2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇപി വീണ്ടും പറക്കാനൊരുങ്ങുന്നു; ഇന്‍ഡിഗോക്ക് മാപ്പില്ല

ഒന്നര വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇപി വീണ്ടും പറക്കാനൊരുങ്ങുന്നു; ഇന്‍ഡിഗോക്ക് മാപ്പില്ല

തിരുവനന്തപുരം: കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്രയ്‌ക്കൊരുങ്ങി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചതോടെയാണ് അദ്ദേഹം യാത്രചെയ്യുമെന്ന് അറിയിച്ചത്. ശനിയാഴ്ച രാവിലെയുള്ള സര്‍വീസില്‍ കണ്ണൂരിലേക്ക് വിമാനത്തില്‍ യാത്രയാകുമെന്നും ഇ.പി വ്യക്തമാക്കി.

ഇന്‍ഡിഗോയില്‍ യാത്രചെയ്യാറില്ല. അന്നത്തെ സംഭവത്തിന് ശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ താന്‍ ആ ടിക്കറ്റ് കാന്‍സല്‍ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ അധികൃതര്‍ ചെയ്തത്. ആ തെറ്റ് പറ്റിയെന്ന് പോലും അവര്‍ പറഞ്ഞില്ല. ഇന്‍ഡിഗോയില്‍ യാത്രചെയ്തില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. ഞാന്‍ യാത്രചെയ്തില്ലെങ്കില്‍ അവര്‍ക്കും വലിയ നഷ്ടമൊന്നുമില്ല. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പലരും പറ്റിയത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങളോട് പറയണം. അതല്ലെങ്കില്‍ തെറ്റ് പറ്റിയതായി അവര്‍ എഴുതിത്തരണം. അത് കിട്ടിയാല്‍ ഞാന്‍ ആലോചിക്കാം, ഇ.പി പറഞ്ഞു.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആകെ വിമാന സര്‍വീസ് നടത്തിയിരുന്നത് ഇന്‍ഡിഗോ കമ്പനി മാത്രമായിരുന്നു. അതോടെ തലസ്ഥാനത്തേക്കും തിരിച്ചും എല്‍ഡിഎഫ് കണ്‍വീനറുടെ വിമാനയാത്ര മുടങ്ങി. അതിനി മാറുകയാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂര്‍തിരുവനന്തപുരം സര്‍വീസ് തുടങ്ങിയതാണ് ഇ പി ജയരാജന് ആശ്വാസമായത്.

കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ.പി ജയരാജന്‍ തള്ളിയിട്ടിരുന്നു. പിന്നാലെ, ഇ.പിയ്ക്ക് വിമാനക്കമ്പനി മൂന്നാഴ്ചത്തെ യാത്രാ വിലക്കും ഏര്‍പ്പെടുത്തി. ഇതോടെയാണ് ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ വിമാനങ്ങളില്‍ ഇനി യാത്രചെയ്യില്ലെന്ന തീരുമാനം അദ്ദേഹം അറിയിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.