2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ഗസ്സ യുദ്ധത്തിന്റെ സാമ്പത്തികാഘാതം

എൻ.പി.ചെക്കുട്ടി

ഗസ്സയിൽ ഇസ്റാഇൗലും ഹമാസ് പോരാളികളും തമ്മിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഒരു മാസമായിരിക്കുകയാണ്. രാഷ്ട്രീയവും സൈനികവുമായ അതിന്റെപ്രത്യാഘാതങ്ങൾ ചെറുതല്ല. എന്നാൽ ഇന്ത്യയടക്കം ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും ഒരേപോലെ ബാധിക്കാൻ ഇടയുള്ളത് ഈ സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളാണ്.പശ്ചിമേഷ്യയിൽ സംഭവിക്കുന്ന സംഘർഷങ്ങൾ ഒരിക്കലും അവിടെ മാത്രം ഒതുങ്ങിനിൽക്കാറില്ല. കാരണം പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പിന്നിലുള്ളത് ആഗോളശക്തികൾ തന്നെയാണ്.

അമേരിക്കയും പാശ്ചാത്യ ശക്തികളും ഇസ്റാഇൗലിനു പിന്തുണ നൽകുമ്പോൾ റഷ്യയും ചൈനയും ഇറാനും അറബ് ലോകവും അടക്കമുള്ള മറ്റു ശക്തികൾ മറുഭാഗത്ത് ഒന്നിച്ചുനിൽക്കുന്ന കാഴ്ചയാണ് നേരത്തെ കണ്ടിട്ടുള്ളത്. ഇത്തവണയും ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയിൽ ഈയാഴ്ച യുദ്ധം ചർച്ചാവിഷയമായപ്പോൾ അതാണ് കണ്ടത്. അതായത് ലോകരംഗത്തു സാമ്രാജ്യത്വശക്തികളും അതിനെ ചെറുക്കുന്ന മറ്റു ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദിയാണ് എന്നും പശ്ചിമേഷ്യ. അതിനുള്ള പ്രധാന കാരണം സാമ്രാജ്യശക്തികളുടെ സൃഷ്‌ടിയാണ് ഇസ്റാഇൗൽ എന്നതുതന്നെ.

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് പഴയ കൊളോണിയൽ സാമ്രാജ്യത്വം പിൻവാങ്ങിയപ്പോൾ സാമ്പത്തിക നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലുള്ള പുത്തൻ കൊളോണിയൽ വ്യവസ്ഥയാണ് അടിച്ചേൽപിക്കപ്പെട്ടത്. അതിൽ പശ്ചിമേഷ്യയിലെ എണ്ണയുടെ മേലുള്ള നിയന്ത്രണം പാശ്ചാത്യശക്തികൾക്കു നിർണായകമായിരുന്നു. അവർ പക്ഷേ ഒരിക്കലും അവിടെയുള്ള അറബ്-മുസ്‌ലിം സമൂഹത്തെ വിശ്വസിച്ചില്ല. അതിനാൽ യുദ്ധാനന്തരകാലത്ത് ഇസ്റാഇൗൽ സാമ്രാജ്യത്വ ശക്തികളുടെ ലോകാധിപത്യത്തിൽ എന്നും വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിച്ചുവന്നത്.

ഇസ്റാഇൗൽ എക്കലത്തും ഈ ശക്തികളുടെ മാനസപുത്രനും താൽപര്യസംരക്ഷകനും ആയിരുന്നു. ഇന്നും അങ്ങനെത്തന്നെ.
എന്നാൽ അറുപതുകളുടെ അവസാനത്തിൽ ഈജിപ്തും സിറിയയും അടക്കമുള്ള അറബ് രാജ്യങ്ങളും ഇസ്റാഇൗലും തമ്മിലുണ്ടായ യുദ്ധകാലത്തെ അവസ്ഥയിൽനിന്ന് ലോകം ഒരുപാടു മാറിയിട്ടുണ്ട്. ആയുധശക്തിയിൽ ഇസ്റാഇൗലിനാണ് അന്ന് വിജയമുണ്ടായത്. പക്ഷേ അറബ് ലോകം തിരിച്ചടിച്ചത് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ടാണ്. എഴുപതുകളിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണമായി ഭവിച്ചത് അറബ് എണ്ണയുൽപാദക രാജ്യങ്ങൾ സംഘടിതമായി പ്രഖ്യാപിച്ച എണ്ണ ഉപരോധമാണ്.

അതു ലോകത്തെ മിക്കരാജ്യങ്ങളിലും കനത്ത വിലക്കയറ്റവും തുടർന്ന് സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികളും ഉയർന്നുവരാൻ കാരണമായി.
ഇന്ന് ഊർജോൽപാദന മേഖലയിൽ നേരത്തെ എണ്ണയ്ക്ക് ഉണ്ടായിരുന്ന താക്കോൽ സ്ഥാനം കുറെയൊക്കെ മാറിയിട്ടുണ്ട്. ലോകം പുതിയ ഇന്ധനങ്ങൾ തേടുകയാണ്. മാത്രമല്ല, ഇന്ധനോൽപാദനത്തിൽ ലോകത്തെ മറ്റു പ്രദേശങ്ങളിൽ വലിയ മുന്നേറ്റവും ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്. അതിനാൽ ഒരു ആഗോള എണ്ണ ഉപരോധം എന്ന ആശയം ഇറാൻ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അത് പ്രായോഗികമായി എത്രത്തോളം വിജയിക്കും എന്നുറപ്പില്ല.


പക്ഷേ ലോകബാങ്കിലെയും വിവിധ ചിന്താസ്ഥാപനങ്ങളിലെയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം എണ്ണവിലയിൽ ഉണ്ടാകുന്ന കുതിച്ചുകയറ്റം ലോക സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കും എന്നുതന്നെയാണ്. കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസിൽ അവരുടെ ആഗോള സാമ്പത്തികകാര്യ ലേഖിക പട്രീഷ്യ കോഹൻ ചൂണ്ടിക്കാട്ടിയത് മൂന്നു വർഷമായി പ്രതിസന്ധികളിൽനിന്ന് പ്രതിസന്ധികളിലേക്കു നീങ്ങിയ ലോകസമ്പദ്ഘടനയെ സംബന്ധിച്ചു പശ്ചിമേഷ്യയിലെ പുതിയ പ്രശ്നങ്ങൾ ആശങ്കാജനകമായ ഭാവിസാധ്യതകൾ തന്നെയാണ് തുറന്നുവയ്ക്കുന്നത് എന്നാണ്. രണ്ടുവർഷത്തിലേറെ നീണ്ടുനിന്ന കൊവിഡ് അടച്ചുപൂട്ടലും അതിന്റെ തൊട്ടുപിന്നാലെ ഉണ്ടായ ഉക്രൈൻ പ്രതിസന്ധിയുമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.


പശ്ചിമേഷ്യയിലെ പുതിയ പ്രതിസന്ധി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്തെ കുലുക്കിമറിച്ച പ്രശ്നങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് അരങ്ങേറുന്നത്. യുദ്ധം തുടർന്നാൽ അറബ് ലോകം കടുത്ത നടപടികളിലേക്ക് നീങ്ങാൻ നിർബന്ധിതമാവും. സഉൗദി അറേബ്യയും യു.എ.ഇയും അടക്കമുള്ള രാജ്യങ്ങൾ സമീപകാലത്തു ഇസ്റാഇൗലുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിൽ അറബ് ലോകത്തും മറ്റു പ്രദേശങ്ങളിലും തെരുവിൽ ഉയർന്നുവരുന്ന കടുത്ത ജനരോഷം ഈ രാജ്യങ്ങളെപ്പോലും ശക്തമായ നടപടികൾ സ്വീകരിക്കാൻ നിർബന്ധിക്കും. എണ്ണയുടെ ഉൽപാദനവും വിതരണവും വെട്ടിക്കുറയ്ക്കലോ പൂർണമായും നിർത്തിവെക്കലോ അതിൽ ഉൾപ്പെടാവുന്നതാണ്.


അതിന്റെ ഫലം അധികം വൈകാതെ എണ്ണവില വീണ്ടും കുതിച്ചുകയറുന്ന അവസ്ഥയായിരിക്കും. നിലവിൽ 85 ഡോളറിനടുത്തു നിൽക്കുന്ന ആഗോള എണ്ണവില ഒരുപക്ഷേ 150 ഡോളർ വരെ കുതിച്ചുയരും എന്നാണ് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അതിന്റെ ആഘാതം വിവിധ രാജ്യങ്ങളിലെ ഇന്ധനവിലയിലും ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള മറ്റു നിത്യോപയോഗ സാധനങ്ങളുടെ കൊടും വിലക്കയറ്റത്തിലുമാണ് കാണപ്പെടുക. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും അതിന്റെ ഭാഗമായ നാണ്യപ്പെരുപ്പവും പ്രശ്നത്തിന്റെ ഒരു വശം മാത്രമാണ്. മറുവശത്തു പലിശനിരക്കുകൾ കൂടുകയും വായ്പ എടുക്കൽ കൂടുതൽ പ്രയാസമാകുകയും ചെയ്യും. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടി വരും. ഉൽപാദകമേഖലകളിൽ സാമ്പത്തിക നിക്ഷേപം കുറയും.

ഓഹരിവിപണികളിൽ തകർച്ച അനിവാര്യമാകും. നിക്ഷേപം സ്വർണം അടക്കമുള്ള കൂടുതൽ സുരക്ഷിതമായ മേഖലകളിലേക്ക് പിൻവലിയും. അതിന്റെ ഫലം കൂടുതൽ ഭയാനകമായ തൊഴിൽരാഹിത്യവും സാമൂഹിക സംഘർഷങ്ങളുമാവും.
ഇത്തരം സാധ്യതകൾ വിദഗ്‌ധരുടെ ആശങ്കകൾ മാത്രമല്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ചകളിൽ ആഗോള ഓഹരിവിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളും വിൽപനസമ്മർദവും കാണിക്കുന്നത് ആഗോള സംഘർഷങ്ങൾ സാമ്പത്തിക രംഗത്തു കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കാൻ തുടങ്ങി എന്നുതന്നെയാണ്. ഉക്രൈൻ യുദ്ധം തുടരുകയും അവിടെ റഷ്യയുടെ കൂടെ ചൈനയും ശക്തമായ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യവും അവഗണിക്കാവുന്നതല്ല.

കാരണം ഈ യുദ്ധങ്ങളിൽ പിന്നിൽനിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നത് അമേരിക്കയാണെന്ന് എല്ലാവർക്കുമറിയാം. അമേരിക്ക റഷ്യയെ മാത്രമല്ല, ചൈനയേയും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായിരുന്ന അവസരത്തിൽ ചൈനക്കെതിരേ അമേരിക്ക ആരംഭിച്ച സാമ്പത്തിക ഉപരോധ നടപടികൾ ജോ ബൈഡനും തുടരുകയാണ് ചെയ്തത്. ചൈനീസ് ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽ കയറുന്നത് ഒഴിവാക്കാൻ കച്ചവടബന്ധങ്ങൾ വെട്ടിക്കുറയ്ക്കാനാണ് അമേരിക്ക ശ്രമിച്ചത്. അതിന്റെ പ്രത്യാഘാതം ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും മോശമായ നിലയിലേക്കു കൂപ്പുകുത്തിയതാണ്.


ഇതിന്റെയെല്ലാം കഠിനമായ ആഘാതം ഏറ്റുവാങ്ങേണ്ടി വരിക ലോകത്തെ പൊതുവിൽ പിന്നോക്കമായ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളും അവിടെത്തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങളുമാണ്. ഇന്ധനവിലക്കയറ്റം ഭക്ഷ്യവിലയിൽ ഉണ്ടാക്കാൻ പോകുന്ന സമ്മർദം ഏറ്റവും ഗുരുതരമായി ബാധിക്കുക വടക്കൻ ആഫ്രിക്കയിലെ മരുപ്രദേശങ്ങളിലെ സബ് സഹാറൻ രാജ്യങ്ങളെ ആയിരിക്കും. ഉക്രൈൻ യുദ്ധം വന്നപ്പോൾ അവിടെ നിന്നുള്ള ഗോതമ്പ് കയറ്റുമതി നിലച്ചപ്പോൾ വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ പട്ടിണിയുടെ വിളയാട്ടമുണ്ടായി. നൈജീരിയ അടക്കമുള്ള കൂടുതൽ വികസിതമായ രാജ്യങ്ങളിൽപ്പോലും കോടിക്കണക്കിനു ജനങ്ങളാണ് പട്ടിണിയുടെ പിടിയിലേക്കു നീങ്ങിയത്. തുർക്കി പ്രസിഡൻ്റ് ഉർദുഗാൻ നടത്തിയ ഇടപെടലുകളാണ് പ്രശ്‍നം ഒരു പരിധിവരെ പരിഹരിക്കാൻ അന്ന് സഹായകമായത്.

എന്നാൽ റഷ്യ വീണ്ടും കരിങ്കടലിൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഇന്ധന വിലക്കയറ്റംകൂടി വരുന്നതോടെ ഭക്ഷ്യവില കുതിച്ചുകയറുമെന്നു മാത്രമല്ല അതിന്റെ ലഭ്യത കുറയാനുമുള്ള സാധ്യത ഏറെയാണ്.
ഈ വിധം ലോകജനതയെ, അതിൽ വിശേഷിച്ചു ഏറ്റവും പിന്നോക്കം നിൽക്കുന്ന ജനങ്ങളെ, ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രതിസന്ധികളാണ് ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നത്. ഇതിന്റെയെല്ലാം പിന്നിലെ യഥാർഥ ദുഷ്ടശക്തി സാമ്രാജ്യത്വരാജ്യങ്ങൾ തന്നെയാണ്. കാരണം ലോകനിയന്ത്രണത്തിനുള്ള അവരുടെ തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് ഇന്നത്തെ ലോകസംഘർഷങ്ങളെ കുത്തിപ്പൊന്തിക്കുന്നത്. അവരുടെ ആയുധങ്ങൾ വിൽക്കാനുള്ള ഏറ്റവും നല്ല വഴി ലോകമെങ്ങും കലാപങ്ങളും കുഴപ്പങ്ങളും കുത്തിപ്പൊന്തിക്കുകയാണെന്നും അവർക്കറിയാം.

അതിനാൽ ഓരോ പ്രതിസന്ധിയും ഓരോ യുദ്ധവും കഴിയുമ്പോൾ അടുത്തത് തലപൊക്കും. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ലാഭേച്ഛയെ മാത്രം മുൻനിർത്തിയുള്ള ഇന്നത്തെ സാമ്പത്തിക സംവിധാനങ്ങളാണ്; അതിന്റെ അടിസ്ഥാനത്തിലുള്ള ആഗോള ഭരണസംവിധാനങ്ങളാണ്. ഐക്യരാഷ്ട്രസഭ അത്തരമൊരു ലോകത്തു പൊതുകൂട്ടായ്മ എന്ന നിലയിൽ പ്രവർത്തിക്കാൻ ബാധ്യസ്ഥമാണ്.

എന്നാൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഫലസ്‌തീനിലെ കൂട്ടക്കൊലയുടെ പേരിൽ ഇസ്റാഇൗലിനെ വിമർശിച്ചപ്പോൾ അവരുടെ പ്രതികരണം നോക്കുക. ഇനിയും മിണ്ടിയാൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനെ ശരിപ്പെടുത്തിക്കളയും എന്നാണ് ഇസ്റാഇൗൽ പ്രതിനിധി ഭീഷണിപ്പെടുത്തിയത്. അതാണ് ഇസ്റാഇൗലും അമേരിക്കയും ലോകത്തിനു നൽകുന്ന സന്ദേശം.

Content Highlights:


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.