ഹൈദരാബാദ്: ആർ.എസ്.എസ് റാലിക്ക് അനുമതി നൽകി തെലങ്കാന ഹൈക്കോടതി. നിർമൽ ജില്ലയിലെ ഭൈൻസ ടൗണിൽ ആണ് മാർച്ച് അഞ്ചിന് റാലി നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. നേരത്തെ സമാധാനത്തിന് ഭംഗം വരുമെന്ന് കാണിച്ച് പൊലിസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ആർ.എസ്.എസ്. കോടതിയെ സമീപിക്കുകയായിരുന്നു.
സമാധാനത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്താതെ പരിപാടി നടത്തണമെന്ന വ്യവസ്ഥയോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. മതപരമായ ഏറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന പ്രദേശമാണ് ഭൈൻസ എന്നതിനാൽ തന്നെ കടുത്ത നിബന്ധനകളാണ് ആർ.എസ്.എസ് റാലിക്ക് നിർദേശിച്ചിട്ടുള്ളത്.
റാലിയിൽ പരമാവധി 500 പേർ മാത്രമേ പങ്കെടുക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശം. ക്രിമിനൽ ചരിത്രമില്ലാത്തവർ മാത്രമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത് എന്ന് ഉറപ്പുവരുത്തണം. മുസ്‌ലിം ആരാധനാലയങ്ങളിൽ നിന്ന് 300 മീറ്റർ അകലെ വരെയാണ് റാലിക്ക് അനുമതി. മുസ്‌ലിം പള്ളികൾക്ക് സുരക്ഷയൊരുക്കാനും പൊലിസിന് കോടതിയുടെ നിർദേശമുണ്ട്.
കൂടാതെ, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാനും റാലി സമാധാനപരമായി നടത്താനും സംഘാടകർ ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പ്രകോപനപരമായ മുദ്രാവാക്യങ്ങളോ പ്രസംഗമോ നടത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Comments are closed for this post.