ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: പള്ളിദര്‍സും ജാമിഅ നൂരിയ്യയും പാകപ്പെടുത്തിയെടുത്ത അറിവിന്റെ യാത്രയായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കര്‍മജീവിതം. സമുദായ സമക്ഷത്തിലേക്ക് സ്‌നേഹദൂതുമായി പഠനകാലം കഴിഞ്ഞിറങ്ങിയതാണ് കൊടപ്പനക്കലില്‍നിന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്രമം അറിയാതെ ഒരു ജനതയുടെ നടുവില്‍ തങ്ങള്‍ ലയിച്ചുചേര്‍ന്നു.
കേരള മുസ് ലിംകളുടെ ആത്മീയ നേതാവ് പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) സയ്യിദത്ത് ആഇശ ബീവിയുടെയും മക്കളിലില്‍ മൂന്നാമനായാണ് തങ്ങളുടെ ജനനം. 1947 ജൂണ്‍ 15ന്. ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യാനായി പൊലിസ് പാണക്കാട് വീട്ടിലെത്തിയ പരീക്ഷണ നാളുകളിലാണ് തങ്ങളുടെ ചെറുപ്പം.
അസുഖബാധിതയായ ഉമ്മ ഹൈദരലി തങ്ങളുടെ ചെറുപ്പത്തില്‍ വിടപറഞ്ഞു. പിന്നീട് പിതൃസഹോദരി സയ്യിദത്ത് മുത്തുബീവിയുടെ പരിപാലനത്തിലാണ് ‘ആറ്റപ്പൂ’ വളര്‍ന്നത്.
മത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ തങ്ങള്‍ നുകര്‍ന്നത് ഓത്തുപള്ളിയില്‍ നിന്നായിരുന്നു. പ്രാഥമിക സ്‌കൂള്‍ പഠനം പാണക്കാട് ദേവധാര്‍ സ്‌കൂളില്‍ നിന്നായിരുന്നു. ഒന്നു മുതല്‍ നാലാം തരം പാണക്കാട് പഠിച്ചു. പിന്നീട് കോഴിക്കോട് മദ്‌റസത്തുല്‍ മുഹമ്മദിയ്യ (എം.എം സ്‌കൂള്‍) യില്‍ ചേര്‍ന്നു. പത്താം തരം പൂര്‍ത്തിയാക്കി എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടി. അതിനു ശേഷം പള്ളി ദര്‍സില്‍ ചേര്‍ന്നു. ജ്യേഷ്ഠസഹോദരങ്ങളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉന്നത മതവിദ്യ അഭ്യസിക്കുന്ന സന്ദര്‍ഭമായിരുന്നു അത്.
മലപ്പുറം ജില്ലയിലെ തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ ആദ്യ ദര്‍സ് പഠനം. കാട്ടിപ്പരുത്തി കുഞ്ഞാലന്‍ മുസ്ലിയാരായിരുന്നു തങ്ങളുടെ ദര്‍സിലെ ഗുരു. ഫത്ഹുല്‍ മുഈന്‍, മിശ്കാത്ത്, അല്‍ഫിയ തുടങ്ങിയ പ്രധാന കിതാബുകള്‍ ഹൈദരലി തങ്ങള്‍ പഠനം നടത്തിയത് ഇദ്ദേഹത്തില്‍ നിന്നാണ്. പിന്നീട് തുടര്‍പഠനത്തിനായി പൊന്നാനി മഊനത്തുല്‍ ഇസ് ലാം അറബിക് കോളജില്‍ ചേര്‍ന്നു. സമസ്തയുടെ സമുന്നത നേതാവും ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായിരന്ന മര്‍ഹൂം കരുവാരകുണ്ട് കെ.കെ അബുദുല്ല മുസ് ലിയാരായിരുന്നു മഊനത്തില്‍ പ്രിന്‍സിപ്പല്‍. മഊനത്തില്‍ ഹൈദരലി തങ്ങളുടെ പ്രധാന ഉസ്താദ് കെ.കെ അബ്ദുല്ല മുസ് ലിയാരായിരുന്നു. മര്‍ഹൂം നാട്ടിക വി. മൂസ മുസ് ലിയാര്‍, പുറങ്ങ് അബ്ദുല്ല മുസ് ലിയാര്‍ എന്നിവര്‍ തങ്ങളുടെ മഊനത്ത് പഠനകാലത്തെ സതീര്‍ഥ്യരായിരുന്നു. ഉന്നത പഠനത്തിനായി 1972 ല്‍ ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ എത്തി. മൂന്ന് വര്‍ഷം ജാമിഅയില്‍ പഠനം നടത്തി തങ്ങള്‍.
പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളായിരുന്നു ഹൈദരലി തങ്ങളുടെ പഠനകാലത്ത് ജാമിഅ നൂരിയ്യയുടെ പ്രസിഡന്റ്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍ എന്നീ സമുന്നത പണ്ഡിത ശ്രേഷ്ഠര്‍ അവിടുത്തെ ഉസ്താദുമാരുമായ കാലം. ജംഉല്‍ ജവാമിഅ്, മഹല്ലി എന്നിവ കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ് ലിയാരില്‍ നിന്നാണ് ഓതിയത്. മിശ്കാത്ത്, തഫ്‌സീര്‍ ജലാലൈലി തുടങ്ങിയവ ശംസുല്‍ ഉലമായില്‍ നിന്നും. ബുഖാരി, മുസ് ലിം, നസാഈ, മുവത്വ, അബൂദാവൂദ് തുടങ്ങി ഹദീസ് ഗ്രന്ഥങ്ങളും ഉന്നത മതപഠന സിലബസില്‍ ഉള്‍പ്പെടുന്ന കിതാബുകളും പഠനം നടത്തി.
പഠനകാല ജീവിതത്തിലെ സൗഭാഗ്യനാളുകളായി ഹൈദരലി തങ്ങള്‍ ഈകാലയളവിലെ സ്മരിക്കാറുണ്ട്. പഠനം പൂര്‍ത്തിയാക്കി 1975ല്‍ മൗലവി ഫാസില്‍ ഫൈസി സനദ് സ്വീകരിച്ചു. ജാമിഅ പഠനകാലത്തിന്റെ ഈ അവസാന നാളുകളിലാണ് പിതാവ് പൂക്കോയ തങ്ങള്‍ രോഗബാധിതനാകുന്നത്. പിന്നീട് തങ്ങളുടെ വഫാത്ത്. 13ാം വാര്‍ഷിക 11ാം സനദ് ദാന സമ്മേളനത്തിലാണ് ഹൈദരലി തങ്ങള്‍ സനദ് സ്വീകരിക്കുന്നത്.
നേതൃത്വത്തിന്റെ ഉള്‍ക്കരുത്തും സംഘാടനത്തിന്റെ പാഠങ്ങളും ജാമിഅക്കാലം ഹൈദരലി തങ്ങളില്‍ പാകപ്പെടുത്തി. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസ് ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ജലീല്‍ ഫൈസി പുല്ലങ്കോട്, എം.പി മുസ്തഫല്‍ ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാരുടെ പുത്രന്‍ ഹസന്‍ മുസ് ലിയാര്‍ തുടങ്ങിയവര്‍ ജാമിഅയില്‍ പഠനം നടത്തുന്ന കാലയളവില്‍ കൂടെയുണ്ടായിരുന്നു.
വിദ്യാര്‍ഥി സംഘടനയായ നൂറുല്‍ ഉലമായുടെ അധ്യക്ഷന്‍, 1973 ല്‍ സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന് ജാമിഅയില്‍ രൂപം നല്‍കിയപ്പോള്‍ പ്രഥമ സസ്ഥാന പ്രസിഡന്റ് പദവി എന്നിവ തങ്ങള്‍ വഹിച്ചു.
കൊടപ്പനക്കലില്‍ പ്രതീക്ഷയുടെ കാത്തിരിപ്പിലുള്ള സമുദായ സമക്ഷത്തിലേക്കാണ് സുകൃതം ചെയ്ത പിതാവിന്റെ പിന്‍ഗാമിയായി മൂത്ത സഹോദരങ്ങള്‍ക്കൊപ്പം ഹൈദരലി തങ്ങളും കര്‍മരംഗത്തിറങ്ങുന്നത്. ജ്യേഷ്ഠ സഹോദരങ്ങളുടെ തിരക്കിട്ട പൊതുജീവിതത്തിനിടയില്‍, പാണക്കാട്ട് വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയൂന്നി ഹൈദരലി തങ്ങള്‍ ഉണ്ടായിരുന്നു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് തിരക്കായാല്‍ പകരം കൊടപ്പനക്കലിലെ വട്ടമേശക്കരികില്‍ പകരം ഹൈദരലി തങ്ങളെത്തും. അല്ലാത്ത സന്ദര്‍ഭങ്ങളില്‍ തന്റെ വസതിയായ ദാറുന്നഈമിലും തങ്ങള്‍ സന്ദര്‍ശകരെ സ്വീകരിച്ചു. ആത്മീയ ചികിത്സാ രംഗത്ത് കൂടുതല്‍ സമയം ചെലവഴിച്ചിരുന്നു.
ശംസുല്‍ ഉലമാ അധ്യക്ഷനായ സുന്നി മഹല്ല് ഫെഡേറേഷന്‍ കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡില്‍ ദീര്‍ഘകാലം ട്രഷററായി തുടര്‍ന്നു. ഉമറലി ശിഹാബ് തങ്ങളുടെ വഫാത്തോടെ വയനാട് ഖാസിസ്ഥാനം, 2008ല്‍ സമസ്തയുടെ മുശാവറയില്‍, പിന്നീട് ഉപാധ്യക്ഷന്‍, എസ്.വൈ.എസ്, എസ്.എം.എഫ് പ്രസിഡന്റ്, ശിഹാബ് തങ്ങളുടെ വഫാത്തോടെ കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം, മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷ പദവി, ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍, ജാമിഅ നൂരിയ്യ ജനറല്‍ സെക്രട്ടറി, പിന്നീട് പ്രസിഡന്റ്, ദാറുല്‍ ഹുദാ, കോഡിനേഷന്‍ ഓഫ് ഇസ് ലാമിക് കോളജസ്, നന്തി ജാമിഅ ദാറുസ്സലാം, റഹ്മാനിയ്യ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പദ്ധതികള്‍ തുടങ്ങി സമുദായത്തിന്റെ സര്‍വോന്മുഖ മേഖലയിലും തിരക്കുപിടിച്ച കര്‍മജീവിതത്തില്‍ ലയിച്ചു ചേര്‍ന്നു തങ്ങള്‍.
Comments are closed for this post.