മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കുന്ന തീർഥാടകരുടെ ആദ്യ സംഘം മദീനയിൽ ഇറങ്ങി. മലേഷ്യയിൽ നിന്നുള്ള സംഘമാണ് ആദ്യമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ടിൽ എത്തിയത്. രണ്ട് വിമാനങ്ങളിലായി 567 തീർത്ഥാടകരാണ് ആദ്യ വിദേശ ഹജ്ജ് സംഘത്തിൽ എത്തിയത്.
സ്വന്തം രാജ്യത്ത് വെച്ച് തന്നെ യാത്ര തിരിക്കുന്നതിനു മുമ്പ് ഹജ് തീർഥാടകരുടെ സഊദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന ‘മക്ക റൂട്ട്’ പദ്ധതിയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് ആദ്യമായി മദീനയിൽ ഇറങ്ങിയത്. നേരത്തെ, “മക്ക റൂട്ട്” പദ്ധതിയുടെ ഗുണഭോക്താക്കളായ തീർത്ഥാടകരുടെ ആദ്യ വിമാനങ്ങൾ മലേഷ്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും സഊദിയിലേക്ക് പുറപ്പെട്ടിരുന്നു. ക്വാലാലംപൂർ ഇന്റർനാഷണൽ എയർപോർട്ടിലെയും ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാ ജലാൽ ഇന്റർനാഷണൽ എയർപോർട്ടിലെയും ലോഞ്ചുകൾ വഴിയാണ് ഹാജിമാർ മദീനയിലേക്ക് പുറപ്പെട്ടത്.
ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ വരവും ഇന്ന് തുടങ്ങും. ഇന്ന് നാല് വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇന്ത്യൻ ഹാജിമാരുടെ സംഘം ഉച്ചക്ക് ഒന്നരയോടെയാണ് മദീനയിലെത്തുക. വിമാനങ്ങൾ കൊൽകത്ത, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നാണ്. മദീനയിലെത്തുന്ന തീർഥാടകർ ഇവിടെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തും. ജിദ്ദയിൽ നിന്നാകും നാട്ടിലേക്ക് മടക്കം. കേരളത്തിൽ നിന്നുള്ള ഹജിമാരുടെ ആദ്യ സംഘം അടുത്ത മാസം ആദ്യ വാരം എത്തും. ജിദ്ദയിലാണ് മലയാളി ഹാജിമാർ എത്തുക. ഇവർ നേരിട്ട് മക്കയിലേക്ക് പോകും. ഹജ്ജിന് ശേഷമാണ് ഇവർ മദീന സന്ദർശനത്തിന് പുറപ്പെടുക. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ജൂൺ 22ന് രാത്രി വരെ തീർഥാടകരുടെ വരവ് തുടരും.
Comments are closed for this post.