2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മൂന്നാമത്തെ ദിവസം മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു; ബി.ജെ.പി പാളയം വിട്ടത് 9 എം.എല്‍.എമാര്‍

ലഖ്‌നോ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയാകുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രി വ്യാഴാഴ്ച രാജിവെച്ചു. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.

മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് രാജി വെക്കുന്ന ഭൂരിപക്ഷം എം.എല്‍എമാരും.

നിലവില്‍ ബി.ജെ.പിയില്‍ നിന്ന് ഒന്‍പത് എം.എല്‍.എമാരാണ് രാജിവെച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗക്കാരെ തീര്‍ത്തും അവഗണിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അറിയുന്നത്.

മൗര്യയും അനുയായികളും എസ്പിയില്‍ ചേരുമെന്നാണു കരുതുന്നതെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്ത സമയത്തുള്ള ഈ രാജി പരമ്പര അക്ഷരാര്‍ത്ഥത്തില്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ് ബി.ജെ.പിക്ക്.

എം.എല്‍.എയായ അവതാര്‍ സിംഗ് ഭദാന ബുധനാഴ്ച പാര്‍ട്ടി വിട്ട് എസ്.പി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എം.എല്‍.എമാരായ തിന്‍ഡ്വാരിയുടെ ബ്രജേഷ് പ്രജാപതി, റോഷന്‍ ലാല്‍ വര്‍മ്മ, ഭഗവതി സാഗര്‍ എന്നിവര്‍ പാര്‍ട്ടി വിടുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഉത്തര്‍പ്രദേശിലെ രണ്ട് എം.എല്‍.എമാരായ കോണ്‍ഗ്രസില്‍ നിന്നുള്ള നരേഷ് സൈനിയും എസ്.പിയില്‍ നിന്നുള്ള ഹരി ഓം യാദവും ബുധനാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.