കൊച്ചി: സോളാര്‍ പീഡനപരാതിക്കു പിന്നിലെ ഗൂഢാലോചനയിലെ സി.പി.എം ബന്ധം തുറന്നുപറഞ്ഞ് ദല്ലാള്‍ നന്ദകുമാര്‍ രംഗത്ത്. പരാതിക്കാരിയുടെ കത്ത് സംഘടിപ്പിച്ചത് വി.എസ് പറഞ്ഞിട്ടാണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ പിണറായിയെ ധരിപ്പിച്ചിരുന്നുവെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്.
എ.കെ.ജി സെന്ററിനടുത്തുള്ള ഫഌറ്റില്‍ വെച്ചാണ് പിണറായി വിജയനെ കണ്ടത്. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും ആഗ്രഹിച്ചു. ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായത്. സോളാര്‍ വിവാദവും പെരുമ്പാവൂര്‍ നിയമവിദ്യാര്‍ഥിയുടെ മരണവും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായ കലാപവും അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരന്‍ ഉയര്‍ത്തിയ വിവാദങ്ങളുമാണ് എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. കേരളത്തിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ഉണ്ടാക്കിയ കലാപം എല്‍.ഡി.എഫ് മുതലാക്കി. അതില്‍ എന്താണ് തെറ്റെന്നും നന്ദകുമാര്‍ ചോദിച്ചു.
പിണറായി വിജയന്‍ തന്നെ മുറിയില്‍നിന്ന് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. ”കേരള ഹൗസില്‍ വിഎസിന്റെ മുറിയുടെ ബെല്ലടിച്ചപ്പോള്‍ മാറിപ്പോയി. അത് പിണറായിയുടെ മുറിയായിരുന്നു. അപ്പോള്‍, നിങ്ങളെന്താണ് കാണിക്കുന്നതെന്നു പിണറായി ചോദിച്ചു. അത്രമാത്രമേ ഉണ്ടായുള്ളു. എന്നെ ഇറക്കിവിട്ടിട്ടില്ല” നന്ദകുമാര്‍ പറഞ്ഞു.
19 പേജും 25 പേജുമുള്ള രണ്ട് കത്തുകള്‍ തന്റെ കൈവശം ഉണ്ടായിരുന്നുവെന്നും അതില്‍ 25 പേജ് വരുന്ന കത്തില്‍ വ്യക്തവും കൃത്യവുമായി ഉമ്മന്‍ചാണ്ടിയുടെ പേര് ഉള്‍പ്പെട്ടിരുന്നുെവന്നും നന്ദകുമാര്‍ പറയുന്നു. താന്‍ ഗൂഢാലോചന നടത്തിയെന്നും കത്ത് കെട്ടിച്ചമച്ചുവെന്നുമുള്ള തരത്തിലാണ് ആരോപണം. പിണറായി അധികാരമേറ്റ് മൂന്ന് മാസം കഴിഞ്ഞ ശേഷമാണ് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കിയത്. അതില്‍ തനിക്ക് പങ്കില്ലെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.