിരുന്നു. തങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിനെ അക്രമ മാർഗങ്ങളിലൂടെ നേരിടാനും അവർ മടി കാണിച്ചിരുന്നില്ല. 1980ൽ തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളെ പൊലിസ് സ്റ്റേഷൻ ആക്രമിച്ചു മോചിപ്പിക്കുകയുണ്ടായി. അർധ സൈനികർ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതിൽ പ്രതിഷേധിച്ച് 2004ൽ ഇംഫാലിലെ സൈനിക കേന്ദ്രത്തിന് മുമ്പിൽ “ഞങ്ങളെ പീഡിപ്പിക്കുന്നു” എന്ന ബാനർ ഉയർത്തി ഒരു സംഘം വനിതകൾ നഗ്നരായി പ്രതിഷേധിക്കുകയുണ്ടായി. സമരമാർഗങ്ങളും പ്രതിഷേധങ്ങളും തുടർന്നുവെങ്കിലും അവർ നിരപരാധികളെ അക്രമിക്കുന്നതും വർഗീയ കലാപത്തിൽ നേരിട്ടു പങ്കെടുക്കുന്നതും ആദ്യമാണ്.


കഴിഞ്ഞ മെയ് മൂന്നിന് ശേഷം മണിപ്പൂരിൽ നടന്ന കലാപങ്ങളിൽ അക്രമം നടത്തിയ മെയ്തികളോടൊപ്പം തോൾ ചേർന്നുണ്ടായിരുന്നത് സ്ത്രീകളാണ്. കലാപം തുടങ്ങിയ ആദ്യവാരം സൈനികർ ഒരുകൂട്ടം അക്രമികളെ പിടികൂടുകയുണ്ടായി. എന്നാൽ, മെയ്തി വനിതകൾ റോഡിൽ മണ്ണുമാന്തിയന്ത്രം നിരത്തിയും സൈനികരെ കൈയേറ്റം ചെയ്തും അക്രമികളെ മോചിപ്പിച്ചു. 2015ൽ 18 സൈനികരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് മോചിപ്പിച്ചത്. സംഭവത്തെ ഖേദകരമെന്നാണ് സൈനിക ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. അതായത് മെയ്തി വനിതകൾക്ക് മുമ്പിൽ തങ്ങൾ നിസ്സഹയരാണെന്ന അർഥത്തിലായിരുന്നു സൈനികരുടെ പ്രതികരണം. തൊട്ടടുത്ത ദിവസമാണ് സൈനികരുടെ സാന്നിധ്യത്തിൽ പരുക്കേറ്റ ബാലനുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് തടഞ്ഞ് തീയിട്ടത്. സംഭവത്തിൽ ബാലൻ കൊല്ലപ്പെട്ടു.


രണ്ട് യുവതികളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് രാജ്യം നടുക്കത്തോടെ കണ്ട സംഭവമായിരുന്നു. ഈ ക്രൂരത നടന്നതും മെയ്തി വനിതകളുടെ പങ്കാളിത്തത്തോടെയായിരുന്നു. ആ വനിതകളെ പിച്ചിച്ചീന്തണമെന്ന് അവർ ആക്രോശിക്കുകയുണ്ടായി. കുക്കികൾ ഭൂരിപക്ഷമുള്ള ചുരചന്ദ് പൂരിൽ വീടുകൾ കൊള്ളയടിച്ച് തീയിട്ട കേസിലും 19 കാരിയായ കുക്കി വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയിലും മെയ്തി വനിതകളുണ്ട്. ആയുധധാരികളായ മെയ്തി പുരുഷന്മാർക്കു 19 കാരിയെ മെയ്തി വനിതകൾ പിടിച്ചുകൊടുത്തു എന്നാണ് കേസ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.