2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ചാറ്റുകള്‍ മുഖാമുഖം പറയുന്നത് പോലെ സുരക്ഷിതം; അറിയാം വാട്‌സ് ആപ്പിന്റെ പുതിയ സുരക്ഷാ ഫീച്ചറുകള്‍

new feature introduce whatsapp

യൂസര്‍മാര്‍ക്കായി മൂന്ന് മികച്ച സുരക്ഷാ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റാ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അവരുടെ സന്ദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നതിനും സ്വകാര്യത നിലവാരം ഉയര്‍ത്തുന്നതുമാണ് പുതിയ ഫീച്ചറുകള്‍. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്‍’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതിയ സെക്യൂരിറ്റി ഫീച്ചറുകള്‍. സംഭാഷണങ്ങള്‍ മുഖാമുഖ ചര്‍ച്ചകള്‍ പോലെ സുരക്ഷിതമാക്കുക എന്നതാണ് സന്ദേശമയയ്ക്കല്‍ ആപ്പ് ലക്ഷ്യമിടുന്നത്, അപ്ഡേറ്റുകള്‍ ക്രമേണ പുറത്തുവരും, ചിലത് പശ്ചാത്തലത്തില്‍ സ്വയമേവ നടക്കുന്നുമുണ്ട്.
ഈ മൂന്ന് സവിശേഷതകളെ കുറിച്ച് അറിയാം.

അക്കൗണ്ട് പ്രൊട്ടക്റ്റ്:
വാട്ട്സ്ആപ്പ് അക്കൗണ്ട് പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറ്റുമ്പോള്‍ അത് ചെയ്യുന്നത് ഉടമയായ നിങ്ങള്‍ തന്നെയാണോ എന്ന് പരിശോധിച്ചുറപ്പിക്കാനായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന ഫീച്ചറാണിത്. ഇനി നിങ്ങളുടെ അക്കൗണ്ട് പുതിയ ഡിവൈസിലേക്ക് മാറ്റുമ്പോള്‍ പഴയ ഫോണില്‍ ഒരു സന്ദേശം ലഭിക്കും. അവിടെ സമ്മതം കൊടുത്താല്‍ മാത്രമേ പുതിയ ഫോണിലേക്ക് സന്ദേശങ്ങളും ഫയലുകളും നീക്കാന്‍ സാധിക്കുകയുള്ളൂ.

ഡിവൈസ് വെരിഫിക്കേഷന്‍:
മൊബൈലുകളെ ബാധിക്കുന്ന മാല്‍വെയറുകള്‍ ഇന്ന് ആളുകളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഏറ്റവും വലിയ ഭീഷണിയാണ്. കാരണം അതിന് നിങ്ങളുടെ അനുമതിയില്ലാതെ ഫോണില്‍ പ്രവേശിക്കാനും അനാവശ്യ സന്ദേശങ്ങള്‍ അയയ്ക്കാനായി നിങ്ങളുടെ വാട്‌സ്ആപ്പ് ഉപയോഗിക്കാനും സാധിക്കും. അത് തടയുന്നതിനായാണ് വാട്‌സ്ആപ്പ് ഡിവൈസ് വെരിഫിക്കേഷന്‍ എന്ന ഫീച്ചര്‍ അവതരിപ്പിക്കുന്നത്.

   

നിങ്ങളുടെ അക്കൗണ്ട് ആധികാരികമാക്കാന്‍ സഹായിക്കുന്ന ചെക്കുകള്‍ ആപ്പില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. അതായത്, നിങ്ങളുടെ ഉപകരങ്ങള്‍ മാല്‍വെയറുകള്‍ കൈയ്യടക്കിയാല്‍ പോലും സുരക്ഷയ്ക്കായി യൂസര്‍മാര്‍ ഒന്നും ചെയ്യേണ്ടതില്ല. ആപ്പ് തന്നെ അക്കൗണ്ട് സുരക്ഷിതമാക്കും.

ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍
നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളുമായി തന്നെയാണ് ചാറ്റ് ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ വാട്‌സ്ആപ്പ് കോണ്‍ടാക്ടിലുള്ള ഏതെങ്കിലും വ്യക്തിയുടെ ചാറ്റ് ബോക്‌സ് എടുത്ത് അവരുടെ കോണ്‍ടാക്ട് ഇന്‍ഫോ പേജില്‍ പോയി എന്‍ക്രിപ്ഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍, അതില്‍ ഒരു ക്യൂ ആര്‍ കോഡും 60 നമ്പറുകളും കാണാന്‍ സാധിക്കും.

സ്വീകര്‍ത്താവിന്റെ ഫോണ്‍ ഉപയോഗിച്ച് ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ അല്ലെങ്കില്‍ 60-ഡിജിറ്റ് കോഡ് അയച്ചുകൊടുത്തോ യൂസര്‍മാര്‍ക്ക് എന്‍ക്രിപ്ഷന്‍ പരിശോധിക്കാനുള്ള ഓപ്ഷനാണ് വാട്‌സ്ആപ്പ് ഇതുവരെ നല്‍കിയിരുന്നത്. എന്നാല്‍, ഇനിമുതല്‍ അങ്ങനെ ബുദ്ധിമുട്ടേണ്ടതില്ല.

ദൈര്‍ഘ്യമേറിയ കോഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായ കണക്ഷനാണോ എന്ന് പരിശോധിക്കുന്നതിനായി വാട്‌സ്ആപ്പ് ഇപ്പോള്‍ പുതിയ ക്രിപ്റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുന്നുണ്ട്.

കോണ്‍ടാക്റ്റുകളുടെ സുരക്ഷാ കോഡുകള്‍ സ്വയമേവ പരിശോധിച്ച് അവ പൊരുത്തപ്പെടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചര്‍. കോണ്‍ടാക്ട് ഇന്‍ഫോയിലെ എന്‍ക്രിപ്ഷന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് അത് പരിശോധിക്കാം.

വാട്ട്സ്ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്ന വെബ്സൈറ്റായ വാബെറ്റൈന്‍ഫോ പറയുന്നതനുസരിച്ച്, പുതിയ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ.

പുതിയ ഫീച്ചര്‍ ആക്സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ അവരുടെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയ കോണ്‍ടാക്ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറിലേക്ക് ആക്സസ് ഉണ്ടായിരിക്കില്ല, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.