മക്ക: ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്ന് ഹജ്ജിനെത്തിയ പരസഹസ്രം വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാൻ പുണ്യ നഗരി സജ്ജമായി. അല്ലാഹുവിന്റെ അതിഥികളായി പുണ്യ നഗരിയിലേക്ക് ഒഴുകിയെത്തിയ തീർത്ഥാടക സംഗമത്തിന് സാക്ഷിയാകാൻ വിശുദ്ധ നഗരിയിലെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം ഇന്ന് ആരംഭിക്കും. തിരക്കൊഴിവാക്കാൻ വിവിധ രാജ്യങ്ങൾക്ക് സമയക്രമീകരണം നൽകിയിട്ടുണ്ട്. തർവിയത് ദിനമായ നാളത്തെ (ദുല്‍ഹിജ്ജ 8) തിരക്ക് മുന്‍നിര്‍ത്തിയാണ് ഇന്നു മുതല്‍ തീര്‍ഥാടകര്‍ മിനയിലേക്ക് പുറപ്പെട്ടു തുടങ്ങുന്നത്.
തിരക്ക് പരിഗണിച്ചു ഇന്ത്യൻ ഹാജിമാരുടെ മിനാ യാത്ര ഇന്ന് വൈകീട്ടോടെ ആരംഭിക്കും. വൈകീട്ടോടെ തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാൻ സജ്ജമാകാനുള്ള നിർദേശം ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ നൽകിക്കഴിഞ്ഞു. ഇന്ന് ആരംഭിക്കുന്ന യാത്ര തിങ്കളാഴ്ചയും തുടരും. തിങ്കളാഴ്ച മിനായിൽ താമസിക്കുന്ന ഹാജിമാർ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹജ്ജിന്റെ പ്രധാന കർമ്മായ അറഫ സംഗമത്തിനായി അറഫാത്തിലേക്ക് യാത്രയാകും. ചൊവ്വാഴ്ചയാണ് ലോക മഹാ സംഗമമായ അറഫാ ദിനം. ഇന്ത്യൻ ഹാജിമാർക്ക് പ്രധാന മെട്രോ സ്റ്റേഷനുകൾക്ക് സമീപമാണ് കൂടുതൽ ടെൻറ്റുകൾ ഉള്ളത്. ഈ വർഷം 84,000 ഹാജിമാർക്കാണ് മെട്രോ യാത്രക്കായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ഹാജിമാർക്ക് ബസ് സൗകര്യമാണ് നൽകിയിരിക്കുന്നത്. ഹാജിമാരുടെ മെട്രോ ട്രെയിൻ ടിക്കറ്റ്, അദാഹി കൂപ്പൺ എന്നിവ ഹജ്ജ് വളണ്ടിയർമാർ മുഖേന ശനിയാഴ്ച തന്നെ വിതരണം ചെയ്തിട്ടുണ്ട്.
മിനായിൽ ഹാജിമാരെ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് കീഴിൽ അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി. വിവിധ വകുപ്പുകൾക്ക് കീഴിലാണ് മിന, അറഫ , മുസ്‌ദലിഫ എന്നിവിടങ്ങളിളിൽ തീർത്ഥാടകർക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. കുടിവെള്ള വിതരണം, റോഡ് നവീകരണം, തമ്പുകളിലെ എയർ കണ്ടീഷണർ എന്നിവ പൂർണ്ണ സജ്ജമായി. മക്കയിൽ നിന്നും അഞ്ചുകിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായിൽ ലക്ഷത്തിലധികം തമ്പുകളാണുള്ളത്. തീപിടിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളിൽ മാസങ്ങൾക്കു മുമ്പുതന്നെ അറ്റകുറ്റപ്പണികൾ അറ്റകുറ്റപ്പണികൾ തുടങ്ങിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാൻ മുഴുവൻ തമ്പുകളിലും വെള്ളം സ്‌പ്രേ ചെയ്‌തും മറ്റും ശീതീകരണ സംവിധാനങ്ങൾ ഒരുക്കും. മിനായിൽ മെഡിക്കൽ ക്ലിനിക്കുകളും, ആശുപത്രികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Comments are closed for this post.