2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പാലുപോലെ ശുദ്ധമാകണം ക്ഷീരമേഖല

 


പാലുല്‍പ്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ജനകീയ മുന്നേറ്റമായ ധവളവിപ്ലവത്തിന്റെ ശില്‍പി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് രാജ്യം ദേശീയ ക്ഷീരദിനമായി ആചരിക്കുന്നു. പാലിന്റെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ പാല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യവുമാണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം. പോഷകങ്ങളുടെ നിറസ്രോതസായ ഭക്ഷ്യോല്‍പന്നം എന്നതിനൊപ്പം അനേകകോടി മനുഷ്യരുടെ നിത്യജീവനോപാധി കൂടിയാണ് പാലുല്‍പാദനമേഖല. ക്ഷീരമേഖലയിലെ സുസ്ഥിരവളര്‍ച്ച സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നത് തീര്‍ച്ച.

ഇന്ത്യ ലോകത്തിന്റെ പാല്‍പ്പാത്രം
ഒരു കാലത്ത് പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും മറ്റുരാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ലോകത്തെ ആകെ പാലുല്‍പ്പാദനത്തിന്റെ 23 ശതമാനം സംഭാവന ചെയ്യുന്ന രാജ്യമാണ്. പാലുല്‍പ്പാദനത്തില്‍ കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യവും ഇന്ത്യ തന്നെ. രാജ്യത്ത് 1970ല്‍ തുടക്കമിട്ട ക്ഷീരവിപ്ലവം എന്ന കാര്‍ഷിക മുന്നേറ്റമാണ് ഈ കുതിപ്പിന് അടിത്തറപാകിയത്. ക്ഷീരസഹകരണ പ്രസ്ഥാനത്തിലൂടെ അസംഘടിതരായ പാവപ്പെട്ട ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കുന്നതിനും അവര്‍ നേരിട്ടിരുന്ന സാമ്പത്തിക സാമൂഹിക ചൂഷണത്തിന് അറുതികുറിയ്ക്കുന്നതിനും പാലിന്റെ സംഭരണംസംസ്‌കരണംമൂല്യവര്‍ധനവിപണനം എന്നിവ ഉറപ്പാക്കുന്നതിനും വിദേശ വിപണിയില്‍ അടക്കം ഇന്ത്യയില്‍ നിന്നുള്ള പാലും പാലുല്‍പ്പന്നങ്ങളും എത്തിക്കുന്നതിനും ക്ഷീരവിപ്ലവത്തിലൂടെ സാധ്യമായി. ക്ഷീരമേഖലയിലെ സഹകരണ മുന്നേറ്റത്തിന്റെ കരുത്തുറ്റ മാതൃകയായ ആനന്ദ് മാതൃകയിലുള്ള ക്ഷീര സഹകരണ പ്രസ്ഥാനങ്ങള്‍ ക്ഷീരവിപ്ലവത്തിന്റെ ഫലമായി രാജ്യമെങ്ങും ഉദയം ചെയ്തു. കേരളത്തിലെ മില്‍മ ഉള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ക്ഷീരവിപ്ലത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ്.
20ാം കന്നുകാലി സെന്‍സസ് പ്രകാരം 305 ദശലക്ഷത്തോളമാണ് രാജ്യത്ത് കന്നുകാലികളുടെ എണ്ണം. ലോകത്തെ ആകെ കന്നുകാലി സമ്പത്തിന്റെ 33.38 ശതമാനത്തോളമാണിത്. കന്നുകാലി സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല കന്നുകാലികളുടെ ജൈവവൈവിധ്യത്തിലും മുന്‍പന്തിയിലുള്ളത് ഇന്ത്യ തന്നെ. കണക്കുകള്‍ പ്രകാരം 202021 വര്‍ഷം 210 ദശലക്ഷം ടണ്ണും 202122 സാമ്പത്തിക വര്‍ഷത്തില്‍ 221 ദശലക്ഷം ടണ്ണുമാണ് രാജ്യത്തെ പാലുല്‍പ്പാദനം.

202021 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനയോടെ 7.72 ലക്ഷം കോടിയുടെ വാര്‍ഷിക വിപണിമൂല്യമാണ് രാജ്യത്തെ പാലുല്‍പ്പാദനശേഷിക്ക് കണക്കാക്കുന്നത്. പ്രസ്തുത വര്‍ഷം രാജ്യത്ത് ആകെ ഉല്‍പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും ഗോതമ്പിന്റെയും വിപണിമൂല്യത്തെക്കാള്‍ ഉയര്‍ന്ന നിരക്കാണിത്. ഈ കണക്കുകള്‍ രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കാര്‍ഷിക വിള പാല്‍ ആണെന്ന് അടിവരയിടുന്നു. കാര്‍ഷിക മേഖലയുടെ വിവിധ രംഗങ്ങളില്‍ തളര്‍ച്ച നേരിടുന്നെങ്കിലും ഇന്ത്യയുടെ ക്ഷീരരംഗം പ്രതിവര്‍ഷം ശരാശരി 6 ശതമാനം എന്ന നിരക്കില്‍ വളരുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ക്ഷീരമേഖലയിലെ ആഗോള വളര്‍ച്ചനിരക്കിന് മുകളിലാണിത്.

ക്ഷീരമേഖലയില്‍ കേരളം
കൊവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ കാരണം ചെറുകിട വ്യാപാര വ്യവസായ മേഖലകളില്‍ മിക്കതും സാമ്പത്തികമാന്ദ്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും തെന്നിവീണപ്പോള്‍ സുസ്ഥിരതയോടെ പിടിച്ചുനിന്ന തൊഴില്‍ മേഖലകളില്‍ ഒന്നാമതാണ് നമ്മുടെ ക്ഷീരമേഖല. സംസ്ഥാനത്ത് 10 ലക്ഷത്തിലധികം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ആളുകള്‍ ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നുണ്ടെന്നാണ് കണക്ക്. തീറ്റപുല്‍ക്കൃഷി, തീറ്റഉല്‍പാദനം, പാല്‍ സംഭരണം, പാല്‍ സംസ്‌കരണം, കൃത്രിമ ബീജധാനം തുടങ്ങിയ അനുബന്ധമേഖലകള്‍ കൂടി പരിഗണിച്ചാല്‍ ക്ഷീരമേഖലയുടെ തൊഴില്‍ ശേഷി ഇനിയും ഉയരും. പാലുല്‍പാദനത്തിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ഗ്രാമീണതലത്തില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ പാലും പ്രാദേശിക വിപണനം കഴിഞ്ഞ് പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ സംഭരിക്കാന്‍ കഴിയുന്നുവെന്നത് നമ്മുടെ പ്രത്യേകതയാണ്. മാത്രമല്ല, ക്ഷീര സഹകരണ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. 20ാം കന്നുകാലി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പശുക്കളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് 1.01 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ചെറിയ വര്‍ധന ആണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും മുന്‍ സെന്‍സസ് കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ഗുണപരമായ വളര്‍ച്ചാനിരക്കാണ്. യുവാക്കളും വിവിധ മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും ഉള്‍പ്പെടെ നിരവധി പേര്‍ സുരക്ഷിതമായ മുഖ്യതൊഴില്‍ എന്ന നിലയിലും അധിക വരുമാനം കണ്ടെത്താന്‍ ഉപതൊഴില്‍ എന്ന നിലയിലും ജീവനോപാധി തേടി ക്ഷീരമേഖലയിലേയ്ക്ക് കടന്നുവരുന്ന മാറ്റത്തിന്റെ സമയം കൂടിയാണിത്.

ഏത് പ്രതിസന്ധികളുടെ കാലത്തും പാലിന് സുസ്ഥിരമായ വിപണിയും വിലയും ലഭിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. അനുകൂലതകളും വരുമാന സാധ്യതകളും ഏറെയുള്ള മേഖലയാണ് ക്ഷീരോല്‍പാദനരംഗമെങ്കിലും ചെറുകിടക്ഷീരകര്‍ഷകര്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണ്. പാലുല്‍പ്പാദന ചെലവും വരുമാനവും തമ്മിലുള്ള അന്തരം തന്നെയാണ് ഈ പ്രശ്‌നങ്ങളില്‍ പ്രധാനം. 2016 2017 വര്‍ഷത്തില്‍ മില്‍മ നിയോഗിച്ച എന്‍.ആര്‍ ഉണ്ണിത്താന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഒരു ലിറ്റര്‍ പാലിന്റെ ഉല്‍പാദന ചെലവ് 42.67 രൂപ വരുമെന്നാണ് കണക്കാക്കിയത്. കേരളത്തില്‍ പശുവിനെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകന് ഇപ്പോള്‍ പ്രതിദിനം 47.64 രൂപയുടെയും ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുമ്പോള്‍ 5.65 രൂപയുടെയും നഷ്ടം ഉണ്ടാകുന്നുവെന്നാണ് ഈയടുത്ത കാലത്ത് ജയ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കേരളം ഉള്‍പ്പെടെ ആറ് പ്രധാനപ്പെട്ട പാലുല്‍പാദന സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പ്രധാനപ്പെട്ട പാലുല്‍പാദന സംസ്ഥാനങ്ങളെല്ലാം കര്‍ഷകര്‍ സ്വന്തം ഉപയോഗത്തിനും കൃഷി ആവശ്യത്തിനുമായി കറവമാടുകളെ വളര്‍ത്തുമ്പോള്‍ കേരളത്തിലെ 86 ശതമാനം കര്‍ഷകരും ഉപജീവനത്തിനു വേണ്ടിയാണ് കറവമാടുകളെ പരിപാലിക്കുന്നത് എന്നതാണ് ഈ പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു കാര്യം.

പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പാല്‍ ഉല്‍പാദന ചെലവും ഇവിടെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണെന്നതാണ് വസ്തുത. തമിഴ്‌നാട്, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷികവിളകളും ഉപോല്‍പന്നങ്ങളും സുലഭമായി ലഭ്യമായതിനാല്‍ തീറ്റ ചെലവും പരിപാലന ചെലവും തുലോം കുറവാണ്. എന്നാല്‍, കേരളത്തില്‍ അതല്ല സ്ഥിതി, കന്നുകാലി തീറ്റയുടെ അസംസ്‌കൃത വസ്തുക്കള്‍ക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയേ നിര്‍വാഹമുള്ളൂ. അപ്പോള്‍ തീറ്റയുടെ ചെലവും കൂടും.
ക്ഷീരോല്‍പാദനത്തിന്റെ 75 ശതമാനം ചെലവും കന്നുകാലി തീറ്റയ്ക്ക് വേണ്ടി മാത്രമാണെന്ന കാര്യവും ഓര്‍ക്കണം. ജനസാന്ദ്രത ഉയര്‍ന്ന സംസ്ഥാനമായതിനാല്‍ കന്നുകാലികളെ മേയാനയച്ചു വളര്‍ത്തുന്നതിലും വിപുലമായ രീതിയില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനുമെല്ലാം പല സ്ഥലങ്ങളിലും പരിമിതികള്‍ ഉണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കാലയളവില്‍ പാല്‍ ഉല്‍പാദന ചെലവ് എത്രത്തോളം വര്‍ധിച്ചു എന്നതിനെ കുറിച്ച് വിദഗ്ധസമിതിയെ നിയമിച്ച് സര്‍ക്കാര്‍ സമഗ്രപഠനവും നടത്തേണ്ടതുണ്ട്. രണ്ടോ മൂന്നോ പശുക്കളെ മാത്രം വളര്‍ത്തി ഉപജീവനം കഴിക്കുന്ന കേരളത്തിലെ 90 ശതമാനം വരുന്ന സാധാരണക്കാരായ ക്ഷീരകര്‍ഷകരുടെ പക്ഷത്ത് നിന്ന് പ്രശ്!നങ്ങളെ പഠിക്കാനും പരിഹരിക്കാനുമുള്ള ശ്രമമാണ് വേണ്ടത്.

മായം കലര്‍ന്ന പാല്‍
കേരളത്തിലെ വര്‍ധിച്ച പാല്‍ ആവശ്യത്തിന് ആനുപാതികമായ ഉല്‍പാദന ശേഷി കൈവരിക്കാന്‍ ഇനിയും ആഭ്യന്തര ക്ഷീരമേഖലയ്ക്ക് കഴിഞ്ഞിട്ടില്ല. ഇത് ഒരേ സമയം സാധ്യതയും വെല്ലുവിളിയുമാണ്. ഉപഭോഗത്തിന് ആവശ്യമായത്ര പാല്‍ ഉല്‍പാദനം ഇവിടെയില്ലാത്തതിനാല്‍ ക്ഷീരമേഖലയില്‍ സംരംഭ സാധ്യതകള്‍ ഇനിയും ഏറെയുണ്ട് എന്നതാണ് സാധ്യത. എന്നാല്‍, വേണ്ടത്ര പാല്‍ ലഭ്യത ഇല്ലാത്തതിനാലും

കേരളത്തില്‍ പാലിന്റെ വിപണിവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതായതിനാലും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാല്‍ ഇവിടേക്ക് എത്തുന്നുമുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ സംഭരിച്ച് ഇവിടെയെത്തിച്ച് വില്‍പന നടത്തുന്നവരും ഏറെ. കച്ചവടക്കാര്‍ക്ക് വലിയ തുക കമ്മിഷന്‍ നല്‍കിയും വില കുറച്ച് വില്‍പന നടത്തിയുമാണ് ഇതരസംസ്ഥാന പാല്‍ ലോബി വിപണി പിടിക്കുന്നത്. ഭക്ഷ്യസുരക്ഷാനിയമപ്രകാരം ഒരു തരത്തിലുമുള്ള മായം ചേര്‍ക്കലുകളും പാലില്‍ പാടില്ല.
എന്നാല്‍, മറുനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന പാലിന്റെ ഗുണനിലവാരത്തെ പറ്റി ആശങ്കകള്‍ ഏറെയാണ്. ഇങ്ങനെയെത്തുന്ന പാലില്‍ നിന്നും ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഫോര്‍മാലിന്‍, ഡിറ്റര്‍ജന്റുകള്‍, കാസ്റ്റിക് സോഡ, സോഡിയം കാര്‍ബണെറ്റ് ആന്‍ഡ് ബൈ കാര്‍ബണേറ്റ്, യൂറിയ, അമോണിയം സള്‍ഫേറ്റ്, മാള്‍ട്ടോഡെക്‌സ്ട്രിന്‍ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ മുന്‍പ് പലതവണ കണ്ടെത്തിയിട്ടുണ്ട്. മാള്‍ട്ടോഡെക്‌സ്ട്രിന്‍ പോലുള്ളവ സ്ഥിരമായി ഉള്ളില്‍ ചെന്നാല്‍ നമുക്ക് ഉദരപ്രശ്‌നങ്ങളുണ്ടാകും. പാലില്‍ യൂറിയ കലര്‍ന്നാല്‍ ഛര്‍ദി, മനംപിരട്ടല്‍ എന്നിവയ്ക്കു കാരണമാകും. ദീര്‍ഘകാലം ഉപയോഗിച്ചാല്‍ ഹൃദയത്തിന്റെയും വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാകും. ഫോര്‍മലിന്‍ ചേര്‍ത്ത പാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ദഹനക്കേട്, അസിഡോസിസ്, ശ്വസനപ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയൊക്കെ ഉണ്ടാക്കും. നമ്മുടെ വിപണിയില്‍ ഇന്ന് പാല്‍ എന്ന പേരില്‍ ലഭ്യമായതെല്ലാം ആരോഗ്യസുരക്ഷിതമല്ലന്ന് ചുരുക്കം.

വെളുത്തതെല്ലാം പാലല്ല എന്ന തിരിച്ചറിവ് പൊതുസമൂഹത്തിനുമുണ്ടാവേണ്ടതുണ്ട്. എവിടെ നിന്ന് വരുന്നു, ആര് ഉല്‍പാദിപ്പിക്കുന്നു എന്ന കാര്യത്തിലൊന്നും വ്യക്തതയില്ലാത്ത പാക്കറ്റുപാലുകള്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന ഒറ്റ കാരണത്താല്‍ വാങ്ങി രോഗം വില കൊടുത്ത് വീട്ടിലെത്തിക്കുന്നതിന് പകരം നമ്മുടെ നാട്ടിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ തുടങ്ങിയ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് മാത്രം പാല്‍ വാങ്ങി ഉപയോഗിക്കാനുള്ള ജാഗ്രതയും കാണിക്കണം.

( ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംസ്ഥാനസമിതി അംഗമാണ് ലേഖകന്‍)

 

ഡോ. എം. മുഹമ്മദ് ആസിഫ്

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.