2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലിസ് മേധാവിക്ക് നിര്‍ദേശം

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി, പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലിസ് മേധാവിക്ക് നിര്‍ദേശം

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കലില്‍ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: യു.പി.ഐ ഇടപാട് നടത്തിയവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന സംഭവത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ മനുഷ്യനെങ്ങനെ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.
സിആര്‍പിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ജ.വിജു എബ്രഹാമാണ് കേസ് പരിഗണിച്ചത്. അക്കൗണ്ടുകള്‍ മരവിക്കപ്പെട്ട ആറ് പേര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ഇതിനകം നിരവധിയാളുകളാണ് ഇത്തരം പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്. യു.പി.ഐ ഇടപാട് നടത്തിയവരുടെയൊക്കെ അക്കൗണ്ടുകള്‍ വ്യാജ കേസുകളുടെ ഭാഗമാക്കി മരവിപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്.

 

അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ എങ്ങനെ ജീവിക്കുമെന്നും കോടതി

ബുദ്ധിമുട്ടിലായവര്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ അറിയുന്നത് ഇതര സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ പേരില്‍ ഫ്രീസ് ചെയ്യപ്പെടുന്നു എന്നതാണ്. എന്നാല്‍ തങ്ങള്‍ എന്തു തെറ്റുചെയ്തു എന്ന ചോദ്യത്തിന് ബാങ്കധികൃതര്‍ മറുപടി നല്‍കുന്നുമില്ല. കോഴിക്കോട് ഈങ്ങാപ്പുഴയിലെ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും മൂന്നരലക്ഷം രൂപയാണ് ഫ്രീസ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം മൊബൈല്‍ റീച്ചാര്‍ജ് ഡി.ടി.എച്ച് തുടങ്ങിയ സേവനങ്ങള്‍ക്കായി നടത്തുന്ന സ്ഥാപനത്തിന്റെ പേരിലുള്ള അക്കൗണ്ടാണ് കഴിഞ്ഞ മെയ് മാസം മുതല്‍ മുടങ്ങിക്കിടക്കുന്നത്. പണം പിന്‍വലിക്കാനോ മറ്റു ഇടപാടുകള്‍ നടത്താനോ ഇദ്ദേഹത്തിനാകുന്നില്ല.

കോഴിക്കോട്ടെ കണ്ണൂര്‍ റോഡിലുള്ള സ്വകാര്യ ബാങ്കില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്നപ്പോള്‍ പറയുന്നതു കേള്‍ക്കാന്‍ പോലും ബാങ്കധികൃതര്‍ തയാറായില്ല. വളരെ പരുഷമായാണ് സംസാരിച്ചതെന്നും പോയി കേസുകൊടുക്കാനാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും ഇദ്ദേഹം സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു. പഞ്ചാബില്‍ ഇത്തരം കേസുകളുണ്ടെന്നും അതിന്റെ പേരിലാണ് തന്റെ ഇടപാടും ഫ്രീസ് ചെയ്തിരിക്കുന്നതെന്നും ബാങ്കധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇദ്ദേഹത്തിനെതിരേ മറ്റൊരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് സ്വര്‍ണം പണയപ്പെടുത്തിയാണ് ഇദ്ദേഹം സ്ഥാപനം മുന്നോട്ടുകൊണ്ടുപോയത്.
ഇതുപോലെ യു.പി.ഐ ഇടപാട് നടത്തിയെന്നതിന്റെ മാത്രം പേരില്‍ നിരവധി പേരാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരുടെ കണക്കുകള്‍ ശേഖരിച്ച് ഇവര്‍ക്കായി നിയമസഹായം നല്‍കാന്‍ ഒരുങ്ങുകയാണ് മുസ്ലിം യൂത്ത് ലീഗ്. അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.