തലശ്ശേരി: സി.പി.എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ താമസിപ്പിച്ച വീടിന് നേരെ ബോംബേറ്. പിണറായിയിലെ പാണ്ട്യാല മുക്കിലുള്ള വീടിന് നേരെ ഇന്നലെ രാത്രിയിലാണ് ബോംബേറുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനനടുത്താണ് ഈ വീടുള്ളത്. ഇവിടെയുള്ള സി.പി.എം ശക്തി കേന്ദ്രത്തിലാണ് സി.പി.എമ്മിന്റെ പ്രധാനപ്രവര്‍ത്തകനെ മൃഗീയമായ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ആര്‍.എസ്.എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഈ വീട്ടില്‍ നിന്നും നിജിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്. ബോംബേറില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ബോബേറിന്റെ പശ്ചാത്തലത്തില്‍ പിണറായിയിലുള്ള മുഖ്യമന്ത്രിയുടെ വീടിനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം നിജിന്‍ദാസ് ഒളിവില്‍ കഴിഞ്ഞ വീട് സി.പി.എം പ്രവര്‍ത്തകനായ പ്രശാന്തിന്റേതാണെന്ന് വ്യക്തമായി. ഇയാളുടെ ഭാര്യ രേഷ്മയുടെ സുഹൃത്തായിരുന്നു പ്രതി. ഇവര്‍ ദിവസവും വാട്‌സാപ്പില്‍ ബന്ധപ്പെട്ടിരുന്നു. നിജിന്‍ ദാസിനുള്ള ഭക്ഷണവും രേഷ്മ എത്തിച്ചുകൊടുത്തിരുന്നതായാണ് വിവരം. അതേ സമയം ഈ വിവരം ഗള്‍ഫിലുള്ള സി.പി.എം പ്രവര്‍ത്തകനായ പ്രശാന്തിന്റെ അറിവോടെയാണോ എന്നകാര്യം വ്യക്തമായിട്ടില്ല.
ബോംബേറില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഈ വീട്ടില്‍ നിന്നും പാറക്കണ്ടി വീട്ടില്‍ നിജിന്‍ ദാസിനെ അറസ്റ്റ് ചെയ്തത്. ന്യൂ മാഹി പൊലിസ് ആയിരുന്നു കസ്റ്റഡിയില്‍ എടുത്തത്. വധത്തിന് പിന്നില്‍ നിജിന്‍ ദാസ് ആണെന്ന് തുടക്കം മുതല്‍ തന്നെ സിപിഎം ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീടിനുനേരെ ബോംബേറുണ്ടായത്.
പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിന് നേരത്തെ വീട്ട് ഉടമസ്ഥയായ അധ്യാപിക രേഷ്മയെയും അറസ്റ്റ് ചെയ്തിരുന്നു. പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് ഇവര്‍.
Comments are closed for this post.