റിയാദ്: നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരിൽ തവക്കൽന അപ്ഡേറ്റ് ചെയ്യാൻ മൂന്ന് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. രണ്ട് ദിവസം മുമ്പ് മുതലാണ് മൂന്ന് ഡോസ് വിവരങ്ങൾ ചോദിച്ചിരുന്നത്. ഇതോടെ സന്ദർശക വിസക്കാർക്കും ഇഖാമക്കാർക്കും മൂന്നാം ഡോസ് എടുത്ത വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യാതെ അപേക്ഷ സമർപ്പിക്കാൻ സാധിച്ചിരുന്നില്ല.
നാട്ടിൽ നിന്ന് വാക്സിൻ എടുത്തവരിൽ തവക്കൽന അപ്ഡേറ്റ് ചെയ്യാനായി സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷിക്കാൻ ശ്രമം നടത്തിയതോടെ മൂന്നാം ഡോസ് വിവരങ്ങൾ നൽകാതെ സാധിച്ചിരുന്നില്ല. ഇതോടെ, പ്രതിസന്ധിയിലായ പ്രവാസികൾ തുടർച്ചയായി ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ വൈകുന്നേരത്തോടെ മൂന്നാം ഡോസ് വിവരങ്ങൾ നൽകണമെന്ന നിബന്ധന ഒഴിവാക്കിയത്.
ആരോഗ്യ മന്ത്രാലയ സിസ്റ്റം അപ്ഡേറ്റ് ചെയ്തപ്പോഴുണ്ടായ സാങ്കേതിക പ്രശ്നമാണ് ഉണ്ടായതെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് ഡോസ് വാക്സിൻ വിവരങ്ങൾ നൽകി തവക്കൽന അപ്ഡേറ്റിന് വേണ്ടി സഊദി ആരോഗ്യ മന്ത്രാലയത്തിൽ അപേക്ഷിക്കാനാകും. മൂന്നാം ഡോസ് വിവരങ്ങൾ നൽകാനുള്ള ഓപ്ഷൻ ഉണ്ടെങ്കിലും അത് പൂരിപ്പിക്കാതെ തന്നെ വൈകുന്നേരം മുതൽ സബ്‌മിറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്.
Comments are closed for this post.