2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ഓര്‍മ്മയുടെ കദനക്കടലില്‍

എം.പി അബ്ദു സമദ് സമദാനി

 

നിര്‍വചനങ്ങളിലും വ്യാഖ്യാനങ്ങളിലും വിശദീകരണങ്ങളിലും ഒതുങ്ങി നില്‍ക്കാത്ത വിശാലതയും സമഗ്രതയുമായിരുന്നു സമാദരണീയനും സ്‌നേഹ നിധിയുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. ഗണിതത്തെക്കാള്‍ കവിതയായിരുന്നു തങ്ങളുടെ ജീവിതത്തെ നിശ്ചയിച്ചിരുന്നത്. ജീവിതം തന്നെയാണ് മരണത്തിന്റെയും മരണാനന്തര സ്ഥിതിവിശേഷങ്ങളുടെയും സ്വഭാവങ്ങളെ നിര്‍ണയിക്കുന്നത്. ജീവിതത്തില്‍ എല്ലാവരെയും സ്‌നേഹിക്കുകയും എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ സകല ജനങ്ങളും കേണുകരഞ്ഞു. ജീവിതത്തിലെ ഐക്യബിന്ദു, നിര്യാണത്തിലും എക്യബിന്ദുവായി ശോഭിച്ചു. ഹൃദയ വീഥികളെ ദീപ്തമാക്കി കടന്നുപോയ ഈ മുസാഫിര്‍ ഹൃദയങ്ങളുടെ ചക്രവര്‍ത്തിയായിത്തീര്‍ന്നതില്‍ അത്ഭുതത്തിനവകാശമില്ല. മനുഷ്യന്റെ ഉള്ളിലെ നിമ്‌നോന്നതങ്ങള്‍ അദ്ദേഹം ശരിക്കും ഗ്രഹിച്ചിരുന്നു.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വവുമായി ബന്ധപ്പെട്ട അസാധാരണത്വമാര്‍ന്ന ഒട്ടേറെ സവിശേഷതകളുണ്ട്. കൃത്രിമമായി പടച്ചുണ്ടാക്കിയ നേതൃത്വമായിരുന്നില്ല അത്. മഹത്തുക്കളായ നേതാക്കള്‍ നിയോഗം പോലെ പിറവിയെടുക്കുകയും അവര്‍ പോലും അറിയാതെ നേതൃസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന പ്രസ്താവം ഇവിടെ പൂര്‍ണമായും അന്വര്‍ഥമാവുകയാണ്. ഊതിവീര്‍പ്പിച്ച ബലൂണുകള്‍ പോലെ നേതാക്കളെ ഉണ്ടാക്കിയെടുക്കുകയും അനുഭവത്തിന്റെ ഒരു നേരിയ സൂചിമുനയുടെ സ്പര്‍ശം സംഭവിക്കുമ്പോഴേക്കും അത്തരം നേതാക്കള്‍ സ്വയം തകര്‍ന്ന് ശൂന്യതയെ പ്രാപിക്കുകയും ചെയ്യുന്ന ഇക്കാലത്ത് കൃത്രിമത്വത്തിന്റെ നേരിയ അംശംപോലും ഏശാതെനിന്ന ആ പദവിക്കും അതിന്റെ ഉടമക്കും വിസ്മയകരമായ മഹാത്മ്യമുണ്ട്. തലമുറകളുടെ ജീവിതചര്യയുടെയും ധര്‍മ നിഷ്ഠയുടെയും ആത്മാര്‍ഥതയുടെയും നിഷ്‌കളങ്കതയുടെയും താപത്തില്‍ കിളിര്‍ത്തതാണത്.

സയ്യിദ് ശിഹാബ് തങ്ങളുടെ മുന്‍ഗാമികളായ മഹത്തുക്കള്‍ അതത് കാലത്തെ സമൂഹങ്ങളുടെ സ്‌നേഹം നുകര്‍ന്ന നായകാരായിരുന്നു. വൈദേശിക മേല്‍ക്കോയ്മയുടെ ഭീകരമായ നാളുകളില്‍ പരമശാന്തരായ ആ സാത്വികര്‍ ശാന്തി കൈവിടാതെ തന്നെ പോരാളിയാവുകയും പോര്‍ നയിക്കുകയും ചെയ്തു.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന ഉത്കൃഷ്ട സന്താനം പൂക്കോയ തങ്ങളുടെ പൂവാടിയില്‍ അതുല്യ കാന്തിയോടെ വിടര്‍ന്നു പരിലസിച്ചു. പൂര്‍വപിതാക്കളുടെ, നിര്‍മല വ്യക്തിത്വങ്ങളുടെ സകലമലരുകളുടെയും സുഗന്ധ വിശേഷങ്ങള്‍ ആ സൗഗന്ധികത്തില്‍ സന്ധിച്ചു. നിഷ്‌കാമ കര്‍മിയായ വന്ദ്യപിതാവിന്റെ പാതയിലൂടെയാണ് ശിഹാബ് തങ്ങള്‍ സഞ്ചരിച്ചത്. വിശ്രമമെന്തെന്ന് അദ്ദേഹം അറിഞ്ഞില്ല.

‘ജീവിതത്തില്‍ വിശ്രമമില്ല, ഉണ്ടെങ്കില്‍ അതിന്റെ പേരത്രെ മരണം’ എന്ന അല്ലാമ ഇഖ്ബാലിന്റെ കാവ്യമൊഴി ആ ജീവിതത്തില്‍ അക്ഷരം പ്രതി സത്യമായി പുലര്‍ന്നു. ജനങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യനിഷ്ഠയോടെ ചെയ്തുപോന്നു. സ്വന്തം ആരോഗ്യത്തിന്റെയും ആഹാരത്തിന്റെയും കാര്യങ്ങളൊന്നും ഒട്ടുംഗൗനിച്ചില്ല. രോഗാവസ്ഥയിലും വീടിന്റെ വരാന്തയില്‍ വന്നിരുന്ന് സന്ദര്‍ശകരോടൊപ്പം മണിക്കൂറുകള്‍ ചെലവഴിക്കും. വരാന്തയില്‍ ആളെത്തുന്നത് അകത്തെ മുറിയില്‍ കിടക്കുമ്പോഴും ഉള്ളുകൊണ്ട് അദ്ദേഹം അറിഞ്ഞു. അറിഞ്ഞാല്‍ പിന്നെ ഇരിക്കപ്പൊറുതിയില്ല. എഴുന്നേറ്റുപോയി അവരെ സ്വീകരിക്കണം. സങ്കട ഹരജികള്‍ കേള്‍ക്കണം. സാന്ത്വന വഴികള്‍ തീര്‍ക്കണം.

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും രഞ്ജിപ്പിന്റെയും യോജിപ്പിന്റെയും തത്ത്വവും പ്രയോഗവും പഠിപ്പിക്കുകയായിരുന്നു ശിഹാബ് തങ്ങള്‍. വൈരം, വിദ്വേഷം, ശത്രുത, വര്‍ഗീയത തുടങ്ങിയ വികാരങ്ങള്‍ക്കൊന്നും എവിടെയും ഒരിടവും നല്‍കരുതെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഐക്യത്തിന്റെയും സമന്വയത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഉദ്ഗ്രഥനത്തിന്റെയും രാജപാത വെട്ടിത്തെളിയിച്ചും വിഭജനവും വിവേചനവും എത്രമാത്രം ആപല്‍കരമാണെന്ന് ചൂണ്ടിക്കാണിച്ചും സാര്‍വലൗകീകതയുടെ ഒരു ബിന്ദുവിലേക്ക് നയിക്കുന്ന നേതൃത്വ സിദ്ധി അദ്ദേഹം പ്രകടമാക്കി. പൂര്‍വസുകൃതങ്ങള്‍ക്കൊപ്പം ഈജിപ്തിലെ ഉന്നതപഠനമാണ് ശിഹാബ് തങ്ങളുടെ വ്യക്തിത്വത്തെ രൂപകല്‍പന ചെയ്ത പ്രധാന ഘടകം. പുരാതന സംസ്‌കാരത്തിന്റെ വിളനിലമായ ആ നാട്ടിലെ വാസം യുവാവായ തങ്ങളില്‍ അസാധാരണമായ വിശാല വീക്ഷണവും പുരോഗമനേച്ഛയും സംജാതമാക്കി. ഈജിപ്ത്യന്‍ കാലഘട്ടത്തില്‍നിന്ന് സ്വായത്തമാക്കിയ വൈശിഷ്ട്യങ്ങളില്‍ പലതും ജീവിതാന്ത്യംവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.