കോഴിക്കോട്: താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ കാംപയിനിന്റെ ഭാഗമായി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ഫെബ്രുവരി ഒന്ന് മുതല്‍ വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും. ഹരിതകര്‍മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിര്‍മാര്‍ജനത്തിന് വിശദമായ ഡി.പി.ആര്‍. തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ബീന തങ്കച്ചന്‍ അധ്യക്ഷയായി.
Comments are closed for this post.