
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് നടത്തിയ ഖനനത്തിലൂടെ കണ്ടെടുത്ത 282 അസ്ഥികൂടങ്ങള്‍ ഇന്ത്യന്‍ സൈനികരുടേത് തന്നെയെന്ന് സ്ഥിരീകരണം. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ തന്നെയാണ് ഖനനത്തില്‍ ലഭിച്ചതെന്ന് നരവംശ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു.
1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്നുവിളിച്ച് ബ്രിട്ടീഷുകാര്‍ അതിനെ നിസാരവത്കരിക്കുകയായിരുന്നു. 1857 മേയ് 10-ന് മീററ്റിലായിരുന്നെങ്കിലും തുടര്‍ന്ന് വടക്കേ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വിമതശിപായിമാര് ഡല്‍ഹിയെ അവരുടെ കേന്ദ്രമായിക്കരുതി അവിടെ ഒത്തുകൂടി. ഡല്‍ഹിയിലെ മുഗള്‍ ചക്രവര്‍ത്തി ബഹാദൂര്‍ഷാ സഫറിനെ അവരുടെ നേതാവായി അംഗീകരിച്ചു.
മീററ്റില്‍ കലാപം നടത്തി അവിടെനിന്നും 1857 മേയ് 11-ന് ശിപായിമാര്‍ ഡല്ഹിയിലേക്കെത്തുന്നതോടെ ആരംഭിച്ച സംഭവങ്ങള്‍ 1857 സെപ്റ്റംബറില്‍ ബ്രിട്ടീഷുകാര്‍ നഗരം പിടിച്ചടക്കുന്നതുവരെ നീണ്ടു.
1850കളുടെ തുടക്കത്തില്‍ നിരവധി ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയിലെ മുഗള്‍ രാജസഭയെ ഇല്ലായ്മ ചെയ്യാനും മുഗളരെ ചെങ്കോട്ടയില്‍ നിന്ന് ഒഴിപ്പിക്കാനും പദ്ധതികളുണ്ടായിരുന്നു. അന്നത്തെ ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ഷാ സഫറിന്റെ പിന്‍ഗാമിയായി ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്ന മിര്‍സ ഫഖ്രുവിന്റെ മരണശേഷം ആരെയും ആ സ്ഥാനത്തേക്ക് അംഗീകരിക്കാതിരുന്നത് മുഗള്‍ കുടുംബാംഗങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ രോഷമുയര്ത്തുകയും ചെയ്തിരുന്നു.
പന്നിയുടേയും പോത്തിന്റേയും മൃഗക്കൊഴുപ്പാണ് കാട്രിഡ്ജുകളില്‍ ഉപയോഗിക്കുന്നതെന്ന് ഉയര്‍ത്തിക്കാട്ടി വിപ്ലവമുയര്‍ത്തിയ സൈനികരുടെ അസ്ഥികൂടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും സ്ഥിരീകരിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെയായിരുന്നു സമരം. എന്നാല്‍ ഇവരുടെ സമരത്തെ ശിപായി ലഹളയെന്ന് വിശേഷിപ്പിച്ച് പരിഹസിക്കുകയായിരുന്നു ബ്രിട്ടീഷുകാര്‍ ചെയ്തത്.
നാണയങ്ങളും മെഡലുകളും ഡി.എന്‍.എ സാമ്പിളുകളും വിശദമായി പരിശോധിച്ചാണ് നരവംശശാസ്ത്രജ്ഞര്‍ സ്ഥിരീകരണം നടത്തിയത്. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ്, ഡി.എന്‍.എ പഠനം മുതലായവ നടത്തിയിരുന്നു. പഞ്ചാബ് യൂണിവേഴ്സിറ്റിയലെ ആന്ത്രോപോളജി ഡിപ്പാര്‍ട്ട്മെന്റ് അസി. പ്രൊ.ഡോ. ജെ.എസ് സെഹ്റാവത്ത് ആണ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടത്. പഞ്ചാബിലെ അജ്നാലയിലെ ഒരു കിണറ്റില്‍ നിന്നാണ് 2014ല്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.