
ഫെയ്സ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതിന്റെ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, അതിലും ഭീകരമായ ഡാറ്റ ചോര്‍ത്തല്‍ വിവരം പുറത്തുവന്നിരിക്കുകയാണിപ്പോള്‍. 772 മില്യണ്‍ (772,904,991) ഇമെയില്‍ ഐഡികളും 22 മില്യണ്‍ (21,222,975) പാസ്വേഡുകളുമാണ് ചോര്‍ന്നത്. ലോകം കണ്ട ഏറ്റവും വലിയ വിവര ചോര്‍ച്ചയാണിത്.
കളക്ഷന്‍ #1 എന്ന പേരുള്ള ഒരു കൂട്ടം ഡേറ്റ ഫയലില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. 87 ജി.ബി വിവരങ്ങളാണ് ഇതിലുള്ളത്. 12,000 വേര്‍തിരിച്ച ഫയലുകളും.
മൈക്രോസോഫ്റ്റിന്റെ പ്രാദേശിക ഡയറക്ടറും ഡെവലപ്പര്‍ സെക്യൂരിറ്റി എംവിപിയുമായ ട്രോയ് ഹണ്ട് ആണ് വിവരചോര്‍ച്ചയുടെ കാര്യം ആദ്യം അറിയിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2,692,818,238 ഇമെയില്‍ ഐഡികളും പാസ്വേഡുകളുമാണ് പുറത്തായത്. 87ജിബി ഡേറ്റയുള്ള 12,000 ഫയലുകളാണ് കളക്ഷനില്‍ ഉണ്ടായിരുന്നത്.
Have I Been Pwned എന്ന വെബ്സൈറ്റ് നടത്തുന്ന സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ടാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. ഈ വെബ്സൈറ്റില്‍ പോയാല്‍ നിങ്ങളുടെ മെയില്‍ ഐഡിയോ പാസ്വേഡോ ചോര്ത്തിയിട്ടുണ്ടെങ്കില് അറിയാനാവും.
അതേസമയം, ഫിനാന്‍ഷ്യല്‍ ഡേറ്റകളോ മറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നും ഐ.ഡി, പാസ്വേഡ് എന്നിവ മാത്രമാണ് പുറത്തായതെന്നും റിപ്പോര്‍ട്ടുണ്ട്.
ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് ശക്തമായ പാസ്വേഡ് നല്‍കണമെന്നതാണ് വിദഗ്ധര്‍ ഉപദേശിക്കാറുള്ളത്. പാസ്വേഡുകള് അക്ഷരങ്ങള്‍, അക്കങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയവയുടെ കോമ്പിനേഷണുകള് ആകുന്നതാണ് നല്ലത്. എന്നാല്‍ പലപ്പോഴും പലരും ഒരേ പാസ്വേഡ് തന്നെ വിവിധ അക്കൗണ്ടുകള്‍ക്ക് നല്‍കാറുണ്ട്. ഈ പ്രവണതയും ഉപേക്ഷിക്കണം.