2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കനോലി വധത്തിന്റെ പിന്നാമ്പുറം


മതഭ്രാന്തും അധികാരപ്രമത്തതയും ബാധിച്ച കനോലിയുടെ വംശവെറിയില്‍ അസ്വസ്ഥരായിരുന്ന മാപ്പിളമാരുടെ രോഷാഗ്‌നിയില്‍ എണ്ണയൊഴിക്കുന്ന നടപടിയായിരുന്നു ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തല്‍. അതോടെ മാപ്പിളരോഷം അണപൊട്ടിയൊഴുകി. തുടർന്നാണ്, മാപ്പിളവിരുദ്ധ നടപടികള്‍ക്കു നേതൃത്വം നൽകിയ എച്ച്.വി കനോലിയെ വിപ്ലവകാരികള്‍ വധിച്ചത്.

എ.എം നദ്‌വി


മലബാറിലെ മാപ്പിളപ്പോരാട്ട ചരിത്രത്തില്‍ ബ്രിട്ടിഷ് ക്യാംപുകളില്‍ ഞെട്ടലുണ്ടാക്കിയ ഹെൻറി വലന്റേന്‍ കനോലിയുടെ ഉന്മൂലനത്തിന് 168 വര്‍ഷം തികയുന്നു. മലബാര്‍ പ്രദേശങ്ങളില്‍ ആധിപത്യം നേടിയ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും അവരുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു നേതൃത്വം നല്‍കിയ കമ്പനി പട്ടാളത്തിനും അപ്രതീക്ഷിതമായി ഏല്‍ക്കേണ്ടി വന്ന പ്രഹരമാണ് മലബാര്‍ ജില്ലാ കലക്ടര്‍ എച്ച്.വി കനോലിയുടെ വധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഔദ്യോഗിക വസതിയില്‍ പ്രിയതമയുമായി സായാഹ്ന സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന മലബാര്‍ ഡിസ്ട്രിക്ട് കലക്ടറും മജിസ്‌ട്രേറ്റുമായ എച്ച്.വി കനോലിയെ എല്ലാ സുരക്ഷാസംവിധാനങ്ങളും മറികടന്ന് മാപ്പിളപോരാളികള്‍ വധിച്ച സംഭവം നടന്നത് 1855 സെപ്റ്റംബര്‍ 11നു രാത്രിയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ മലബാറില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ച ജന്മി-ബ്രിട്ടിഷ് അവിഹിത കൂട്ടുകെട്ടിന്റെ ക്രൂരതകള്‍ക്കും തെറ്റായ നയങ്ങള്‍ക്കുമെതിരായ ജനരോഷമാണ് കലക്ടര്‍ കനോലിയുടെ വധത്തില്‍ കലാശിച്ചത്.
1806ല്‍ ജനിച്ച ഹെൻറി വാലന്റൈന്‍ കനോലി 1824ലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സിവില്‍ സര്‍വിസില്‍ എഴുത്തുകാരനായി ജോലിചെയ്യാന്‍ തുടങ്ങിയത്. പിന്നീട് ബെല്ലാരിയില്‍ പ്രിന്‍സിപ്പല്‍ കലക്ടറായി ചുമതലയേറ്റു. അതിനുശേഷം കന്നഡ വിവര്‍ത്തകനായി. 1842 മുതലാണ് മലബാറിലെ മജിസ്‌ട്രേറ്റും കലക്ടറുമായി സ്ഥാനമേല്‍ക്കുന്നത്. വധിക്കപ്പെടുന്ന 1855 വരെ ആ പദവിയില്‍ തുടര്‍ന്നു. ബ്രിട്ടിഷ് പിന്തുണയോടെ ഭൂപ്രഭുക്കളായ ജന്മിമാര്‍ സ്വീകരിച്ച അന്യായമായ ചൂഷണങ്ങള്‍ക്കെതിരേ മലബാറിലെ മാപ്പിളകര്‍ഷകരും കീഴാളജനതയും സംഘടിതരായി ജന്മിത്തവിരുദ്ധ പോരാട്ടം ശക്തമാക്കിയ കാലത്താണ് കനോലി മലബാര്‍ കലക്ടറായി കോഴിക്കോട്ടെത്തുന്നത്. ജന്മിമാരുടെ പക്ഷംചേര്‍ന്ന് പ്രതിഷേധങ്ങളെ ശക്തമായി അടിച്ചമര്‍ത്താനാണ് അദ്ദേഹവും തീരുമാനിച്ചത്. അതിന്റെ ഭാഗമായി കൂട്ടപ്പിഴകള്‍ ചുമത്തുകയും കര്‍ഷകരുടെമേല്‍ അതിരില്ലാത്ത ദ്രോഹങ്ങളും ചെയ്തു.


ഫസല്‍ തങ്ങളെ നാടുകടത്തലും
കനോലിയുടെ ഗൂഢാലോചനയും


കര്‍ഷകരുടെ ആശാകേന്ദ്രവും ആത്മീയ നേതാവുമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ കുതന്ത്രങ്ങളിലൂടെ സമ്മര്‍ദം ചെലുത്തി മക്കയിലേക്ക് അയച്ച എച്ച്.വി കനോലിയുടെ നടപടി മാപ്പിള കര്‍ഷകരെ അങ്ങേയറ്റം പ്രകോപിതരാക്കിയിരുന്നു. പൊന്നാനി മഖ്ദൂം പുതിയകത്ത് അഹമ്മദ് കോയയെ അതിനു മുമ്പ് ചിങ്കല്‍ പേട്ടിലേക്ക് നാടുകടത്തിയതും കനോലി തന്നെയായിരുന്നു. മാപ്പിളമാര്‍ ഏറെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന മമ്പുറം തങ്ങന്മാരെക്കുറിച്ച് തെറ്റായ റിപ്പോര്‍ട്ടുകള്‍ മദ്രാസിലേക്ക് അയക്കുകയും അവരുടെമേല്‍ വ്യാജ കുറ്റങ്ങള്‍ ആരോപിക്കുകയും ചെയ്ത കനോലിയുടെ ചെയ്തികളില്‍ രോഷാകുലരായിരുന്നു പ്രദേശത്തെ മാപ്പിളമാര്‍. മുട്ടിച്ചിറയിലും ചേറൂരും മട്ടന്നൂരും കൊളത്തൂരിലും ജന്മിമാര്‍ക്കെതിരേ നടന്ന മാപ്പിള കടന്നാക്രമണങ്ങള്‍ക്കു പിന്നില്‍ മമ്പുറം തങ്ങന്മാരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വിശ്വസിച്ചിരുന്ന കനോലി ജനരോഷം ഭയന്നതുകൊണ്ടുമാത്രമാണ് ജനകീയ നേതാക്കന്മാരായിരുന്ന തങ്ങന്മാരെ അറസ്റ്റ് ചെയ്യാന്‍ ധൈര്യപ്പെടാതിരുന്നത്. അതേസമയം, തങ്ങന്മാരുടെ സ്വാധീനം കുറക്കാനും ജനപിന്തുണ ഇല്ലായ്മ ചെയ്യാനും നിരന്തരം ബ്രിട്ടിഷുകാർ ഗൂഢാലോചനയിലേര്‍പ്പെട്ടു. അതിന്റെ തുടര്‍ച്ചയായിട്ടാണ് കുതന്ത്രം പ്രയോഗിച്ചും സമ്മര്‍ദം ചെലുത്തിയും സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ നിര്‍ബന്ധിത പ്രവാസത്തിലേക്കു തള്ളിവിട്ടത്.


കനോലിയുടെ കിരാതഭരണത്തിന് അറുതിവരുത്താനുള്ള ഏകമാര്‍ഗം അദ്ദേഹത്തെ വധിക്കുക തന്നെയാണെന്ന് അതോടെ കര്‍ഷകപോരാളികള്‍ തീര്‍ച്ചപ്പെടുത്തി. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ ചതിച്ചു നാടുകടത്തിയ സംഭവത്തില്‍ കനോലിക്കെതിരേ ഉയര്‍ന്ന പ്രതിഷേധവും സജീവമായ പ്രചാരണവും ചര്‍ച്ചചെയ്യാന്‍ വേങ്ങരയ്ക്കടുത്ത് കുറ്റൂരിലെ കുലീന കുടുംബനാഥനും മനുഷ്യസ്‌നേഹിയുമായ പാലമടത്തില്‍ പുതുപ്പറമ്പില്‍ കുഞ്ഞാലിയുടെ വീട്ടില്‍ വിവിധ മേഖലകളില്‍ നിന്നെത്തിയ മാപ്പിളനേതാക്കള്‍ യോഗം ചേര്‍ന്നു. മണ്ടായപ്പുറം മമ്മദുണ്ണി മൂപ്പന്‍, വീരനുണ്ണി മൂപ്പന്‍ എന്നീ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. കനോലിവധം എങ്ങനെ ആസൂത്രണം ചെയ്തുവെന്ന് 1856 ജനുവരി ഏഴിന് മലബാറിലെ ജോയിന്റ് മജിസ്‌ട്രേറ്റ് സി. കോളിറ്റ് (C. Collet) മജിസ്‌ട്രേറ്റ് ടി. ക്ലാര്‍ക്കിന് (T.Clarke) അയച്ച വിവരണത്തില്‍നിന്ന് മനസിലാക്കാം.
ജയില്‍ചാടിയ നാലുപേരാണ് ഈ കൃത്യത്തിനു മുന്നോട്ടുവന്നത്- വാളശ്ശേരി ജമാലു, പൊലിയ കുന്നത്ത് തേനി, ചെമ്പന്‍ മൊയ്തീന്‍കുട്ടി, വെളുത്തേടത്തു പറമ്പില്‍ മൊയ്തീന്‍. ഇവരെ കൂടാതെ അഞ്ചാമതായി ഒസാന്‍ അയ്ദ്രു എന്ന കുട്ടിയുമുണ്ടായിരുന്നു. 1855 ഓഗസ്റ്റ് നാലിനാണ് നാലുപേര്‍ ജയില്‍ചാടിയത്. 1856 സെപ്റ്റംബര്‍ 17നു നടന്ന ഒരു ഏറ്റുമുട്ടലില്‍ ഇവരെ ബ്രിട്ടിഷ് പട്ടാളം വെടിവച്ചുകൊന്നു. സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയതിനു പ്രതികാരമായി തങ്ങള്‍ കലക്ടര്‍ കനോലിയെ കൊല്ലുമെന്ന് ഇവര്‍ പലരോടും പറഞ്ഞിരുന്നു. ജയില്‍ചാടിയത് ഇതിനു വേണ്ടിയാണെന്നും പറഞ്ഞിരുന്നുവത്രെ.


ഘാതകര്‍ പട്ടിക്കാട്ട് താമസിച്ച് തേനുവിന്റെ ബന്ധുക്കളുടെയും സ്‌നേഹിതരുടെയും വീടുകളില്‍ തങ്ങി. അവിടെ ബാലനായ ഒസ്സാന്‍ അയ്ദ്രുമാന്‍ ഇവരോടൊപ്പം കൂടി. ശേഷം പട്ടിക്കാട്ടുനിന്ന് അങ്ങാടിപ്പുറത്ത് വെള്ളാരംപറമ്പിലെത്തി. അവിടുന്ന് ഊരകം മലയിലേക്ക്. പകല്‍സമയം അവിടെ താമസിച്ചു. പിന്നെ വേങ്ങരയില്‍. അവിടെ ഉമ്മയുടെ വീട്ടിലാണ് ചെമ്പന്‍ മൊയ്തീന്‍കുട്ടി താമസിക്കുന്നത്. ശേഷം ചെമ്പന്‍ മൊയ്തീന്‍ കുട്ടിയുടെ സഹോദരി താമസിക്കുന്ന കൊടുവായൂരിലെത്തി. പിന്നീട് മമ്പുറത്തേക്കും. രാത്രിപ്രാര്‍ഥനാ സമയത്താണ് മമ്പുറത്തെത്തിയത്. അന്നു വലിയപെരുന്നാളും. പോരാളികള്‍ തൊട്ടടുത്തുള്ള തറമ്മല്‍ കുഞ്ഞിക്കോയ തങ്ങളെയുംകൂട്ടി മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. ഖബറിടത്തില്‍ ആരൊക്കെ പ്രാര്‍ഥിക്കുന്നു എന്ന് ശ്രദ്ധിക്കാന്‍ അടുത്തുതന്നെ താമസിക്കുന്ന ഓടക്കല്‍ ആലി ഹസ്സന്‍, അവറാന്‍കുട്ടി എന്നിവരെ ചാരന്മാരായി ബ്രിട്ടിഷുകാര്‍ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ, അവര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തില്ല. പോരാളികള്‍ അവിടെവന്ന് പ്രാര്‍ഥിച്ചത് ശ്രദ്ധിച്ചില്ല എന്ന കുറ്റംചുമത്തി ഇവരെ അറസ്റ്റ് ചെയ്തു. മമ്പുറത്തു ജാറത്തിങ്കല്‍ വിളക്ക് കത്തിക്കുന്നതിനുള്ള ചെലവിലേക്ക് നേര്‍ച്ചനേര്‍ന്ന് അതിന്റെ പണം തൊട്ടടുത്ത വീട്ടിലേല്‍പ്പിച്ചാണ് സംഘം പുതിയങ്ങാടിയിലേക്കു പുറപ്പെട്ടത്.


അന്നു സംഭവിച്ചത്…


ഓഗസ്റ്റ് 28നു അര്‍ധരാത്രി, സമയം ഒരുമണി. അഞ്ചുപേരും വെട്ടത്തുനാട് താലൂക്കിലെ പുതിയങ്ങാടി തൃപ്പങ്ങോട്ട് തോട്ടത്തില്‍ താമസിക്കുന്ന നാലകത്ത് മൊയ്തീന്റെ വീട്ടിലെത്തി. മൊയ്തീനും മകന്‍ പക്കി കുട്ടിയും പോരാളികള്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്തു. പിറ്റേദിവസം കല്‍പകഞ്ചേരിയിലെത്തി മുഹമ്മദ്കുട്ടി മൂപ്പനെ കണ്ടു. ഓഗസ്റ്റ് 29 വരെ അവര്‍ വെട്ടത്തുനാട്ടില്‍ തന്നെ തങ്ങി. പിന്നീട് കോഴിക്കോട് പരിസരത്തുവന്ന് ഒരു വീട്ടില്‍ താമസിച്ചു. അവിടെവച്ചാണ് കലക്ടറെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ഈ വീട്ടില്‍വച്ച് ഇടയ്ക്കിടെ മൗലിദ് പാരായണം നടത്തി. വീണ്ടും അവര്‍ മുമ്പുറത്തുവന്ന് പ്രാര്‍ഥിച്ചു. അവിടെനിന്ന് വളാഞ്ചേരി മൂന്നാക്കല്‍ ദര്‍ഗയിലെത്തി തൊട്ടടുത്ത വീട്ടില്‍ തങ്ങി. മൂന്നാക്കലില്‍നിന്ന് പോരാളികള്‍ നേരെ കൊളത്തൂരിലേക്ക്. ശേഷം ആനക്കയത്ത്. ഇവിടെയാണ് വാളശ്ശേരി ജമാലുവിന്റെ വീട്. ആനക്കയത്തുനിന്ന് പന്തലൂരും പയ്യനാടുമൊക്കെ കറങ്ങി ബന്ധുക്കളെ സന്ദര്‍ശിച്ചു. പിന്നീട് കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെട്ടു. കോഴിക്കോട്-വയനാട് റോഡിലൂടെ സഞ്ചരിച്ച് വെസ്റ്റ് ഹില്ലിലെത്തി. വെസ്റ്റ്ഹില്ലിലെ ബംഗ്ലാവിനു സമീപമുള്ള കാട്ടില്‍ ഒളിച്ചിരുന്ന് സന്ധ്യക്ക് കൃത്യം നടത്താനായിരുന്നു പദ്ധതി.


സന്ധ്യക്ക് മിസ്റ്റര്‍ കനോലി വെസ്റ്റ് ഹില്ലിലുള്ള തന്റെ ബംഗ്ലാവിന്റെ (പഴശ്ശി മ്യൂസിയം) വരാന്തയിലെ സോഫയില്‍ ഇരിക്കുക പതിവാണ്. മുന്നിലുള്ള ടീപോയില്‍ ഒരു വിളക്ക് കത്തുന്നുണ്ട്. അഭിമുഖമായിരുന്ന് മിസിസ് കനോലിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നു. നിഴല്‍ മറപറ്റി പോരാളികള്‍ കനോലിക്ക് പിന്നിലൂടെ അകത്തുകടന്നു. എതിര്‍വശത്തിരുന്ന ഭാര്യപോലും അതു കണ്ടില്ല. ഒരൊറ്റ അടിക്കുതന്നെ കനോലി നിലത്തുവീണു. മാപ്പിള പോരാളികള്‍ അദ്ദേഹത്തെ കുത്തി. ഇടതുകരം മുറിഞ്ഞു. വലത്തെ മുട്ടില്‍ ആഴത്തില്‍ മുറിവേറ്റു. ആകെ 27 മുറിവുകള്‍. ഭാര്യ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. തൊട്ടടുത്ത മുറിയിലുള്ള സേവകര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഉടന്‍തന്നെ മിസിസ് കനോലിയെ അടുത്ത റൂമിലെത്തിച്ചു. 1855 സെപ്റ്റംബര്‍ 11 രാത്രി 9.45നു കനോലി അന്ത്യശ്വാസം വലിച്ചു. അപ്രതീക്ഷിതമായ കനോലിവധം ബ്രിട്ടിഷ്-ജന്മി കൂട്ടുകെട്ടിനേല്‍പ്പിച്ചത് കനത്ത പ്രഹരം തന്നെയായിരുന്നു. ബ്രിട്ടിഷ് കേന്ദ്രങ്ങളില്‍ ഇത് ഏറെക്കാലം ചര്‍ച്ചാവിഷയമായി.


കൃത്യം നടത്തിയ ശേഷം പോരാളികള്‍ നേരെ താമരശേരി ഭാഗത്തേക്കാണു പോയത്. അവിടെ ബ്രിട്ടിഷ് അനുകൂലിയായ അധികാരിയില്‍നിന്ന് പണം പിടിച്ചെടുത്ത ശേഷം മഞ്ചേരിയിലേക്കു നീങ്ങി. വഴിക്കുവച്ച് കൊണ്ടോട്ടി ഭാഗത്തുള്ള ഒരു വില്ലേജ് ഓഫിസ് പ്യൂണ്‍ അവരെ കണ്ടു. ഇവരുടെ കൂടെ ജയില്‍ ചാടിവന്നവര്‍ വേറെയുമുണ്ട്. പിന്നെ ഒപ്പംകൂടിയവരും. പ്യൂണ്‍ കാര്യം കൊണ്ടോട്ടി അധികാരിയെ അറിയിച്ചു. അധികാരി ഇരുപതോളം പേരടങ്ങുന്ന സംഘവുമായി വന്നു. കനോലിയെ തങ്ങളാണ് കൊന്നതെന്ന് ഇവര്‍ അധികാരിയോടു പറഞ്ഞു. ഇവര്‍ വന്ന വിവരം കൊണ്ടോട്ടി തങ്ങളെ അറിയിക്കുകയും തങ്ങള്‍ മുന്നൂറോളം പേരടങ്ങുന്ന സംഘവുമായി ഇവരെ പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തു. അതും നടന്നില്ല. അരിമ്പ്ര അധികാരിയും ഇവരെ പിടികൂടാന്‍ രംഗത്തെത്തി. ഘാതകരുടെ കൈയില്‍ ജയിലില്‍നിന്ന് എടുത്ത കത്തിയും വാളുമുണ്ടായിരുന്നു. ഒപ്പംവന്നവരുടെ അടുത്തുള്ള ആയുധങ്ങള്‍ വേറെയും. അതിനാല്‍ പിടികൂടുക അത്ര എളുപ്പമായിരുന്നില്ല.


ഘാതകര്‍ക്കു പിന്നാലെ


ഘാതകരെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ഇനാം പ്രഖ്യാപിച്ചു. കൊളത്തൂരിലെ അധികാരിയും സംഘവും ഘാതകര്‍ക്കു പിന്നാലെ നീങ്ങി. എന്നാല്‍ നാട്ടുകാരുടെ പിന്തുണ ലഭിച്ചില്ല. മഞ്ചേരിയിലേക്കുള്ള മാര്‍ഗമധ്യേ ഘാതകര്‍ ജന്മി മൂസതിന്റെ വീട് അക്രമിക്കുകയും മൂസതിന്റെ കഴുത്തില്‍ കയര്‍കെട്ടി അദ്ദേഹത്തെ തോട്ടത്തിലൂടെ വലിച്ച് തൊട്ടടുത്തുള്ള വയലിലേക്ക് മറിച്ചിടുകയും ചെയ്തു. ആ വീട് സാമാന്യം വലിയതായിരുന്നു. മാവും കവുങ്ങും തെങ്ങും നിറഞ്ഞ വലിയ തോട്ടമാണ് ചുറ്റുമുള്ളത്. നിറയെ വാഴകള്‍. വീട് പുറത്തുനിന്ന് കാണാന്‍ പ്രയാസം. പൊലിസ് സ്ഥലത്തെത്തി. അവര്‍ വീടിനു നേരെ ഷെല്ലാക്രമണം നടത്തി. വീടിനകത്തുള്ള മാപ്പിളപോരാളികള്‍ തൊട്ടടുത്തുള്ള പത്തായപ്പുരയിലേക്കു മാറി. തുറന്ന ആക്രമണത്തിനൊന്നും അവര്‍ തയാറായില്ല. സന്ധ്യയായിരിക്കുന്നു.

എങ്ങനെയെങ്കിലും ഇവരെ വധിക്കണമെന്ന് ഉദ്ദേശ്യത്തോടെ നാലു ഭാഗത്തുനിന്നും വെടിവയ്പ് തുടങ്ങിയെങ്കിലും മാപ്പിളമാര്‍ രക്ഷപ്പെട്ടിരുന്നു. കൊല്ലപ്പെട്ട മറ്റു പോരാളികളുടെ മൃതദേഹങ്ങള്‍ ബ്രിട്ടിഷുകാര്‍ മഞ്ചേരിയിലേക്ക് കൊണ്ടുപോയി അവിടെ മരത്തില്‍ മൃതദേഹങ്ങള്‍ തൂക്കിയിട്ടു. കൊല്ലപ്പെട്ടത് ഒരു കുട്ടിയും നാലു പേരുമാണ്. തൂക്കിയിട്ട മൃതദേഹങ്ങള്‍ കത്തിച്ചുകളയണമെന്നും അതിന്റെ ചാരം ആരും കാണാത്തവിധം മാറ്റിക്കളയണമെന്നും മാപ്പിളമാര്‍ക്ക് രക്തസാക്ഷികളുടെ ചാരത്തെ പുണ്യമായി ആദരിക്കാനുള്ള അവസരം സൃഷ്ടിക്കരുതെന്നും 1856 സെപ്റ്റംബര്‍ 21നു ജോയിന്റ് മജിസ്‌ട്രേറ്റ് കോള്ളറ്റ് എഴുതിയ കത്തില്‍ പറയുന്നു. കോള്ളറ്റിന്റെ കത്തുപ്രകാരം കനോലിയെ കൊന്ന അഞ്ചുപേരെ മൊറയൂരില്‍ വച്ചാണ് വധിച്ചത്.


മൃതദേഹങ്ങള്‍ കോഴിക്കോട്ടെത്തിച്ച് ബ്രിട്ടിഷ് ആസ്ഥാനത്ത് കൊണ്ടുപോയി കത്തിച്ചു ചാമ്പലാക്കി. അതിന്റെ ചാരം ജയിലിനകത്തുതന്നെ കുഴിച്ചിടുകയും ചെയ്തു. കനോലിയെ കൊന്ന ആളുകളെ വീരരക്തസാക്ഷികളായി നാട്ടുകാര്‍ വാഴ്ത്തി. അതിന്റെ സന്തോഷമെന്നോണം വീടുകളില്‍ മൗലിദ് നടത്തി, മാലപ്പാട്ടുകള്‍ പാടി ആഘോഷിച്ചു. കാലികളെ അറുത്ത് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്തു. കനോലി വധവുമായി ബന്ധപ്പെട്ട് 24 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. പോരാളികളില്‍പെട്ട തേനു നെന്മിനി അംശത്തില്‍ ജനിച്ചു വളര്‍ന്നയാളാണ്. പിന്നീട് മേലാറ്റൂര്‍, കാര്യവട്ടം എന്നിവിടങ്ങളിലാണ് താമസിച്ചത്. ജമാലു ജനിച്ചത് ഏറനാട് താലൂക്കിലെ വാളക്കോട്ടും. പക്ഷേ, ചെറുപ്പംതൊട്ടേ ആനക്കയത്തു താമസിച്ചു. ചെമ്പന്‍ മൊയ്തീന്‍കുട്ടി വേങ്ങര സ്വദേശിയാണ്. വെളുത്തേടത്ത് മൊയ്തീന്‍ വെട്ടത്ത് നാട്ടിലെ തലക്കാട് അംശത്തിലുള്ളയാള്‍.


കനോലി വധത്തെ തുടര്‍ന്ന് ബന്ധപ്പെട്ട പ്രദേശങ്ങളിലെ മാപ്പിളമാരെല്ലാം കൊലപാതക ശ്രമത്തെ സഹായിച്ചുവെന്ന കുറ്റംചുമത്തി കൂട്ടപ്പിഴ ഈടാക്കാന്‍ ഉത്തരവിറക്കി. കോഴിക്കോട് താലൂക്കിലെ കച്ചേരി, ചൂലൂര്‍, കൊടുവള്ളി, കിടാവൂര്‍, തിരുവമ്പാടി; ഏറനാട് താലൂക്കിലെ ചീക്കോട്, ഇരുമ്പുഴി, മഞ്ചേരി; വള്ളുവനാട് താലൂക്കിലെ പള്ളിപ്പുറം, നെന്മിനി, കാര്യവട്ടം, ചെമ്പ്രശ്ശേരി പാണ്ടിക്കാട്, വെട്ടത്തൂര്‍; ചേരനാട് താലൂക്കിലെ മേല്‍മുറി, കണ്ണമംഗലം, കൊടുവായൂര്‍, തൃക്കുളം, നന്നമ്പ്ര, വേങ്ങര; വെട്ടത്തുനാട് താലൂക്കിലെ തലക്കാട്, പുറത്തൂര്‍, കല്‍പകഞ്ചേരി, കോയ്മാനം, വടക്കുംപുറം എന്നീ പ്രദേശങ്ങള്‍ക്കാണ് കൂട്ടപ്പിഴ ചുമത്തിയത്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ബ്രിട്ടിഷ് അധികാരികളുടെ അന്വേഷണത്തെ സഹായിച്ചില്ല എന്നാരോപിച്ച് നിരവധിപേരെ അറസ്റ്റുചെയ്ത് ജയിലിലടച്ചു.
ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടവര്‍

  1. ചെറിയാത്ത് കുഞ്ഞത്തന്‍
  2. കുന്നാടിക്കുറി പോക്കര്‍
  3. പള്ളിയത്തെ പാറക്കോട്ട് ചേക്കുണ്ണി
  4. പള്ളിയകത്ത് മൊയ്തീന്‍കുട്ടി
  5. തെച്ചിയോടന്‍ പോക്കര്‍
  6. കല്ലിടുമ്പില്‍ അമാനത്ത് തിത്തിയുമ്മ
  7. അമാനത്ത് ഏനു
  8. പള്ളിയകത്ത് വീരാന്‍
  9. പള്ളിയകത്ത് കുഞ്ഞാലു
  10. മുഖ്യസ്ഥന്‍ അമാനത്ത് ഉണ്ണിമോയി
  11. കക്കാട്ടില്‍ കുഞ്ഞു മൊയ്തുട്ടി
  12. മഞ്ഞളങ്ങാടന്‍ കുഞ്ഞു സൂപ്പി
  13. കുന്നാടിക്കുറി മൊയ്തു
  14. മൊയ്തു ഭാര്യ പാത്തുമ്മ
  15. ഞാറ തൊടിയില്‍ കോയ
  16. കക്കട്ടില്‍ കുഞ്ഞാലന്‍
  17. മഞ്ഞളങ്ങാടന്‍ മൊയ്തു
  18. മുഖ്യസ്ഥന്‍ വെമ്മുള്ളി സെയ്ത്
  19. ആല്‍പ്പറ്റ സെയ്തുട്ടി
  20. സൈതുട്ടി മകന്‍ കൊയ് മാറ
    കനോലി വധത്തില്‍ പ്രകോപിതരായ കമ്പനി പട്ടാളം മാപ്പിളമാര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മാപ്പിള ഔട്ട് റേജസ് ആക്ട് പ്രകാരമെടുത്ത കേസ് ചുമത്തപ്പെട്ടവരെ വിവിധ ജയിലുകളില്‍ അടച്ചു. വ്യത്യസ്ത ജയിലുകളില്‍ അടക്കപ്പെട്ടവര്‍ ഇവരാണ്.
    നെല്ലൂര്‍ ജയില്‍
  21. ചെര്യാത്ത കുഞ്ഞിതു
  22. മണ്ണിമ്മല്‍ അവറാന്‍ കുട്ടി
  23. മമ്പുറത്തെ ബീവി
  24. കാഞ്ഞിര കുഞ്ഞിക്കോയാമു
  25. കുഞ്ഞിപ്പരി
  26. പള്ളിക്കലകത്ത് അബ്ദുല്ല ഖാസി
    കഡ്ഡപ്പ ജയില്‍
  27. കണ്ണാടി കേയി പോക്കര്‍
  28. പാറക്കല്‍ മരക്കാര്‍
  29. മണ്ടായ പുറത്ത് മുഹമ്മദ് കുട്ടി മൂപ്പന്‍
  30. ചെമ്പകശ്ശേരി ഉണ്ണിമോയി
  31. മുല്ല മരക്കാര്‍ കുട്ടി
  32. പുത്തന്‍പീടിയയില്‍ കോയാമു മുക്രി
    മസൂലിപട്ടം ജയില്‍
  33. തെച്ചിയോടന്‍ പോക്കര്‍
  34. നാലകത്ത് മൊയ്തീന്‍
  35. ബീരാ ഉണ്ണി
  36. കോരങ്ങോട്ട് കുഞ്ഞിക്കോയ
  37. ചോലപ്പറമ്പത്ത് ഉണ്ണി മായി
  38. മണ്ടായ കണ്ടി പുറത്ത് കുട്ടിഹസന്‍
    (ചോലപ്പറമ്പത്ത് ഉണ്ണിമായി ജയിലില്‍ എത്തും മുമ്പേ മരിച്ചു)
    ഗുണ്ടൂര്‍ ജയില്‍
  39. വെണ്‍മള്ളി സൈദ്
  40. നാലകത്ത് പോക്കുട്ടി
  41. കോരങ്ങോട്ട് ഹൈദ്രുമാന്‍
  42. ചപ്പാളി പോക്കര്‍
    രാജ മുന്‍ഡ്രി ജയില്‍
  43. തറമ്മല്‍ കുഞ്ഞിക്കോയ
  44. നാലകത്ത് കമ്മു
  45. പള്ളിമുക്രി ബാവക്കുട്ടി
  46. മൈലാഞ്ചി കരമ്മല്‍ മൊയ്തീന്‍കുട്ടി
  47. മുക്രി പൗറ
    ചിക്കകോല്‍ ജയില്‍
  48. ഓടായിക്കല്‍ അലി ഹസ്സന്‍
  49. നാലകത്ത് പുത്തന്‍വീട്ടില്‍ സയ്യിദ് മുഹമ്മദ് കോയക്കുട്ടി
  50. കളത്തില്‍ പടിക്കല്‍ മമ്മുണ്ണി
  51. മാലക്കല്‍ മമ്മു
  52. ഒടുവില്‍ കുന്നുമ്മല്‍ കോയ

  53. കനോലിയെ വകവരുത്തിയ വിപ്ലവകാരികള്‍ യാത്രചെയ്ത പ്രദേശങ്ങളിലെ ജനങ്ങളില്‍നിന്ന് ബലാത്കാരമായി പിരിച്ചെടുത്ത കൂട്ടപ്പിഴയായ 19,511 രൂപ 8 അണയില്‍ നിന്ന് ഒരു വിഹിതം കനോലിയുടെ വിധവയ്ക്കു നഷ്ടപരിഹാരമായി നല്‍കി. കനോലി വധം ലക്ഷ്യമാക്കി ജയില്‍ചാടിയവര്‍ സഞ്ചരിച്ച പ്രദേശങ്ങളില്‍ ഏതെങ്കിലുംവിധം അവരുമായി ബന്ധപ്പെടുകയോ സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്തവര്‍ക്കെതിരേയെല്ലാം കേസെടുത്തു. 14 സ്ത്രീകളും ബാലനുമടക്കം 164 പേരെയായിരുന്നു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 18 പേര്‍ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ വിവിധ സ്ഥലങ്ങളില്‍വച്ച് നടന്ന ഏറ്റുമുട്ടലുകളില്‍ രക്തസാക്ഷികളായി.

  54. വധത്തിലേക്ക് നയിച്ച കാരണങ്ങള്‍
    മലബാറില്‍ അങ്ങിങ്ങായി നടക്കുന്ന ജന്മി – കുടിയാന്‍ സംഘര്‍ഷങ്ങള്‍ക്കു പരിഹാരം കാണാന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിയോഗിച്ച ക്രൈസ്തവ ഉദ്യോഗസ്ഥരായിരുന്ന സ്‌ട്രെയിഞ്ച് കമ്മിഷനും അയാളെ നിയന്ത്രിച്ച എച്ച്.വി കനോലിയും വച്ചുപുലര്‍ത്തിയ മുസ്‌ലിം വിരോധമാണ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും കനോലി വധത്തിലേക്ക് എത്തിക്കുകയും ചെയ്തതെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. സി.കെ കരീം വിലയിരുത്തുന്നു. കുടിയായ്മയിലെ പരാധീനതകള്‍ പരിഹരിക്കാനും അതുവരെയുണ്ടായ സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്താനും നിയോഗിക്കപ്പെട്ട കമ്മിഷനും അയാളെ നയിച്ച ജില്ലാ ഭരണാധികാരിയും സമര്‍പ്പിച്ച നിഗമനങ്ങളിലും ശുപാര്‍ശകളിലും പ്രകടിപ്പിച്ച അന്ധമായ മുസ്‌ലിം വിരോധവും പ്രതികാര നടപടികളും തെറ്റായിരുന്നുവെന്ന് പിന്നീട് ചുമതലയേറ്റ മലബാര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് ചെയ്തിരുന്നതായി വില്യം ലോഗന്‍ രേഖപ്പെടുത്തുന്നു.

  55. മാപ്പിളമാരെ അടിച്ചൊതുക്കാന്‍ ഹിന്ദുക്കള്‍ മാത്രം ഉള്‍പ്പെടുന്ന സേന രൂപീകരിക്കണമെന്നും മുസ്‌ലിംകള്‍ക്ക് ഉടമാവകാശമുള്ള ഭൂമിയില്‍പോലും പള്ളി നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നും സ്‌ട്രെയിഞ്ചും കനോലിയും മദ്രാസ് ഭരണകൂടത്തിനു മുന്നില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂട്ടപ്പിഴ ചുമത്തണം, 1854ലെ മാപ്പിള ഔട്ട്‌റേജസ് ആക്ട് നടപ്പാക്കണം, അക്രമികളെ കണ്ടെത്താന്‍ ഭരണകൂടത്തെ സഹായിക്കാത്തവരെപ്പോലും നാടുകടത്തണം എന്നീ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. 1855 ഫെബ്രുവരി ഒന്നു മുതല്‍ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ നിയമങ്ങളാക്കി നടപ്പാക്കിത്തുടങ്ങി. നിരായുധീകരണമെന്ന പേരില്‍ മലബാറിലുടനീളം കനോലി വ്യാപകമായി പര്യടനം നടത്തി.
    ചേരനാട്, ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ റെയ്ഡുകള്‍ നടത്തി. പണിയായുധങ്ങളും ഗൃഹോപകരണങ്ങളും സ്വരക്ഷാ ആയുധങ്ങളും ഉള്‍പ്പെടെ പിടിച്ചെടുത്ത് വന്‍ ആയുധവേട്ട റിപ്പോര്‍ട്ട് ചെയ്തു. 1855 ഫെബ്രുവരി 20നു കനോലി ഗവണ്മെന്റ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ പറയുന്നത്, 7561 കത്തികള്‍ ശേഖരിച്ചുകഴിഞ്ഞു എന്നാണ്. ചുരുക്കത്തില്‍ മാപ്പിളമാര്‍ ആയുധം ശേഖരിച്ച് അക്രമങ്ങള്‍ക്ക് തയാറെടുത്ത് കഴിയുന്നവരാണെന്ന തെറ്റായ സന്ദേശം നല്‍കി മാപ്പിളവിരുദ്ധ നിര്‍ദേശങ്ങള്‍ പാസാക്കിയെടുക്കുക എന്ന തന്ത്രമായിരുന്നു കനോലിയുടേത്.

  56. മതഭ്രാന്തും അധികാര പ്രമത്തതയും ബാധിച്ച കനോലിയുടെ വംശവെറിയില്‍ അസ്വസ്ഥരായിരുന്ന മാപ്പിളമാരുടെ രോഷാഗ്‌നിയില്‍ എണ്ണയൊഴിക്കുന്ന നടപടിയായിരുന്നു ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തല്‍. അതോടെ മാപ്പിളരോഷം അണപൊട്ടിയൊഴുകുകയും ഉള്ളില്‍ നിറച്ച വംശീയ വിദ്വേഷത്താല്‍ മാപ്പിളവിരുദ്ധ നടപടികള്‍ക്കു ചുക്കാന്‍പിടിച്ച എച്ച്.വി കനോലിയെ വിപ്ലവകാരികള്‍ വധിക്കുകയും ചെയ്തു.

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.