പികെ പാറക്കടവ്
അമേരിക്കയിലെ ലൂയിസ്‌വില്ലെയിലെ ഒരു ഹോട്ടല്‍. അവിടെ തലയുയര്‍ത്തിപ്പിടിച്ച് ഒരു കറുത്ത മനുഷ്യന്‍ കയറിച്ചെല്ലുന്നു. കസേരയിലിരുന്ന് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുന്നു. വെയിറ്റര്‍ പരിഹാസത്തോടെ ഹോട്ടലില്‍ തൂക്കിയ ബോര്‍ഡ് ചൂണ്ടിക്കാണിക്കുന്നു. ‘കറുത്ത വര്‍ഗക്കാര്‍ക്കിവിടെ ഭക്ഷണമില്ല’ എന്നായിരുന്നു ബോര്‍ഡില്‍. ‘ലോകമറിയുന്ന കായിക താരമാണ് ഞാന്‍. ജന്മനാടിനു വേണ്ടി നേടിയ ഒളിംപിക്‌സ് മെഡലാണ് എന്റെ കഴുത്തില്‍.’ തലയുയര്‍ത്തിപ്പിടിച്ച് തന്നെ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ പറഞ്ഞു.
ഭക്ഷണം കൊടുക്കാന്‍ ഹോട്ടലുകാര്‍ തയാറാകുന്നില്ല. അദ്ദേഹം ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ദൃഢമായ കാല്‍വയ്പ്പുകളോടെ നടക്കുന്നു. ജെഫേഴ്‌സ് കൗണ്ടി പാലത്തിനു മുകളില്‍ നിന്ന് ഊണിലും ഉറക്കത്തിലും അഭിമാനത്തോടെ കഴുത്തിലണിഞ്ഞ ആ സുവര്‍ണമുദ്ര ഒഹായോ നദിയിലേക്ക് വലിച്ചെറിയുന്നു. കറുത്തവനോട് വര്‍ണവെറി കാണിക്കുന്ന വെള്ളക്കാരന്റെ കരണക്കുറ്റിക്ക് കൊടുത്ത വലിയ ഇടിയായിരുന്നു അത്.
അതായിരുന്നു മുഹമ്മദലി ക്ലേ. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാനുള്ള സര്‍ക്കാരിന്റെ ആഹ്വാനം പുറംകാലുകൊണ്ട് തട്ടിയെറിഞ്ഞ ധീരനായിരുന്നു മുഹമ്മദ് അലി. ‘വെള്ളക്കാരന്റെ അധീശത്വം നിലനിര്‍ത്താന്‍ മാത്രം പതിനായിരം മൈല്‍ സഞ്ചരിച്ച് പാവങ്ങളെ കൊന്നൊടുക്കാന്‍ ഞാന്‍ തയാറല്ലെന്ന്’ അമേരിക്കന്‍ ഭരണകൂടത്തോട് ധീരമായി പ്രഖ്യാപിച്ച വലിയ മനുഷ്യനായിരുന്നു മുഹമ്മദലി ക്ലേ.
ഇതിപ്പോള്‍ ഓര്‍ക്കാന്‍ കാരണം ഒരു ജന്മം മുഴുവന്‍ വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ ഗംഗാനദിയിലേക്ക് വലിച്ചെറിയാന്‍ നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട കായികതാരങ്ങള്‍ തയാറെടുക്കേണ്ടിവന്ന ഒരവസ്ഥ നമ്മുടെ നാട്ടിലും സംജാതമായി എന്നതുകൊണ്ടാണ്.
കഴിഞ്ഞമാസം ഏഴു മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ അറസ്റ്റും നിയമനടപടികളുമാവശ്യപ്പെട്ട് ദേശീയ ഗുസ്തി താരങ്ങള്‍ സമരം നടത്തുകയാണ്.
ഇക്കഴിഞ്ഞ ആഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്നപ്പോള്‍ വി.ഐ.പിയായി അവിടെ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങുമുണ്ടായിരുന്നു. നീതിക്കുവേണ്ടി സമരം ചെയ്യുന്ന കായിക താരങ്ങളെ പൊലിസ് അതിക്രൂരമായാണ് നേരിട്ടത്. ജന്തര്‍മന്ദിറിലെ സമരപ്പന്തന്‍ പൊളിച്ചുനീക്കുകയും വനിതാ ഗുസ്തിതാരങ്ങളെയടക്കം തെരുവില്‍ വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. നാഴികക്ക് നാല്‍പത് വട്ടം രാജ്യാഭിമാനത്തെ പറ്റി വാചാലരാകുന്നവരാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. ലോകഗുസ്തി സംഘടന ലൈംഗികാരോപണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുകയും ഫെഡറേഷന്‍ തെരഞ്ഞെടുപ്പ് സമയത്തിന് നടത്തുന്നതിനെക്കുറിച്ച് താക്കീത് നല്‍കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ ഇന്ത്യയുടെ തലകുനിയുന്നു.
ഒളിംപിക്‌സ് ഉള്‍പ്പെടെയുള്ള ലോക കായിക മാമാങ്കങ്ങളില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിപ്പിടിച്ച കായികതാരങ്ങള്‍ നീതിക്ക് വേണ്ടി നടത്തുന്ന സമരം ഒരു ഭാഗത്ത്. അധികാരത്തിന്റെ അഹന്തയില്‍ പുളഞ്ഞു നടക്കുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് എം.പി മറുഭാഗത്ത്. നിര്‍ഭാഗ്യവശാല്‍ വാഴുന്നവര്‍ ഈ ക്രിമിനല്‍ പശ്ചാത്തലമുള്ള എം.പിക്കൊപ്പമാണ്. ഡല്‍ഹി പൊലിസ് കാരണം തിരഞ്ഞുപിടിച്ച് കായിക താരങ്ങള്‍ക്കെതിരേ കേസെടുക്കുകയാണ്.
ആഹ്ലാദകരമായ ഒരു കാര്യം കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ കായിക താരങ്ങളുടെ സങ്കടങ്ങള്‍ കണ്ടറിയുകയും അവരോടൊപ്പം അണിചേരാന്‍ തയാറെടുക്കുകയും ചെയ്തു എന്നുള്ളതാണ്.
കര്‍ഷകരുടെ ഉജ്ജ്വലമായ പോരാട്ടത്തിന് മുമ്പില്‍ സിംഹാസനം വിറച്ചത് നമ്മള്‍ കണ്ടതാണ്.
നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ പോരാട്ടത്തില്‍ സാംസ്‌കാരിക കലാരംഗങ്ങളിലുമുള്ളവര്‍ അണിചേരുകയും അവരോട് ഐക്യപ്പെടുകയും വേണം. നിര്‍ഭാഗ്യവശാല്‍ ഭൂമിയിലെ ഒരു കാര്യങ്ങളിലും നമ്മുടെ സിനിമാ താരങ്ങള്‍ പ്രതികരിക്കാനില്ല. (പ്രകാശ് രാജും കമലാഹസനുമുണ്ടെന്ന് മറന്നുകൊണ്ടല്ല ഇതെഴുന്നത്).
കേരളത്തിലെ സാംസ്‌കാരിക മേഖല അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിക്കുമെന്ന് പ്രതീക്ഷിച്ചത് ഉണ്ടാകാതിരുന്നപ്പോള്‍ തോന്നിയ നൈരാശ്യത്തെപ്പറ്റി എം. ലീലാവതി എഴുതിയിട്ടുണ്ട്.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട് പ്രകാരം ജൂണ്‍ ഒമ്പത് വരെ കേന്ദ്ര സര്‍ക്കാരിന് സമയം കൊടുത്തിരിക്കുകയാണ് കര്‍ഷകര്‍. ബ്രിജ്ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയാറല്ലെന്ന് കര്‍ഷകര്‍. കര്‍ഷകരിലാണ് ഇനി നമ്മുടെ നാടിന്റെ പ്രതീക്ഷ.
കഥയും കാര്യവും
നമ്മുടെ വൃക്ഷങ്ങളിലെ കൊമ്പുകളിലെല്ലാം കൊടുങ്കാറ്റ് ആറിയിട്ടുണ്ട്.
കാറ്റുപോയ നമ്മള്‍ അതറിയുന്നില്ല.
(കാറ്റ്-കടലിന്റെ ദാഹം)
Comments are closed for this post.