തുടര്‍ച്ചയായ മൂന്നാം ദിവസവും ക്രൂഡോയില്‍ വിലയില്‍ മുന്നേറ്റം. ഏഷ്യന്‍ വിപണിയില്‍ തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ച ഘട്ടത്തില്‍ ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് കോണ്‍ട്രാക്ടുകള്‍ നേട്ടത്തിലാണ് തുടരുന്നത്. ഏറ്റവും കൂടുതല്‍ വ്യാപാരം ചെയ്യപ്പെടുന്ന ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് 0.4 ശതമാനം ഉയര്‍ന്ന് 94.32 ഡോളര്‍ നിലവാരത്തിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയില്‍ ഫ്യൂച്ചര്‍സ് 0.6 ശതമാനം നേട്ടത്തോടെ91.30 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
നേട്ടത്തിന് കാരണം
ലോകത്തെ പ്രധാന ക്രൂഡോയില്‍ ഉത്പാദകരായ സൗദി അറേബ്യയും റഷ്യയും വിപണിയിലേക്കുള്ള വിതരണം കുറച്ച നടപടി ഈ വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചതാണ് മുഖ്യ ഘടകം. ഈ നടപടിയോടെ സ്വാഭാവികമായി ഡിമാന്‍ഡ് വര്‍ധിക്കുന്ന ശൈത്യകാല സീസണില്‍ ലഭ്യതക്കുറവ് നേരിടുമെന്ന നിഗമനമാണ് ക്രൂഡോയില്‍ വില ഉയര്‍ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രൂഡോയില്‍ ഉപഭോക്താക്കളിലൊന്നായ ചൈനയുടെ സാമ്പത്തിക ഉത്തേജന പദ്ധതികളും താരതമ്യേന ശക്തമായ നിലയില്‍ അമേരിക്കന്‍ സമ്പദ്ഘടന തുടരുന്നതുമാണ് എണ്ണ വില വര്‍ധിക്കുന്നതിന് അനുകൂല പശ്ചാത്തലമൊരുക്കുന്നത്.
ഇന്ധന വില
72 ഡോളര്‍ നിലവാരത്തില്‍ നിന്നിരുന്ന ക്രൂഡോയിലാണ് ഇപ്പോള്‍ 94 ഡോളറിലേക്ക് കുതിച്ചുയര്‍ന്നത്. 2022 നവംബറിനുശേഷം ക്രൂഡോയിലില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വില നിലവാരമാണിത്. എന്നിരുന്നാലും രാജ്യത്തെ ഇന്ധന നിരക്കില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2022 മേയ് മാസത്തിനുശേഷം രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ കാര്യമായ മാറ്റം രേഖപ്പെടുത്തിയിട്ടില്ല.
ഡല്‍ഹി നഗരപരിധിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 96.72 രൂപയും ഡീസലിന്റെ വില 89.62 രൂപയായും തുടരുന്നു. മുംബൈ നഗരത്തില്‍ പെട്രോളിന്റെ നിരക്ക് 106.31 രൂപയും ഡീസല്‍ വില 94.27 രൂപയായും മാറ്റമില്ലാതെ നില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ നിരക്ക് 106.03 രൂപയും ഡീസല്‍ നിരക്ക് 92.76 രൂപയായും രേഖപ്പെടുത്തി. ചെന്നൈ നഗരത്തില്‍ പെട്രോളിന്റെ വില 102.63 രൂപയും ഡീസലിന്റെ നിരക്ക് 94.24 രൂപയായും മാറ്റമില്ലാതെ നില്‍ക്കുന്നു. സമാനമായി കേരളത്തിലെ പെട്രോള്‍, ഡീസല്‍ നിരക്കുകളിലും തിങ്കളാഴ്ച മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 109.73 രൂപയും ഡീസലിന്റെ വില 98.53 രൂപയായും തുടരുന്നു.
Comments are closed for this post.