കണ്ണൂര്‍: സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തലശ്ശേരിയില്‍ രണ്ട് ദിവസം കൂടി നിരോധനാജ്ഞ. ഇവിടെ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യം തുടരുകയാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വ്യക്തമാക്കുന്നത്. നഗരത്തില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച ബിജെപിക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മിഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ വന്‍ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസം കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനത്തില്‍ ബിജെപി – ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തലശ്ശേരി നഗരത്തില്‍ നടത്തിയ പ്രകടനത്തിലെ വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങളാണ് സാഹചര്യം വഷളാക്കിയത്. വിവാദമായതിനെ തുടര്‍ന്ന് കണ്ടാലറിയുന്ന 25 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.
മറുപടിയുമായി കഴിഞ്ഞ ദിവസം മറ്റു പാര്‍ട്ടികളും ടൗണില്‍ മുദ്രാവ്യം വിളിച്ചിരുന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചതോടെയാണ് തലശ്ശേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ആളുകള്‍ അനാവശ്യമായി നഗരത്തിലേക്ക് എത്തരുതെന്നും കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്തിയതിന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പടെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. എസ്ഡിപിഐ- ആര്‍എസ്എസ് സംഘര്‍ഷം ഒഴിവാക്കാന്‍ തലശ്ശേരി മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
Comments are closed for this post.