2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പതിനേഴിന്റെ നിറവില്‍ ഫേസ്ബുക്ക്

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ സേവനമായ ഫേസ്ബുക്ക് 17ാം വയസിലേക്ക്. ഫേസ്ബുക്ക്. കോം എന്ന് അറിയപ്പെട്ടിരുന്ന ഈ സേവനം ഒരു പതിറ്റാണ്ടുകാലം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ ഫേസ്ബുക്കിന്റെ വളര്‍ച്ച അമ്പരപ്പിക്കുന്നതായിരുന്നു. വിവാദങ്ങള്‍ ഒന്നും വകവയ്ക്കാതെ  
17ാം വാര്‍ഷിക മാഘോഷിക്കുകയായിരുന്നു ഫെബ്രുവരി നാലിനു ഫേസ്ബുക്ക്. ഇന്ന് ഫേസ് ബുക്കിനെ വെറുമൊരു സമൂഹമാധ്യമം എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, മെസഞ്ചര്‍, ഒക്യുലസ്, ഗിഫി തുടങ്ങി വിജയകരമായി പ്രവര്‍ത്തിക്കുന്ന പല കമ്പനികളുടെയും ഒരു മിശ്രിതമാണ് ഫേസ്ബുക്ക്. കച്ചവടത്തിന്റെ പുതിയ വാതിലുകള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ്. പ്രതിമാസം 250 കോടിയിലേറെ ഫേസ്ബുക്കിന് ആക്ടീവ് യൂസര്‍മാരുണ്ടെന്നു പറയുന്നു. ഇതുതന്നെ എത്ര മികച്ചതാണ് ഈ പ്ലാറ്റ്‌ഫോം വിളിച്ചറിയിക്കുന്നു. പിറന്നാളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിന്റെ സ്ഥാപക മേധാവിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് കമ്പനിയുടെ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും ഭാവിയെയും കുറിച്ച് സംസാരിച്ചു. താന്‍ കമ്പനിയെ എങ്ങനെ കാണുന്നുവെന്നും അതിന്റെ വളര്‍ച്ച എങ്ങനെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 കഴിഞ്ഞ 17 വര്‍ഷത്തിനിടെ കമ്പനിക്കുണ്ടായ നേട്ടങ്ങളില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ഫേസ്ബുക്കിന്റെ ഭാവിയെകുറിച്ച് അതിലേറെ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നു എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം വോട്ടര്‍മാരെക്കുറിച്ച് ഏറ്റവും വലിയ പ്രചാരണവേലകള്‍ നടത്തിയെന്നും അതുവഴി 40 ലക്ഷത്തോളം പേര്‍ക്ക് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാനും സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ സാധിച്ചുവെന്നും സക്കര്‍ബര്‍ഗ് പറയുന്നു.
നിലവില്‍ കമ്പനിയുടെ ഏറ്റവും വലിയ പദ്ധതി ഒരു കമ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കുക എന്നതാണ്. അതുവഴി വിവിധ സമൂഹങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാനും ലോകത്തുള്ള എല്ലാവര്‍ക്കും അര്‍ഥവത്തായ ജീവിതം നയിക്കാന്‍ കഴിയുമെന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. വാട്‌സാപ്പിലും മെസഞ്ചറിലും സ്വകാര്യത ഉറപ്പാക്കാനായി വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഈ അടിത്തറയ്ക്കു മുകളില്‍ തങ്ങള്‍ ഗ്രൂപ്പുകള്‍, വിഡിയോ കോളിങ്ങ്, പണമടയ്ക്കല്‍, കോ വാച്ചിങ് തുടങ്ങിയ സ്വകാര്യമായ ടൂളുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല. 
ബിസിനസ് സമൂഹത്തിനായി വിവിധ ടൂളുകള്‍ നിര്‍മിച്ചുവരികയാണെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. തങ്ങള്‍ 200 ദശലക്ഷത്തിലേറെ ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്കുള്ള ടൂളുകളും നിര്‍മിച്ചുവരികയാണ്. ഇത്തരം ടൂളുകള്‍ വന്‍കിട കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ ഫേസ്ബുക്ക് വഴിയും ഇന്‍സ്റ്റഗ്രാം വഴിയും വിറ്റഴിക്കാന്‍ സാധിക്കുമെന്നും പറയുന്നു. പ്രാദേശിക കടകള്‍ അടഞ്ഞുകിടക്കുന്ന അവസരങ്ങളില്‍ പോലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ചെറുകിട ബിസിനസുകാര്‍ക്കു ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
ഓഗ്മെന്റഡ് റിയാലിറ്റിയുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും പിന്‍ബലമുള്ള ഒരു കംപ്യൂട്ടിങ്ങ് പ്ലാറ്റ് ഫോം തങ്ങള്‍ അവതരിപ്പിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു. ഇത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുതിയ മാതൃകയായിരിക്കുമന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കിലെ കണ്ടെന്റിനെ പറ്റി അന്തിമ തീരുമാനം എടുക്കാന്‍ ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ഓവര്‍ സൈറ്റ് പോല സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ അനുവദിക്കുന്ന അധികാരസ്ഥാനങ്ങള്‍ വരും വര്‍ഷങ്ങളില്‍ കമ്പനി നടപ്പാക്കുമെന്നും അറിയിച്ചു. 
ഭാവിയെക്കുറിച്ചു സംസാരിച്ച സക്കര്‍ബര്‍ഗ് പറഞ്ഞത് തങ്ങള്‍ ഈ വര്‍ഷം കൊവിഡ് 19 വാക്‌സിനെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്ക് വ്യാപകമായ പ്രചാരണം നല്‍കുന്നതായിരിക്കും. അതുവഴി മഹാമാരിയെ ചരിത്രത്തിലേക്കു തള്ളാന്‍ ലോകത്തിനു സാധിക്കുമെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ഈ വേളയില്‍ കമ്പനി ഒരു കസ്റ്റം ആനിമേറ്റഡ് വേഡ്മാര്‍ക്കും പങ്കുവച്ചിട്ടുണ്ട്. 
 
 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News